‘പാർട്ടിയെ അവഹേളിക്കരുത്’; രമ്യ ഹരിദാസിനെതിരെ ഗോപകുമാർ സാഹിതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

Wait 5 sec.

കോൺഗ്രസ് നേതാവും എംഎൽഎയുമായ രമ്യ ഹരിദാസിനെതിരെ രൂക്ഷ വിമർശനവുമായി ഗോപകുമാർ സാഹിതി. രമ്യ ഹരിദാസിനെ അഭിസംബോധന ചെയ്ത് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്.ചിറയിൻകീഴ് മണ്ഡലത്തിൽ 15 വർഷം എംഎൽഎയായിരുന്ന വി. ശശിയുടെ രാഷ്ട്രീയ നിലപാടുകൾ എന്തുതന്നെയായാലും അദ്ദേഹം വിദ്യാസമ്പന്നനും മാന്യനുമായിരുന്നുവെന്ന് ഗോപകുമാർ സാഹിതി കുറിപ്പിൽ പറയുന്നു. ഇത്തവണ ശശി മത്സരിക്കാതിരുന്നതും കേരളമൊട്ടാകെ ആഞ്ഞടിച്ച യുഡിഎഫ് അനുകൂല തരംഗവുമാണ് രമ്യയുടെ വിജയത്തിൽ നിർണായകമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.പ്രാദേശിക നേതാക്കളെ മാറ്റിനിർത്തി പുറത്തുനിന്നൊരാളെ സ്ഥാനാർഥിയാക്കിയതിലെ പ്രതിഷേധം മറികടന്നും രമ്യ വിജയത്തിലെത്തിയത് സാധാരണ പ്രവർത്തകർ ചോരയും വിയർപ്പും ഒഴുക്കി പ്രവർത്തിച്ചതുകൊണ്ടാണെന്നും, പ്രത്യേകിച്ച് തീരദേശ മേഖലകളിൽ പ്രവർത്തകർ വലിയ പങ്കുവഹിച്ചെന്നും കുറിപ്പിൽ പറയുന്നു.വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച പാർലമെന്റ് മണ്ഡലം സിപിഐഎമ്മിന് കൈമാറിയ രമ്യയെ ഉപതെരഞ്ഞെടുപ്പിലും പിന്നീട് വീണ്ടും സ്ഥാനാർഥിയായി പരിഗണിച്ച പാർട്ടിയെ വിമർശിക്കാൻ എന്താണ് അവകാശമെന്നും ഗോപകുമാർ സാഹിതി ചോദിക്കുന്നു.സ്ഥാനാർഥിയായി എത്തിയ സമയത്തുതന്നെ ഒപ്പമുണ്ടായിരുന്ന വ്യക്തി പ്രവർത്തകരെ നിരന്തരം അവഹേളിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തിരുന്നുവെന്നും, ഇയാളെ ഒഴിവാക്കണമെന്ന് പലരും രമ്യയോട് ആവശ്യപ്പെട്ടിട്ടും അത് അംഗീകരിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. പ്രവർത്തന പാരമ്പര്യമുള്ള പ്രാദേശിക നേതാക്കളെ വെറുപ്പിക്കുന്നതിൽ ഇരുവരും പരസ്പരം മത്സരിക്കുകയാണെന്നത് നാട്ടിൽ ചർച്ചയാണെന്നും കുറിപ്പിൽ പറയുന്നു.കോൺഗ്രസ് പോലുള്ള വലിയ പാർട്ടിയിൽ ഒരു പഞ്ചായത്ത് അംഗമാകാൻ കഴിയുന്നതുപോലും ഭാഗ്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഗോപകുമാർ സാഹിതി, പാർട്ടി രമ്യയെ എംപിയാക്കുകയും പിന്നീട് എംഎൽഎയാക്കുകയും സുപ്രധാന പദവികൾ നൽകുകയും ചെയ്തതായും പറയുന്നു.അതേസമയം, കഴിഞ്ഞ ദിവസത്തെ സംഭവത്തിന്റെ ന്യായാന്യായങ്ങളിലേക്ക് കടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഒരു എംഎൽഎയ്ക്ക് ചേർന്ന നിലവാരത്തിൽ പ്രവർത്തിക്കുകയും പെരുമാറുകയും വേണമെന്ന് രമ്യയോട് ആവശ്യപ്പെട്ടു. ആവശ്യമായിടത്ത് മാത്രം പാട്ടുപാടണമെന്നും, അഞ്ചുവർഷവും രമ്യയുടെ പാട്ട് കേൾക്കാനുള്ള ആഗ്രഹം കൊണ്ടല്ല ജനങ്ങൾ വിജയിപ്പിച്ചതെന്നും പരിഹാസരൂപത്തിൽ കുറിപ്പിൽ പറയുന്നു.രമ്യയ്‌ക്കൊപ്പമുള്ള വ്യക്തിയെ കഴിവതും വേഗം ഒഴിവാക്കി പ്രവർത്തകരുമായി ചേർന്ന് മുന്നോട്ടുപോകണമെന്നും ഗോപകുമാർ സാഹിതി ആവശ്യപ്പെട്ടു. നിത്യദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതും രമ്യ ഹരിദാസ് എന്ന പേരിൽ അറിയപ്പെടാൻ അവസരം നൽകിയതും കോൺഗ്രസ് പാർട്ടിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ‘ആ പാർട്ടിയെ അവഹേളിക്കരുത്’ എന്ന അഭ്യർഥനയോടെ കുറിപ്പ് അവസാനിപ്പിക്കുന്നത്.The post ‘പാർട്ടിയെ അവഹേളിക്കരുത്’; രമ്യ ഹരിദാസിനെതിരെ ഗോപകുമാർ സാഹിതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ appeared first on ഇവാർത്ത | Evartha.