മനാമ: ബഹ്‌റൈനിൽ മതപ്രഭാഷണങ്ങൾ, മതബോധവൽക്കരണം, ഖുതുബകൾ, മതപരമായ ഗാനാലാപനങ്ങൾ (റിലീജിയസ് ചാന്റിംഗ്), അനുബന്ധ ചടങ്ങുകൾ എന്നിവ നടത്തുന്നതിനായുള്ള നിബന്ധനകളും ലൈസൻസിംഗ് രീതികളും പുതുക്കി നിയമം പരിഷ്കരിച്ചു. ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മആവ്ദയാണ് 2026-ലെ 74-ാം നമ്പർ ഉത്തരവിലൂടെ പുതിയ ഭേദഗതികൾ പുറപ്പെടുവിച്ചത്.മതപരമായ സന്ദേശങ്ങളിൽ മിതത്വവും ഇസ്ലാമിക മൂല്യങ്ങളും പ്രവാചകചര്യയുടെ അധ്യാപനങ്ങളും കാത്തുസൂക്ഷിക്കുന്നതിനൊപ്പം, ആരാധനാലയങ്ങളും മാത്തമുകളും നിയമവിരുദ്ധമായ കാര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് ഈ നീക്കം. ചില സങ്കേതങ്ങൾ ഉദ്ദേശിച്ച ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി ഉപയോഗിക്കപ്പെട്ട ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.പുതിയ ഉത്തരവ് പ്രകാരം മതപ്രഭാഷണങ്ങളും അനുബന്ധ ചടങ്ങുകളും നടത്തുന്നതിന് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണ്. ഇതിനായി ശരീഅത്ത്, ഭരണനിർവ്വഹണം, സാങ്കേതിക മേഖലകളിലെ വിദഗ്ദ്ധർ അടങ്ങുന്ന പ്രത്യേക സമിതികൾ രൂപീകരിക്കും. ലൈസൻസിനായി അപേക്ഷിക്കുന്നവർ ഗുഡ് കോണ്ടക്ട് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.ലൈസൻസ് ഉടമകൾ മതപ്രഭാഷണങ്ങളിലെ മര്യാദകളും സർക്കാർ നിർദ്ദേശങ്ങളും കർശനമായി പാലിക്കേണ്ടതുണ്ട്. പ്രാർത്ഥനാലയങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും നിശ്ചിത ആവശ്യങ്ങൾക്കല്ലാതെ മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാനോ അനുവദിക്കാനോ പാടില്ല. നിലവിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ നിയമം പ്രാബല്യത്തിൽ വന്ന് ഒരു മാസത്തിനകം പുതിയ നിബന്ധനകൾ അനുസരിച്ച് ലൈസൻസ് ക്രമപ്പെടുത്തണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.The post മതപ്രഭാഷണങ്ങൾക്കും പ്രാർത്ഥനാലയങ്ങളിലെ ചടങ്ങുകൾക്കും പുതിയ ലൈസൻസിംഗ് നിബന്ധനകൾ പുറപ്പെടുവിച്ച് ബഹ്‌റൈൻ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.