കുടിവെള്ള പ്രതിഷേധത്തിനിടെ കല്ലേറ്; ഗുരുതരമായി പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

Wait 5 sec.

തിരുനെല്‍വേലി| തിരുനെല്‍വേലി ജില്ലയിലെ വള്ളിയൂരിന് സമീപം കുടിവെള്ളക്ഷാമത്തിനെതിരെ നാട്ടുകാര്‍ നടത്തിയ സമരത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിന് നേരെ കല്ലേറ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കണ്ണനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മഹാരാജന്‍ മരിച്ചു. 54 വയസ്സായിരുന്നു. കണ്ണനല്ലൂര്‍ ഗ്രാമത്തില്‍ ദിവസങ്ങളായി കുടിവെള്ള വിതരണം മുടങ്ങിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 25 ദിവസത്തോളമായി പ്രദേശത്ത് കൃത്യമായി കുടിവെള്ളം ലഭിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. പ്രതിഷേധക്കാരെ അനുനയിപ്പിക്കുന്നതിനും പ്രശ്നം പരിഹരിക്കുന്നതിനുമായി പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തെത്തുകയായിരുന്നു.സമരക്കാരുമായി സംസാരിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ മഹാരാജനെ ലക്ഷ്യമിട്ട് കല്ലെറിഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റ് കുഴഞ്ഞുവീണു. നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. .സംഭവത്തില്‍ വള്ളിയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ആക്രമണം നടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നും തിരുനെല്‍വേലി ജില്ലാ പോലീസ് മേധാവി വിശ്വേശ് ശാസ്ത്രി അറിയിച്ചു. പ്രതിയെ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.Content Highlights:Kannanallur Panchayat President Maharajan died after being injured in stone pelting during a protest over drinking water shortage near Valliyur in Tirunelveli. The incident occurred while he was negotiating with residents facing a 25-day water crisis. Police have identified the suspect.