അബൂദബി|യു എ ഇയിൽ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിന് പുതിയ ചട്ടങ്ങൾ നിലവിൽ വന്നതായി മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (മൊഹ്റെ) അറിയിച്ചു. ലൈസൻസുള്ള റിക്രൂട്ട്മെന്റ് ഏജൻസികൾ വഴിയോ ഇടനിലക്കാരനില്ലാതെ നേരിട്ടോ നിയമനം നടത്താവുന്നതാണ്. ഓരോ നിയമന രീതിക്കും വ്യത്യസ്ത നടപടിക്രമങ്ങളും നിയമപരമായ ബാധ്യതകളുമുണ്ട്.മന്ത്രാലയം അംഗീകരിച്ച ലൈസൻസുള്ള ഏജൻസികൾ വഴി നിയമനം നടത്തുമ്പോൾ തൊഴിലുടമയ്ക്ക് വ്യക്തമായ നിയമപരമായ സംരക്ഷണം ലഭിക്കും. തൊഴിലാളി ഒളിച്ചോടുകയോ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ രണ്ട് വർഷത്തേക്ക് ഗ്യാരണ്ടി അനുകൂല്യം ലഭിക്കുന്നതാണ്. പ്രൊബേഷൻ കാലയളവിന് ശേഷവും കരാർ അവസാനിക്കുന്നതിന് മുമ്പും ജോലി ഉപേക്ഷിച്ചാൽ റിക്രൂട്ട്മെന്റ്ചെലവിന്റെ ഒരു ഭാഗം തിരികെ ലഭിക്കാനും തൊഴിലുടമയ്ക്ക് അർഹതയുണ്ട്.നിയമാനുസൃതമായ കാരണങ്ങളില്ലാതെ പ്രൊബേഷൻ കാലയളവിന് മുമ്പോ ശേഷമോ ഗാർഹിക തൊഴിലാളികൾ ജോലി ഉപേക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. കരാറിന്റെ ശേഷിക്കുന്ന മാസങ്ങൾ കണക്കാക്കിയാണ് റീഫണ്ട് തുക നിശ്ചയിക്കുന്നത്.അതേസമയം, ഇടനിലക്കാരില്ലാതെ നേരിട്ടുള്ള റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുന്നവർക്ക് ഗാർഹിക തൊഴിലാളി നിയമപ്രകാരമുള്ള ഇത്തരം ഗ്യാരണ്ടികളും സാമ്പത്തിക സംരക്ഷണങ്ങളും ലഭിക്കില്ല. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട പൂർണ ഉത്തരവാദിത്തവും നിയമപരമായ പ്രത്യാഘാതങ്ങളും തൊഴിലുടമ തന്നെ വഹിക്കേണ്ടി വരും. അതിനാൽ കരാറിൽ ഏർപ്പെടുന്നതിന് മുൻപ് തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമായി മനസ്സിലാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.Content Highlights:UAE Ministry of Human Resources and Emiratisation announced new rules for domestic worker recruitment. Employers get legal protection and two-year financial refund guarantees when hiring through licensed agencies. Direct recruitment places full legal and financial risks on employers without guarantees.