ദുബൈ|ഡിസംബർ രണ്ടിന് നടക്കുന്ന 55-ാമത് യു എ ഇ ദേശീയദിനത്തിന് മുന്നോടിയായി ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ രൂപകൽപനയിൽ പങ്കാളികളാകാൻ യു എ ഇ നിവാസികൾക്ക് അവസരം. യു എ ഇയെ സ്വന്തം വീടായി കാണുന്ന ഇമാറാത്തികൾക്കും പ്രവാസികൾക്കും തങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും സർഗാത്മകമായി പങ്കുവെക്കാനായി എല്ലാ എമിറേറ്റുകളിലും ശിൽപ്പശാലകൾ സംഘടിപ്പിക്കുന്നു.കഥപറച്ചിലിലൂടെയും സർഗാത്മക ആശയവിനിമയങ്ങളിലൂടെയും രാജ്യത്തെക്കുറിച്ചുള്ള അനുഭവങ്ങളും ഓർമകളും പങ്കുവെക്കാനാണ് വേദി ഒരുക്കുന്നത്. ജനങ്ങളുടെ ഈ അനുഭവങ്ങൾ ഉൾപ്പെടുത്തി ഈ വർഷത്തെ ആഘോഷ പരിപാടികളെ കൂടുതൽ ജനകീയവും അർഥപൂർണവുമാക്കുകയാണ് ലക്ഷ്യം. 15 ദിവസങ്ങളിലായി രാജ്യമെമ്പാടും പര്യടനം നടത്തുന്ന എട്ട് ശിൽപശാലകളാണ് ക്രമീകരിച്ചിട്ടുള്ളത്.ഫുജൈറയിലാണ് ശിൽപ്പശാല പരമ്പരക്ക് തുടക്കമാകുന്നത്. ഫുജൈറയിൽ സെപ്തംബർ 10, 11 തീയതികളിലും റാസ് അൽ ഖൈമയിൽ 12-നും ഷാർജയിൽ 13-നും അജ്മാനിൽ 14-നും ഉമ്മുൽ ഖുവൈനിൽ 15-നും ദുബൈയിൽ 18, 19 തീയതികളിലും പരിപാടികൾ അരങ്ങേറും. തുടർന്ന് അൽ ഐനിൽ സെപ്തംബർ 20, 21 തീയതികളിലും അബൂദബിയിൽ 23, 24 തീയതികളിലുമായി ശിൽപ്പശാല സമാപിക്കും.പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള താമസക്കാർ ഈദ് അൽ ഇത്തിഹാദിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ സെപ്തംബർ എട്ട് ചൊവ്വാഴ്ച വരെ ലഭ്യമായിരിക്കും. ലഭിക്കുന്ന അപേക്ഷകൾ പ്രത്യേക കമ്മിറ്റി പരിശോധിച്ച് തിരഞ്ഞെടുക്കപ്പെടുന്നവരെ കൂടുതൽ വിവരങ്ങളുമായി അധികൃതർ നേരിട്ട് ബന്ധപ്പെടും. സീറ്റുകൾ പരിമിതമായതിനാൽ താത്പര്യമുള്ളവർ നേരത്തെ തന്നെ രജിസ്റ്റർ ചെയ്യണമെന്ന് ഈദ് അൽ ഇത്തിഹാദ് സ്ട്രാറ്റജിക് ആൻഡ് ക്രിയേറ്റീവ് അഫയേഴ്‌സ് ഡയറക്ടർ ഈസ അൽ സുബൂസി വ്യക്തമാക്കി.Content Highlights:The UAE has invited citizens and residents to participate in workshops for the 55th Eid Al Ittihad celebrations. Eight workshops will take place across all emirates over 15 days to gather creative ideas and stories. Interested participants must register on the official website by September 8.