'ഉയിർ' കേട്ടപ്പോൾ തന്നെ ഞാൻ ഇമോഷണലി ഇൻവെസ്റ്റേഡ് ആയി: റോഷൻ മാത്യു

Wait 5 sec.

ഉയിർ സിനിമയുടെ ഭാഗമാകാനുള്ള കാരണം വ്യക്തമാക്കി നടൻ റോഷൻ മാത്യു. എം. പത്മകുമാർ ഒരിക്കൽ തനിക്ക് ഈ സിനിമയ്ക്ക് ആധാരമായ യഥാർത്ഥ സംഭവത്തിന്റെ ആർട്ടിക്കിൾ അയച്ചു തരികയും, അത് പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്താലോ എന്ന് ചോദിക്കുകയുമായിരുന്നു. പിന്നീട് ആ സംഭവത്തിന്റെ പൂർണ്ണ വിവരങ്ങൾ താൻ ചോദിച്ചറിയുകയും, തന്നെ അത് ഇമോഷണലി ഏറെ ഹുക്ക് ചെയ്യുകയുമായിരുന്നു എന്ന് റോഷൻ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റോഷൻ മാത്യു.'പപ്പേട്ടൻ ഈ കഥയുമായി ബന്ധപ്പെട്ട് യഥാർത്ഥത്തിൽ നടന്ന സംഭവത്തെ കുറിച്ചുള്ള ഒരു ആർട്ടിക്കിൾ അയച്ചു തന്നിട്ട്, ഇതിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്താൽ എങ്ങനെയുണ്ടാകും എന്ന് ചോദിക്കുകയായിരുന്നു. പിന്നീട് സി.ഐ അൻഷാദ് സാർ ഈ കഥ പൂർണ്ണമായി പറഞ്ഞു തന്നു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളായതിനാൽ തന്നെ കേട്ടപ്പോൾ തന്നെ ഞാൻ ഇമോഷണലി ഇൻവെസ്റ്റേഡ് ആയി. ഇത് കഴിഞ്ഞുപോയ സംഭവമല്ല, അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇപ്പോഴും നടക്കുന്ന കാര്യമാണ്. അത് കേട്ടപ്പോൾ തന്നെ ഇത് ചെയ്യാമെന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു,' റോഷൻ മാത്യു പറഞ്ഞു.അതേസമയം ഉയിർ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കണ്ണൂർ ജില്ലയിലെ ധർമടം പൊലീസ് സ്റ്റേഷനിൽ പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ അജീബ് എന്ന കഥാപാത്രത്തെയാണ് റോഷൻ മാത്യു അവതരിപ്പിക്കുന്നത്. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത് ടെലിവിഷൻ രംഗത്ത് മലയാളികൾക്ക് ഏറെ പ്രിയങ്കരനും ഗായകനുമായ നിഖിൽ കെ. മേനോനും, ‘ഇല വീഴാ പൂഞ്ചിറ’യുടെ സഹ എഴുത്തുകാരനും പോലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും ചേർന്നാണ്.റോഷനൊപ്പം ബൈജു സന്തോഷ്‌ ഒരു മുഴുനീള കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. വിനീത് തട്ടിൽ, ദിവ്യ എം നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ദിവ്യ എം നായർ, ലവിന ഇസ്രാനി, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ബോളിവുഡിലെ പ്രമുഖ അഭിനേതാക്കളായ സയാമി ഖേർ, മഹേഷ്‌ ഷെട്ടി എന്നിവരും ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൂർഗ്ഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നിങ്ങനെ 5 വ്യത്യസ്ത ലൊക്കേഷനുകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.