അത്ര സുതാര്യമല്ല കോടതികള്‍

Wait 5 sec.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാല് തൂണുകളില്‍ ഏറ്റവും നിര്‍ണായകവും ജനങ്ങള്‍ അവസാന പ്രതീക്ഷയോടെ സമീപിക്കുന്നതുമായ ഒന്നാണ് നീതിന്യായ വ്യവസ്ഥ. നീതി നടപ്പാക്കിയാല്‍ മാത്രം പോരാ, നീതി നടപ്പാക്കപ്പെട്ടു എന്ന് ലോകത്തിന് ബോധ്യപ്പെടുകയും വേണം എന്ന സാര്‍വത്രിക തത്ത്വത്തിന്മേലാണ് കോടതികളുടെ പ്രസക്തി നിലനില്‍ക്കുന്നത്. എന്നാല്‍, മാറുന്ന കാലഘട്ടത്തില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ സുതാര്യതക്കുറവും കേസ് തീര്‍പ്പാക്കലിലെ അനാവശ്യ കാലതാമസവും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിലെ വീഴ്ചകളും വലിയ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസിയുടെ ജസ്റ്റിസ് ആക്‌സസ് ആന്‍ഡ് ലോവറിംഗ് ഡിലൈസ് ഇന്‍ ഇന്ത്യ (ജെ എ എല്‍ ഡി ഐ) പുറത്തിറക്കിയ ‘ജുഡീഷ്യല്‍ ട്രാന്‍സ്പരന്‍സി ഇന്‍ഡക്‌സ്’ (ജെ ടി ഐ) റിപോര്‍ട്ട് ഈ വെല്ലുവിളികളിലേക്ക് വെളിച്ചം വീശുന്ന സമഗ്രമായ പഠനമാണ്.ജെ എ എല്‍ ഡി ഐ സംരംഭത്തിന്റെ ഭാഗമായ ജുഡീഷ്യല്‍ ട്രാന്‍സ്പരന്‍സി ഇന്‍ഡക്‌സ്, ഇന്ത്യയിലെ പരമോന്നത കോടതിയായ സുപ്രീം കോടതിയുടെയും വിവിധ സംസ്ഥാനങ്ങളിലെ 25 ഹൈക്കോടതികളുടെയും ഔദ്യോഗിക വെബ്സൈറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ വിവര വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. കോടതി നടപടികള്‍, ഭരണനിര്‍വഹണം, ഉദ്യോഗസ്ഥരുടെയും ന്യായാധിപന്മാരുടെയും വിവരങ്ങള്‍ എന്നീ മേഖലകളിലെ സുതാര്യത അളക്കുകയാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. സുതാര്യതയെ പ്രധാനമായും മൂന്ന് ഘടകങ്ങളായി തരംതിരിച്ചാണ് റിപോര്‍ട്ട് പരിശോധിക്കുന്നത്. ഒന്നാമതായി നീതിന്യായ പ്രക്രിയകള്‍, രണ്ടാമതായി സ്ഥാപനപരമായ ഭരണനിര്‍വഹണവും സാമ്പത്തിക സുതാര്യതയും, മൂന്നാമതായി ജഡ്ജിമാരുടെയും ഭരണപരമായ ഉദ്യോഗസ്ഥരുടെയും നിയമനവും സ്വത്ത് വെളിപ്പെടുത്തലും. ഈ മൂന്ന് തലങ്ങളിലും ഇന്ത്യന്‍ കോടതികള്‍ പാലിക്കുന്ന മാനദണ്ഡങ്ങളിലെ അന്തരം റിപോര്‍ട്ട് വ്യക്തമായി വരച്ചുകാട്ടുന്നു.നീതിന്യായ പ്രക്രിയകളിലെ സുതാര്യത പരിശോധിക്കുമ്പോള്‍, കോസ് ലിസ്റ്റ് സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നതില്‍ കൂടുതല്‍ ഹൈക്കോടതികളും മുന്നിലുണ്ടെങ്കിലും മാധ്യമങ്ങള്‍ക്കും സാധാരണക്കാര്‍ക്കും വിവരങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ പലയിടത്തും വലിയ തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം, മാധ്യമങ്ങള്‍ക്കുള്ള പ്രവേശനം തുടങ്ങിയ കാര്യങ്ങളില്‍ ഏകീകൃതമായ ഒരു നയം ഇപ്പോഴും ഇന്ത്യയിലെ കോടതികള്‍ക്ക് രൂപവത്കരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സുപ്രീം കോടതിയില്‍ ഭരണഘടനാ ബഞ്ചിന്റെ നടപടികളില്‍ മാത്രമായി ലൈവ് സ്ട്രീമിംഗ് പരിമിതപ്പെട്ടിരിക്കുന്നു. രാജ്യത്തെ 13 ഹൈക്കോടതികള്‍ ഭാഗികമായി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ടെങ്കിലും ഇതിനായി കൃത്യമായ സുതാര്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ലഭ്യമാക്കിയിട്ടില്ല എന്നത് ഒരു പ്രധാന പോരായ്മയാണ്. ജഡ്ജിമാര്‍ സ്വാര്‍ഥ താത്പര്യങ്ങളോ വ്യക്തിപരമായ ബന്ധങ്ങളോ കാരണം ഒരു കേസ് കേള്‍ക്കുന്നതില്‍ നിന്ന് സ്വമേധയാ പിന്മാറുന്നതിനെയാണ് ‘റെക്യൂസല്‍’ എന്ന് വിളിക്കുന്നത്. എന്നാല്‍ ഒരു ജഡ്ജി കേസുകളില്‍ നിന്ന് പിന്മാറുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് പൊതുജനങ്ങള്‍ക്ക് അറിയാന്‍ ഒരു വഴിയുമില്ല. ഡല്‍ഹി ഹൈക്കോടതി മാത്രമാണ് റെക്യൂസല്‍ അഭ്യര്‍ഥിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.സാമ്പത്തിക കാര്യങ്ങളിലെയും ബജറ്റ് വിഹിതം വിനിയോഗിക്കുന്നതിലെയും സുതാര്യതക്കുറവാണ് റിപോര്‍ട്ട് ഉയര്‍ത്തുന്ന മറ്റൊരു ആശങ്ക. റിപോര്‍ട്ട് പ്രകാരം എട്ട് ഹൈക്കോടതികള്‍ നിലവിലെയോ മുന്‍വര്‍ഷങ്ങളിലെയോ ബജറ്റ് കണക്കുകള്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. കൂടാതെ 15 ഹൈക്കോടതികള്‍ തങ്ങളുടെ സാമ്പത്തിക ചെലവഴിക്കലുകളുടെ യാതൊരു വിവരവും പൊതുസമൂഹവുമായി പങ്കുവെക്കാന്‍ തയ്യാറായിട്ടില്ല. പൊതുപണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്ന നിലയില്‍ ഇത്തരം സാമ്പത്തിക അവ്യക്തതകള്‍ വലിയ വെല്ലുവിളിയാണ്.വിവരാവകാശ നിയമം നടപ്പാക്കുന്നതില്‍ കോടതികള്‍ കാണിക്കുന്ന വൈമുഖ്യവും റിപോര്‍ട്ട് തുറന്നുകാട്ടുന്നു. രാജ്യത്തെ 25 ഹൈക്കോടതികളും ആര്‍ ടി ഐ ചട്ടങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും അതില്‍ 15 ഹൈക്കോടതികളും കേന്ദ്ര നിയമത്തിന്റെ മൂല്യങ്ങളെ മറികടക്കുന്നതും വിവരങ്ങള്‍ നിഷേധിക്കുന്നതിന് സഹായകവുമായ കടുത്ത നിയന്ത്രണങ്ങള്‍ പുതിയ ചട്ടങ്ങളില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇത് മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്.ജഡ്ജിമാരുടെ സ്വത്ത് വെളിപ്പെടുത്തുന്ന വിഷയത്തില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ഇന്നും വളരെ പിന്നിലാണ്. മുഴുവന്‍ ജഡ്ജിമാരുടെയും സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്തിയ ഒരു ഹൈക്കോടതിയും നിലവില്‍ ഇന്ത്യയിലില്ല. ആകെയുള്ള 25 ഹൈക്കോടതികളില്‍ ഏഴെണ്ണത്തില്‍ മാത്രമാണ് ഏതാനും ചില ജഡ്ജിമാരെങ്കിലും (ആകെ 87 ജഡ്ജിമാര്‍) സ്വത്ത് വെളിപ്പെടുത്താന്‍ തയ്യാറായിട്ടുള്ളത്. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാര്‍ സ്വത്ത് വിവരങ്ങള്‍ പരസ്യമാക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ പരമമായ വിശ്വാസ്യതക്ക് അത്യന്താപേക്ഷിതമാണ്.ന്യായാധിപന്മാരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും നിലനില്‍ക്കുന്ന കൊളീജിയം സംവിധാനത്തിന്റെ സുതാര്യതയില്ലായ്മയും ചര്‍ച്ചയാകുകയാണ്. ന്യായാധിപന്മാര്‍ക്കോ കോടതി ജീവനക്കാര്‍ക്കോ എതിരെ ഉയരുന്ന പരാതികളിലും അച്ചടക്ക നടപടികളിലും സ്വീകരിക്കുന്ന രഹസ്യസ്വഭാവവും ജനാധിപത്യപരമായ സുതാര്യതക്ക് വിരുദ്ധമാണ്. പരാതികള്‍ അന്വേഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുപ്രീം കോടതിയും ഹൈക്കോടതികളും പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും, അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടുകളോ, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ എടുത്ത ശാസനാ ഉത്തരവുകളോ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ കോടതികള്‍ തയ്യാറാകുന്നില്ല. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം പാലിക്കുന്നതില്‍ കോടതികളില്‍ വലിയ അപാകതകള്‍ കാണപ്പെടുന്നുവെന്നും ഈ റിപോര്‍ട്ട് ചൂണ്ടിക്കട്ടുന്നു.സുതാര്യതക്കുറവും വിവരങ്ങളുടെ ലഭ്യതയില്ലായ്മയും കേസ് കെട്ടിക്കിടക്കുന്നതിനും നീതി വൈകുന്നതിനും ആക്കം കൂട്ടുന്നു. ഡിജിറ്റല്‍ സംവിധാനങ്ങളുടെയും ഡാറ്റയുടെയും അഭാവത്തില്‍ കേസ് മാനേജ്‌മെന്റ് തടസ്സപ്പെടുകയും സാധാരണക്കാര്‍ക്ക് തങ്ങളുടെ കേസുകളുടെ പുരോഗതി മനസ്സിലാക്കാന്‍ വക്കീലന്മാരെ മാത്രം ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നു. കൃത്യവും സുതാര്യവുമായ വിവരശേഖരണം ഇല്ലാത്തത് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും തടസ്സമായി നില്‍ക്കുന്നു.ഈ വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് റിപോര്‍ട്ട് പ്രധാനപ്പെട്ട ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. എല്ലാ ഹൈക്കോടതികളും സുപ്രീം കോടതിയും ഏകീകൃതമായതും ലളിതമായതുമായ പോര്‍ട്ടലുകളിലൂടെ എല്ലാ വിവരങ്ങളും സജീവമായി വെളിപ്പെടുത്തണം, ആര്‍ ടി ഐ നിയമങ്ങളെ ദുര്‍ബലപ്പെടുത്തുന്ന പ്രാദേശിക ചട്ടങ്ങള്‍ റദ്ദാക്കുക, തത്സമയ സംപ്രേക്ഷണത്തിന് സുവ്യക്തമായ നയം രൂപവത്കരിക്കുക, ജഡ്ജിമാരുടെ സ്വത്ത് വെളിപ്പെടുത്തല്‍ നിര്‍ബന്ധമാക്കുക, കൊളീജിയം തീരുമാനങ്ങളുടെ കാരണങ്ങള്‍ വ്യക്തമാക്കുക എന്നിവ അടിയന്തരമായി നടപ്പാക്കേണ്ടതുണ്ട്.ഇന്ത്യയില്‍ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാനും കേസ് തീര്‍പ്പാക്കലിലെ താമസം കുറയ്ക്കാനും സാങ്കേതികവിദ്യ മാത്രം പോരാ, മറിച്ച് പൗരന്മാരോടുള്ള പൂര്‍ണമായ ഉത്തരവാദിത്വവും സുതാര്യതയും ആവശ്യമാണ്. വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസിയുടെ ‘ജുഡീഷ്യല്‍ ട്രാന്‍സ്പരന്‍സി ഇന്‍ഡക്‌സ്’ വിരല്‍ ചൂണ്ടുന്ന പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് മാത്രമേ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് തങ്ങളുടെ പരമോന്നത സ്ഥാനം കാത്തുസൂക്ഷിക്കാനും പൊതുജനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാനും സാധിക്കൂ.