ലഖ്നൗ | യു പിയിലെ സഹാറന്‍പൂരില്‍ പള്ളി പൊളിച്ചുനീക്കി. സമാജ് വാദി പാര്‍ട്ടി ലോക്‌സഭാ എം പി ഇഖ്‌റ ഹസനെ കൈരാനയിലെ വീട്ടില്‍ വീട്ടുതടങ്കലിലാക്കിയശേഷമാണ് വന്‍ പോലീസ് സന്നാഹത്തോടെ ഇന്ന് രാവിലെ പള്ളി പൊളിച്ചത്. പ്രതിഷേധം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വീട്ടുതടങ്കലെന്നാണ് പോലീസ് പറയുന്നത്.സഹാറന്‍പൂര്‍ കലക്ടറേറ്റ് വളപ്പിലെ പള്ളിയാണ് പൊളിച്ചു നീക്കിയത്. സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നിര്‍മിച്ചതാണ് പള്ളിയെന്ന റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടം പൊളിക്കല്‍ നടപടിയിലേക്ക് കടന്നത്. പള്ളി അനധികൃതമാണെന്ന് ജൂലൈയില്‍ വിധിച്ച സിറ്റി മജിസ്‌ട്രേറ്റ് പൊളിച്ചുനീക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതിരെ പള്ളിക്കമ്മിറ്റി നല്‍കിയ അപ്പീല്‍ ഇന്നലെ ജില്ലാ ജഡ്ജി തള്ളിയതിനു പിന്നാലെയാണ് അടുത്ത ദിവസം രാവിലെ തന്നെ പള്ളി പൊളിച്ചത്.പ്രതിഷേധം ഒഴിവാക്കുന്നതിനായി പ്രദേശത്ത് വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് പൊളിക്കല്‍ നടപടിയെന്ന് സഹാറന്‍പൂര്‍ ഡി ഐ ജി അഭിഷേക് സിങ് പറഞ്ഞു. തന്നെ വീട്ടുതടങ്കലിലാക്കിയെന്നും സഹാറന്‍പൂരിലെ പള്ളി പൊളിച്ച് നീക്കല്‍ തടയാന്‍ പുറപ്പെട്ടപ്പോഴാണ് പോലീസിന്റെ നടപടിയെന്നും ഇഖ്റ ഹസന്‍ എം പി പറഞ്ഞു. തന്നെ തടഞ്ഞതുകൊണ്ട് ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ല. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നത് കുറ്റകരമായോ എന്നും ഇഖ്റ ഹസന്‍ ചോദിച്ചു. Content Highlights:A mosque located on the Saharanpur collectorate premises in Uttar Pradesh was demolished by authorities following a court order. Samajwadi Party MP Iqra Hasan was placed under house arrest at her residence to prevent protests. Heavy police forces were deployed to maintain law and order.