അവർ വഴിതെറ്റുന്നതെങ്ങനെ?

Wait 5 sec.

ഈയടുത്താണ് നടുക്കുന്ന ആ വാർത്ത ചാനലുകൾ ‘ഫ്ലാഷ്​ ന്യൂസ്​’ ആയി സംപ്രേഷണം ചെയ്തത്​​. ആദ്യമാദ്യം ഒരു വയോധികന്റെ കൊലപാതകം എന്നായിരുന്നു വാർത്തയെങ്കിലും​ മണിക്കൂറുകൾ കഴിഞ്ഞതോടെ അത്​ കൊല്ലപ്പെട്ടയാളുടെ 13 കാരിയായ കൊച്ചുമകൾ നൽകിയ ‘ക്വട്ടേഷന്‍’ ആണെന്നും കൊല നടത്തിയത്​ പ്രായപൂർത്തിയാകാത്ത മൂന്ന്​ ആൺകുട്ടികൾ ചേർന്നാണെന്നും മറ്റുമുള്ള വിശദാംശങ്ങൾ പുറത്തുവന്നു.പോലീസിന്റെ പിടിയിലായ പരവൂര്‍ സ്വദേശികളായ ഈ കുട്ടി ‘​​​ക്രിമിനലുകൾ’ പറഞ്ഞ യാഥാർഥ്യങ്ങൾ കേട്ടിട്ടായിരുന്നു സത്യത്തിൽ സമൂഹ മനസ്സാക്ഷി ഞെട്ടിയത്​.ആലപ്പുഴ കരുവാറ്റയില്‍ വയോധികനായ ശിവന്‍കുട്ടിയായിരുന്നു കൊലചെയ്യപ്പെട്ടത്​. കൊച്ചുമകളായ പെണ്‍കുട്ടിയുടെ ഫോണിലുള്ള വിവരങ്ങൾ പിൻതുടർന്നാണ് പോലീസ് പ്രതികളിൽ എത്തിച്ചേർന്നത്​. തുടർന്ന്​ നടത്തിയ ചോദ്യം ചെയ്യലിൽ അവിശ്വസനീയമായ സംഭവങ്ങളുടെ ചുരുളുകളാണ്​ അഴിഞ്ഞത്​.പെൺകുട്ടിക്ക്​ ഐ ഫോണും മറ്റ്​ മൂന്നുപേർക്കും ബൈക്കുകളും വാങ്ങുന്നതിന്​ വേണ്ടിയായിരുന്നുവത്രെ ഈ അരുംകൊല നടത്തിയത്​. കൊല്ലത്തുനിന്നും ട്രെയിനിലെത്തിയ മൂന്നംഗ സംഘത്തിന്​, വീട്ടിൽ ശിവൻകുട്ടി ഒറ്റയ്ക്കാണെന്ന വിവരം നൽകിയത്​ കൊച്ചുമകൾതന്നെയായിരുന്നു. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട്​ ഭാര്യയും മകളും ആശുപത്രിയിലായതിനാലാണ്​ അയാളന്ന്​ വീട്ടിൽ ഒറ്റക്കായത്​.തുടക്കത്തില്‍, വീടിനു മുകളില്‍ കയറി ഓടിളക്കി അതുവഴി ഉറങ്ങിക്കിടക്കുന്ന ശിവൻകുട്ടിയുടെ തലയിൽ വലിയ കല്ലിട്ടു കൊലപ്പെടുത്താനായിരുന്നു സംഘം ആദ്യം തീരുമാനിച്ചത്​. നേരിട്ടുള്ള കൊലപാതകം ഒഴിവാക്കാനായിരുന്നു ഇത്​. എന്നാൽ വീടിന് മച്ചുള്ളതിനാല്‍ ആ പദ്ധതി പൊളിഞ്ഞു. പിന്നീട്​ ടോയ്​ലറ്റിന്റെ വെന്റിലേറ്ററിലൂടെ അകത്തുകടന്ന പ്രതികള്‍, ഉറങ്ങിക്കിടന്ന ശിവന്‍കുട്ടിയെ തലയ്ക്കടിച്ചു വീഴ്ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെ പോലീസ്​ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്​.ഈ വാർത്തകൾ തെല്ലൊരാശ്ചര്യത്തോടെയാണ്​ മലയാളികൾ കേട്ടതും വായിച്ചതും. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക്​ ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യാനാകുമോ എന്നായിരുന്നു എല്ലാവരുടെയും സംശയം. തികച്ചും സ്വാഭാവികമായ സംശയം. എന്നാൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ, കൊലപാതകം നടത്താൻ പ്രതികള്‍ക്ക് പ്രചോദനമായത് 2017ല്‍ പുറത്തിറങ്ങിയ ‘സ്‌പൈഡര്‍’ എന്ന തമിഴ് സിനിമയാണെന്ന് വെളിപ്പെട്ടു. ശിവൻകുട്ടിയെ വിഷം കൊടുത്ത്​ കൊല്ലുന്നതിനെക്കുറിച്ചും വാഹനാപകടത്തില്‍പ്പെടുത്തുന്നതിനെക്കുറിച്ചുമുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ച്​ ചർച്ച ചെയ്തിരുന്നതായി പ്രതികൾ പോലീസിനോട്​ സമ്മതിച്ചു. കൂടാതെ പോലീസ്​ നായ മണംപിടിക്കാതിരിക്കാൻ വീടാകെ മുളകുപൊടി വിതറിയതും സിനിമയിൽ നിന്ന് കണ്ട്​ പഠിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്​.കുരുന്നുകളുടെ വില്ലന്മാർസമൂഹത്തിൽ കൊലപാതകം, അക്രമങ്ങൾ, ലഹരിയുപയോഗം എന്നിവ വർധിക്കുന്നതിനുള്ള ഒരു കാരണമായി സിനിമകളിൽ ധാരാളമായി പ്രത്യക്ഷപ്പെടുന്ന ഇത്തരം രംഗങ്ങളെ ചുണ്ടിക്കാണിക്കാറുണ്ട്​. തങ്ങളുടെ ഇഷ്ട കഥാപാത്രങ്ങളായ സിനിമാതാരങ്ങൾ നായകന്റെയും വില്ല​ന്റെയും വേഷത്തിൽ സ്ക്രീനിൽ കാണിക്കുന്ന ഇതുപോലുള്ള രംഗങ്ങൾ അനുകരിക്കാനും സ്വന്തം ജീവിതത്തിൽ പകർത്താനും പ്രേക്ഷകർക്ക്​ പ്രചോദനമാകാറ​ുണ്ട്​ എന്നത്​ ഒരു സത്യമാണ്​. പ്രത്യേകിച്ച്​ കുട്ടികൾക്കും കൗമാരക്കാർക്കും.മലയാളത്തിൽ മൂന്ന്​ ഭാഗങ്ങളായി ഇറങ്ങിയ ‘ദൃശ്യം’ എന്ന സിനിമയുടെ സ്വാധീനം പിന്നീടുണ്ടായ കുറ്റകൃത്യങ്ങളെ സ്വാധീനിച്ചതായി പോലീസ്​ ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്​. സിനിമക്കു പുറമെ മറ്റു പല ഘടകങ്ങളും കുട്ടികൾക്കിടയിൽ അക്രമത്തിന് സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാൽ ലഹരിയുപയോഗത്തിന്റെ കാര്യത്തിൽ സിനിമകൾ നല്ല വ്യക്​തിത്വമുള്ള കുട്ടികളെപ്പോലും വഴിതെറ്റിക്കാറുണ്ട്​.എന്തുകൊണ്ട്​ ഈ ക്രൂരകൃത്യങ്ങൾ?നിരന്തരമായ കുറ്റകൃത്യങ്ങൾ നടത്തി ജയിലിൽ കഴിയുന്ന വ്യക്തികളിൽ നടത്തിയ നിരവധി പഠനങ്ങളിൽ അവരുടെ കുട്ടിക്കാലം സ്​നേഹരഹിതവും സംഘർഷഭരിതവുമായിരുന്നു എന്ന്​ കണ്ടെത്തിയിട്ടുണ്ട്​. കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളും മാതാപിതാക്കൾ തമ്മിലുള്ള നിരന്തരമായ കലഹങ്ങളും കുട്ടികളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും അത്​ ക്രമേണ ചില കുട്ടികളിൽ കുറ്റവാസന രൂപപ്പെടാനുള്ള കാരണമാകുമെന്നും വൈദ്യശാസ്​ത്രം മുന്നറിയിപ്പ്​ നൽകുന്നുണ്ട്. കുട്ടിക്കാലത്ത് കുഞ്ഞുമനസ്സിന് ലഭിക്കേണ്ട സുരക്ഷിതത്വബോധവും (emotional security) സ്നേഹവും ഇല്ലാതാകുന്നത് വഴി അവരിൽ കടുത്ത ആശങ്ക (anxiety), വിഷാദം, ഒറ്റപ്പെടൽ എന്നിവ ഉണ്ടാകുമെന്നും മനശ്ശാസ്​ത്രജ്ഞന്മാർ മുന്നറിയിപ്പ്​ നൽകുന്നു​.വീടും കുടുംബവും നൽകുന്ന സുരക്ഷിതകേന്ദ്രം തകരുമ്പോൾ കുട്ടികൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുകയും, അവർ സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ ഉൾവലിയുകയോ അല്ലെങ്കിൽ അമിതമായ വൈകാരിക പ്രകടനങ്ങൾക്ക്​ വിധേയരാവുകയോ ചെയ്യുന്നു. കൂടാതെ മാതാപിതാക്കളുടെ വേർപിരിയൽ പലപ്പോഴും കുട്ടികളിൽ അപകർഷതാബോധവും ഭാവിയെക്കുറിച്ചുള്ള ഭയവും വളർത്തുന്നുണ്ട്​. ഇതെല്ലാം ചേർന്ന്​ കുട്ടികളിൽ കുറ്റവാസന (juvenile delinquency) രൂപപ്പെടാനുള്ള സാധ്യത വർധിക്കുകയാണ്​.കൂടാതെ തങ്ങൾക്ക് കിട്ടാത്ത ശ്രദ്ധയും അംഗീകാരവും ലഭിക്കുന്നതിനായി അവർ ലഹരിവസ്തുക്കളിലേക്ക് തിരിയുകയോ കുറ്റവാളികളുമായുള്ള കൂട്ടുകെട്ടുകളിൽ പെട്ടുപോവുകയോ ചെയ്യുന്നു. കുടുംബത്തിലെ തകർച്ച സൃഷ്ടിച്ച വൈകാരികമായ ശൂന്യത നികത്താനും, തങ്ങളനുഭവിക്കേണ്ടിവന്ന അനീതിയോടുള്ള പ്രതികരണമായും അവരിൽ സമൂഹികവിരുദ്ധ മനോഭാവം (antisocial behavior) വളർന്നു വരാനും ഇത് കാരണമാകുന്നുണ്ട്​.മാറ്റങ്ങൾ മസ്തിഷ്കത്തിലുംസമൂഹത്തിലെ കൊടും കുറ്റവാളികളുടെ മാനസികാവസ്ഥയെക്കുറിച്ച്​ ആഗോളതലത്തിൽ തന്നെ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്​. അതിലൊന്നാണ്​ സൈക്കോപതി (Psychopathy) എന്ന്​ വിശേഷിപ്പിക്കുന്ന മാനസികാവസ്ഥയെക്കുറിച്ചുള്ള ഗവേഷണങ്ങൾ. മനശ്ശാസ്​ത്രത്തിൽ ഇതിനെ ഒരു വ്യക്തിയുടെ വ്യക്തിത്വ വൈകല്യമായാണ് (Personality Disorder) പരിഗണിക്കുന്നത്​.മറ്റുള്ളവരോട് സഹതാപമോ അനുകമ്പയോ ഇല്ലാത്ത അവസ്ഥക്ക്​ പുറമെ കുറ്റബോധമില്ലായ്മ, സ്വാർഥത, നുണപറയാൻ മടിയില്ലാത്ത അവസ്ഥ, നിയമങ്ങളെ ബഹുമാനിക്കാനോ അനുസരിക്കാനോ കഴിയാത്ത അവസ്ഥ, വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ അക്രമസ്വഭാവം കാണിക്കൽ തുടങ്ങിയവയെല്ലാമാണ് സൈക്കോപാത്തുകളുടെ പ്രധാന ലക്ഷണങ്ങൾ.ഒരു വ്യക്തി സൈക്കോപാത്തായി മാറുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്​. ഇതിലൊന്ന്​ ജനിതക കാരണങ്ങൾ (Genetic Factors) ആണ്. മാതാപിതാക്കൾക്കോ കുടുംബത്തിലോ ഉള്ളവർക്ക് ഇത്തരം സ്വഭാവ വൈകല്യങ്ങൾ ഉണ്ടെങ്കിൽ കുട്ടികൾക്ക് ഇത് വരാനുള്ള സാധ്യത 50% വരെ കൂടുതലാണ്. മറ്റൊരു പ്രധാനകാരണം​ മസ്തിഷ്കത്തിന്റെ ഘടനയിലെ വ്യത്യാസങ്ങൾ (Brain Structure) ആണ്. ഇതിൽ ഏറ്റവും പ്രധാനം ‘അമിഗ്ഡല’ (Amygdala)യിലുണ്ടാവുന്ന അസ്വഭാവികതകളാണ്​.തലച്ചോറിലെ വികാരങ്ങളെയും ഭയത്തെയും നിയന്ത്രിക്കുന്ന ഭാഗമാണ് അമിഗ്ഡല. സൈക്കോപാത്തുകളിൽ ഈ ഭാഗം സാധാരണക്കാരെ അപേക്ഷിച്ച് ചെറുതായിരിക്കും. അതുകൊണ്ട് ഇവർക്ക് ഭയമോ, മറ്റുള്ളവരോട് സഹതാപമോ തോന്നില്ല. അമിഗ്ഡലയുടെ ഘടനയിലും പ്രവർത്തനത്തിലുമുള്ള വ്യത്യാസങ്ങൾ മനുഷ്യരിലെ കുറ്റകൃത്യവാസനയിലേക്കും (Criminal behavior) അക്രമസ്വഭാവത്തിലേക്കും നയിച്ചേക്കാം എന്ന് ആധുനിക ന്യൂറോക്രിമിനോളജി (Neurocriminology) പഠനങ്ങൾ വ്യക്തമാക്കുന്നു.‘പ്രീഫ്രോണ്ടൽ കോർട്ടെക്സ്’ (Prefrontal Cortex) എന്ന ഭാഗത്തിന്റെ പ്രവർത്തന തകരാറുകളും വ്യക്​തികളെ കുറ്റകൃത്യങ്ങളിലേക്ക്​ നയിക്കാറുണ്ട്​. ജീവിതത്തിലെ ശരിയും തെറ്റും തിരിച്ചറിയാനും സ്വന്തം പെരുമാറ്റത്തെ നിയന്ത്രിക്കാനും സഹായിക്കുന്ന മസ്തിഷ്ക ഭാഗമാണ്​ പ്രീഫ്രോണ്ടൽ കോർട്ടെക്സ്. സൈക്കോപാത്തുകളിൽ വലിയൊരു ശതമാനത്തിലും ഈ ഭാഗത്തിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കാറില്ല.ചുരുക്കത്തിൽ ഒരു വ്യക്തി കുറ്റവാളിയാകുന്നതിന് സാമൂഹിക സാഹചര്യങ്ങൾ പോലെ തന്നെ അവരുടെ തലച്ചോറിന്റെ ഘടനയും ഒരു പ്രധാന കാരണമാണ്. ഇതുകൊണ്ടാണ് കുറ്റവാളികളെ വെറും പ്രതികളായി കാണാതെ ശാസ്ത്രീയമായ മാനസിക-ന്യൂറോ ചികിത്സകൾക്ക് കൂടി വിധേയമാക്കണം എന്ന് ആധുനിക നിയമവ്യവസ്ഥകൾ നിർദേശിക്കുന്നത്.തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലുള്ള കൊണ്ടമല്ലേപ്പള്ളിയിൽ പത്താം ക്ലാസ്സ് വിദ്യാർഥികൾ ചേർന്ന് സ്വന്തം സ്കൂൾ പ്രിൻസിപ്പലായ കല്ലു രൂപ റെഡ്ഡി എന്ന 48 കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്​. 2026 ആഗസ്റ്റ് 11നാണ് നാടിനെ നടുക്കിയ ഈ ദാരുണ കൊലപാതകം നടന്നത്. ആഡംബര ജീവിതം നയിക്കാനും കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കൾ വാങ്ങാനും ആവശ്യമായ പണമായിരുന്നു ഈ കൊലപാതകത്തിന്റെ ലക്ഷ്യം.സ്കൂൾ ഫീസ് ഇനത്തിൽ പിരിച്ചെടുത്ത വലിയ തുക പ്രിൻസിപ്പലിന്റെ വീട്ടിലുണ്ടെന്ന് മനസ്സിലാക്കിയാണ്​ വിദ്യാർഥികൾ കവർച്ച ആസൂത്രണം ചെയ്തത്. കൂടാതെ, ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഒരു വിദ്യാർഥിക്ക് പ്രിൻസിപ്പലിനോട് മുൻവൈരാഗ്യവുമുണ്ടായിരുന്നു എന്നാണ്​ പോലീസിന്റെ കണ്ടെത്തൽ.കുട്ടികൾ മാത്രമോ കുറ്റക്കാർഇന്ത്യയിൽ ആദ്യമായി ഒരു ഏകീകൃത ജുവനൈൽ ജസ്റ്റിസ് നിയമം നിലവിൽ വന്നത് 1986 ലാണ്. കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഉടമ്പടികൾക്ക് (UNCRC) അനുസൃതമായി ഈ നിയമം പിന്നീട് പൂർണമായി പരിഷ്കരിക്കുകയും ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട്, 2000 പാസാക്കുകയും ചെയ്തു. ഈ നിയമത്തിന്റെ ഒരു പോരായ്മ 18 വയസ്സിന് താഴെയുള്ള ആരെയും മുതിർന്ന കുറ്റവാളിയായി പരിഗണിക്കാൻ കഴിയില്ല എന്നായിരുന്നു. എന്നാൽ 2012ൽ നടന്ന ഡൽഹി കൂട്ടബലാത്സംഗ കേസ് (നിർഭയ കേസ്) ഇന്ത്യയിലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് കാരണമായി.നിർഭയ കേസ് രാജ്യത്തെ പിടിച്ചുകുലുക്കുകയും വലിയ ജനരോഷത്തിന് കാരണമാകുകയും ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന കൗമാരക്കാർക്ക് കടുത്ത ശിക്ഷ നൽകണമെന്ന ആവശ്യം ഉയരുകയും ചെയ്തു. തുടർന്ന്​ ഇന്ത്യൻ പാർലിമെന്റ് ​പഴയ നിയമം ഭേദഗതി ചെയ്ത് ജുവനൈൽ ജസ്റ്റിസ് (നവീകരണ) നിയമം 2015 പാസാക്കി. ഇതോടെ, 16 മുതൽ 18 വയസ്സുവരെ പ്രായത്തിലുള്ള ഒരു കുട്ടി ബോധപൂർവമാണ് ക്രൂരമായ കുറ്റം ചെയ്തതെന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് ബോധ്യപ്പെട്ടാൽ, അവനെ സാധാരണ കോടതിയിലേക്ക് മാറ്റി മുതിർന്ന ആളായി വിചാരണ ചെയ്യാൻ ഈ നിയമം അനുശാസിക്കുന്നു.മേൽ സൂചിപ്പിച്ച രണ്ട്​ കുറ്റകൃത്യങ്ങളിലെ കുട്ടികളും ബോധപൂർവമാണ് അതിക്രൂരമായ കുറ്റങ്ങൾ ചെയ്തതെന്ന് പുറത്തുവന്ന വാർത്തകൾ പരിശോധിച്ചാൽ മനസ്സിലാകും. അതുകൊണ്ടുതന്നെ ഇവർ കടുത്ത ശിക്ഷ അർഹിക്കുന്നുണ്ട്​. ശിക്ഷകൾ കുറ്റവാളികളെ ശിക്ഷിക്കുന്നതിന്​ മാത്രമല്ല, മറിച്ച്​ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പായി മാറുകയും വേണം. എങ്കിൽ മാത്രമേ സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ തോത്​ കുറയ്ക്കാനാകൂ.(ലേഖകൻ ചേതന സെന്റർ ഫോർന്യൂറോ സൈക്യാട്രി ഡയറക്ടറാണ്)Content Highlights:The shocking murder of an elderly man in Alappuzha by teenagers highlights the rising trend of juvenile delinquency. Psychological factors including family conflicts, brain structure alterations, and media influence heavily contribute to teen violence. Experts urge both scientific mental health interventions and legal accountability under the Juvenile Justice Act to address youth crime.