സത്യനികേതൻ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് മൂന്ന് വിദ്യാർഥികൾ മരിച്ചു; മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു

Wait 5 sec.

തെക്കൻ ഡൽഹിയിലെ സത്യനികേതനിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒൻപതോളം പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മറ്റ് രണ്ടുപേർ എയിംസ് ട്രോമ കെയറിൽ ചികിത്സയ്ക്കിടെയും മരിച്ചു.അപകടത്തിന് ഉത്തരവാദികളായ കെട്ടിട ഉടമ ഹരിറാമിനും മറ്റുള്ളവർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കർശന നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. അപകടസ്ഥലം നേരിട്ട് സന്ദർശിച്ച ശേഷമാണ് മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടത്.വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിന്റെ അടിനിലയിൽ ഒരു മാസത്തോളമായി നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. ഇതിനിടെ കെട്ടിടത്തിലെ ഒരു പില്ലർ മാറ്റിയതായും ഇത് കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണമായതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ ഭൂഗർഭ നിലയിൽ വെള്ളം കെട്ടിനിന്നതും കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണമായതായി കരുതുന്നു.അപകടത്തെ തുടർന്ന് സമീപത്തെ കെട്ടിടത്തിനും ചെരിവ് സംഭവിച്ചതോടെ അവിടെയുണ്ടായിരുന്ന താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ലഫ്റ്റനന്റ് ഗവർണർ തരൺജീത് സിങ് സന്ധു, പോലീസ് കമ്മിഷണർ അനുരാഗ് കുമാർ, ബാൻസുരി സ്വരാജ് എം.പി. തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.ദുരന്തത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന ഗോവ സന്ദർശനവും അമിത് ഷാ റദ്ദാക്കി.രാത്രി വൈകിയും കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന രക്ഷാപ്രവർത്തനം തുടർന്നു. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനും ഉത്തരവാദികൾക്കെതിരെ നടപടി ഉറപ്പാക്കുന്നതിനുമാണ് മജിസ്റ്റീരിയൽ അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നത്.The post സത്യനികേതൻ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് മൂന്ന് വിദ്യാർഥികൾ മരിച്ചു; മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു appeared first on ഇവാർത്ത | Evartha.