മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് ആവേശം പകരാൻ പുതിയ ബിഗ് ബജറ്റ് മാസ് ആക്ഷൻ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘മേള’ എന്നാണ് പേര്. പിറന്നാൾ ദിനമായ ഇന്ന് രാത്രി 12 മണിയോടെയാണ് ടഫ് ലുക്കിലുള്ള മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.സർക്കസ് കമ്പനി ഉടമയായ ഗ്യാങ്സ്റ്ററുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നതെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി ഒരു ഔട്ട് ആൻഡ് ഔട്ട് മാസ് കൊമേഴ്സ്യൽ ചിത്രവുമായി എത്തുന്നു എന്ന പ്രത്യേകതയും പ്രോജക്റ്റിനുണ്ട്.മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ആദ്യകാല ചിത്രങ്ങളിലൊന്നിന്റെ പേര് വീണ്ടും ഉപയോഗിക്കുന്നു എന്നതാണ് ‘മേള’യുടെ മറ്റൊരു പ്രത്യേകത. കെ.ജി. ജോർജ് സംവിധാനം ചെയ്ത് 1980ൽ പുറത്തിറങ്ങിയ ‘മേള’യിൽ വിജയൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 46 വർഷങ്ങൾക്ക് ശേഷം അതേ പേരിൽ വീണ്ടും മമ്മൂട്ടി എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷയും ഉയർന്നിരിക്കുകയാണ്.വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിർമിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രം ‘ഫാലിമി’ക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം എന്ന നിലയിലും ‘മേള’ ശ്രദ്ധ നേടുന്നുണ്ട്.ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവിടും. വൈശാഖ് സി. വടക്കേവീടും ജിനു അനിൽകുമാറുമാണ് പി.ആർ.ഒമാർ.The post ഗ്യാങ്സ്റ്ററായി മമ്മൂട്ടി; ‘മേള’യുടെ ഫസ്റ്റ് ലുക്ക് പിറന്നാൾ ദിനത്തിൽ പുറത്ത് appeared first on ഇവാർത്ത | Evartha.