കോഴിക്കോട് | ഈ മാസം 13, 14,15 തിയ്യതികളില്‍ കോഴിക്കോട്ടു നടക്കുന്ന സി പി എം വിപുലീകൃത സംസ്ഥാന സമിതിയില്‍ നേതൃത്വത്തിനെതിരായ സംഘടിത നീക്കം ഒഴിവാക്കാന്‍ മുന്‍കരുതലുമായി സംസ്ഥാന നേതൃത്വം. വിഭാഗീയതയുടെ കാലത്ത് പാര്‍ട്ടിയില്‍ നടന്നതുപോലുള്ള ആസൂത്രിതമായ നീക്കങ്ങള്‍ യോഗത്തില്‍ നടക്കാതിരിക്കാനാണ് മുന്‍കരുതല്‍. നിലവില്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ഐക്യം തകരുന്ന തരത്തില്‍ ചേരികള്‍ രൂപപ്പെടാതിരിക്കാനുള്ള മുന്‍കരുതലാണ് നടക്കുന്നത്.പാര്‍ട്ടി സംസ്ഥാന സമിതി അംഗങ്ങള്‍ക്ക് പുറമേ ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളും വര്‍ഗ്ഗ ബഹുജന സംഘടനാ സംസ്ഥാനപ്രതിനിധികളും ഉള്‍പ്പെടെ 300 ഓളം പേരാണ് വിശാല സംസ്ഥാന സമിതിയില്‍ പങ്കെടുക്കുക. ഭരണത്തിനു നേതൃത്വം നല്‍കിയ പിണറായി വിജയനും സര്‍ക്കാറിനെ നിയന്ത്രിക്കേണ്ട പാര്‍ട്ടിയെ നയിച്ച എം വി ഗോവിന്ദനും കടുത്ത വീഴ്ച സംഭവിച്ചു എന്നതിനാല്‍ ഇവരെ മുന്‍നിര്‍ത്തി ശക്തമായ ചര്‍ച്ചകള്‍ ഉയര്‍ന്നേക്കുമെന്നതിനാല്‍ ഇത് വിഭാഗീയ നീക്കമായി മാറാതിരിക്കാനാണ് മുന്‍കരുതല്‍. കരിമണല്‍ കര്‍ത്തയില്‍ നിന്ന് വീണ പണം കൈപ്പറ്റിയതു പാര്‍ട്ടിക്കുണ്ടാക്കിയ ആഘാതവും എം വി ഗോവിന്ദന്റെ ഭാര്യ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിലൂടെ ഉണ്ടായ തിരിച്ചടിയും ഉള്‍പ്പെടെ ഉള്ള വിമര്‍ശനങ്ങള്‍ വ്യക്തി കേന്ദ്രീകൃതമായി പരിണമിക്കാതിരിക്കാനാണ് ജാഗ്രത പുലര്‍ത്തുന്നത്.നേതൃത്വത്തിനെതിരെ കടന്നാക്രമണത്തിന് സാധ്യതയുള്ള ജില്ലകളിലെ നേതാക്കളുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ അതിരുവിടാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ച അടക്കം ജില്ലാ സംസ്ഥാന നേതൃത്വങ്ങളുടെ വീഴ്ച വ്യക്തമാക്കിയുളള കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് ആയുധമാക്കി പാര്‍ട്ടിയില്‍ അടിമുടി പൊളിച്ചെഴുത്തെന്ന ചര്‍ച്ചകള്‍ക്കു മേല്‍ക്കൈ വരുന്നതിനെതിരെയും നേതൃത്വം ജാഗ്രത പാലിക്കുന്നുണ്ട്. Content Highlights:CPM leadership prepares precautions to prevent organized opposition during the Kozhikode state committee meeting. Discussions will focus on election setbacks, leadership lapses, and controversy around leaders. Party aims to maintain unity and prevent factionalism from disrupting proceedings.