വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതീവ പ്രസക്തവും നിര്‍ണായകവുമാണ് ശിവസേനയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് ഇന്നലെ നടത്തിയ നിരീക്ഷണം. പാര്‍ലിമെന്ററി പാര്‍ട്ടിയേക്കാള്‍ വലുതാണ് കേന്ദ്രകക്ഷി. രാഷ്ട്രീയ പാര്‍ട്ടിക്ക് പാര്‍ലിമെന്ററി കക്ഷിയുടെ മേല്‍ പൂര്‍ണ അധികാരമുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് അതിന്റെ തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരുടെയും എം പിമാരുടെയും മേല്‍ നിയന്ത്രണം നിലനിര്‍ത്താമെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബഞ്ചിന്റെ നിരീക്ഷണം.രാഷ്ട്രീയ പാര്‍ട്ടിയുടെ നയങ്ങള്‍, പ്രകടനപത്രിക, പാര്‍ട്ടി ചിഹ്നം എന്നിവയെ മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ വോട്ടര്‍മാര്‍ പൊതുവെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. എങ്കിലും ജനപ്രതിനിധികള്‍ പിന്നീട് ഈ ജനവിധിയെ മറികടന്നും ജനങ്ങള്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെ ചവിട്ടിമെതിച്ചും മറ്റു പാര്‍ട്ടിയിലേക്ക് ചേക്കേറുന്നതും പാര്‍ട്ടിയെ പിളര്‍ത്തി വേറെ ഗ്രൂപ്പുകള്‍ രൂപവത്കരിക്കുന്നതും പതിവു സംഭവമായിരിക്കുന്നു. കൂറുമാറ്റമെന്ന രാഷ്ട്രീയരോഗം പല സംസ്ഥാനങ്ങളിലും ഭരണപരമായ അസ്ഥിരതയും അട്ടിമറിയും സൃഷ്ടിക്കുകയും ജനാധിപത്യത്തെ ദുര്‍ബലമാക്കുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ, കര്‍ണാടക, അരുണാചല്‍, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ അതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ്. ഈയൊരു രാഷ്ട്രീയ പരിസരത്താണ് സുപ്രീം കോടതി നിരീക്ഷണത്തിന്റെ പ്രസക്തി.1985ല്‍ 52ാം ഭരണഘടനാ ഭേദഗതിയിലൂടെ ജനപ്രാതിനിധ്യ നിയമത്തില്‍, കൂറുമാറ്റവുമായി ബന്ധപ്പെട്ട പത്താം പട്ടിക കൂട്ടിച്ചേര്‍ത്തത് ജനവിധിയെ വില്‍പ്പനച്ചരക്കാക്കുന്ന ദുഷിച്ച രാഷ്ട്രീയ പ്രവണതക്ക് അറുതി വരുത്താനാണ്. മന്ത്രിസ്ഥാനം, പണം, കേസുകളില്‍ നിന്നുള്ള സംരക്ഷണം തുടങ്ങിയ പ്രലോഭനങ്ങളില്‍ വീണ് ജനപ്രതിനിധികള്‍ കൂറുമാറുന്ന ‘ആയാറാം ഗയാറാം’ സംസ്‌കാരം അവസാനിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. ഭരണഘടനാ ഭേദഗതിയോടെ വ്യക്തിഗത കൂറുമാറ്റങ്ങള്‍ക്ക് അറുതി വന്നെങ്കിലും നിയമത്തിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തി കൂട്ടത്തോടെ കൂറുമാറുകയും കൂറുമാറ്റുകയും ചെയ്യുന്ന പ്രവണത ശക്തിപ്പെട്ടു. ജനപ്രതിനിധികള്‍ കൂട്ടത്തോടെ കൂറുമാറി പാര്‍ട്ടിയെ തന്നെ തട്ടിയെടുക്കുന്ന വിചിത്രമായ രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് രാജ്യം പിന്നീട് സാക്ഷ്യം വഹിച്ചത്. ഇതിന് അന്ത്യം കുറിക്കാന്‍ സഹായകമാണ് കോടതിയുടെ നിരീക്ഷണം.സഭാകക്ഷി (പാര്‍ലിമെന്ററി പാര്‍ട്ടി) രാഷ്ട്രീയ കക്ഷിയുടെ ഒരു ഉപവിഭാഗം മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടുന്നു. മാതൃസംഘടനയായ രാഷ്ട്രീയ കക്ഷിയെ വിഴുങ്ങാന്‍ മാത്രം വലിപ്പം ഭരണഘടനാപരമായി ഉപവിഭാഗത്തിനില്ല. സഭാകക്ഷിയിലെ ഭൂരിപക്ഷത്തിന് രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനത്തെ അസാധുവാക്കാന്‍ സാധിക്കില്ല. ഒരു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നേടുന്ന വിജയം വ്യക്തിപരമായ നേട്ടമല്ല. അയാള്‍ പ്രതിനിധാനം ചെയ്ത പാര്‍ട്ടിയുടെ വിജയമാണ്. അഞ്ച് വര്‍ഷത്തെ ജനപ്രാതിനിധ്യ വേളയില്‍ പാര്‍ട്ടിയോടുള്ള രാഷ്ട്രീയവും ധാര്‍മികവുമായ ഉത്തരവാദിത്വത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ജനപ്രതിനിധിക്ക് അവകാശമില്ല. സഭയിലെ ഭൂരിപക്ഷം മാത്രം ചൂണ്ടിക്കാട്ടി പാര്‍ട്ടിയുടെ പേരും ചിഹ്നവും കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനങ്ങളോടും ഭരണഘടനയോടും കാണിക്കുന്ന കൊടിയ വഞ്ചനയാണ്.തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ രേഖപ്പെടുത്തുന്ന വോട്ടിന്റെ മൂല്യം സംരക്ഷിക്കപ്പെടണമെങ്കില്‍ നിയമസഭകളിലും പാര്‍ലിമെന്റിലും ജനാധിപത്യപരമായ ധാര്‍മികത പൂര്‍ണമായും നടപ്പാക്കണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ശേഷം കൂറുമാറുന്ന ജനപ്രതിനിധികള്‍ സ്ഥാനം രാജിവെച്ച് വീണ്ടും ജനങ്ങളെ അഭിമുഖീകരിക്കണമെന്ന സ്ഥിതിയിലേക്ക് രാജ്യം നീങ്ങേണ്ടതുണ്ട്. അധികാരമാറ്റം കൈവരേണ്ടത് സഭയിലെ അവിശുദ്ധ കൂട്ടുകെട്ടിലൂടെയോ കുതിരക്കച്ചവടത്തിലൂടെയോ ആകരുത്. ജനങ്ങളുടെ വോട്ടിലൂടെയും സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയുമാകണം. പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ വോട്ടവകാശം കേവലമൊരു വിരലടയാളമല്ല. പൗരന്മാര്‍ രാജ്യത്തിന്റെ ഭരണരീതിയിലും നയതീരുമാനങ്ങളിലും നടത്തുന്ന നിര്‍ണായക പങ്കാളിത്തമാണ്. വോട്ടുകളുടെ മൂല്യത്തെ രാഷ്ട്രീയത്തില്‍ ലേലം വിളിക്കുന്ന ഉപകരണമാക്കുന്ന പ്രവണത അംഗീകരിക്കാവുന്നതല്ല.സുപ്രീം കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനായുള്ള ഉണര്‍ത്തലാണ്. ജനവിധിയെ വിലക്കുവാങ്ങാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് തിരിച്ചടിയുമാണ്. ജനപ്രതിനിധികളുടെ എണ്ണപ്പെരുപ്പത്തിലുപരി പൗരന്മാര്‍ രേഖപ്പെടുത്തിയ വോട്ടിന്റെ മൂല്യവും ധാര്‍മികതയുമാണ് ജനാധിപത്യത്തിന്റെ ജീവവായു. ഏതെങ്കിലും പാര്‍ട്ടിക്ക് അനുകൂലമോ പ്രതികൂലമോ ആയ കാഴ്ചപ്പാടായല്ല, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ സംരക്ഷിക്കുന്ന ഭരണഘടനാപരമായ ഇടപെടലായാണ് കോടതി പരാമര്‍ശങ്ങളെ വിലയിരുത്തേണ്ടത്.കോടതിയുടെ കാഴ്ചപ്പാട് ഫലവത്താകണമെങ്കില്‍, കൂറുമാറ്റ നിരോധന നിയമം കൂടുതല്‍ കര്‍ശനമാക്കുകയും രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനങ്ങള്‍ക്കും വിപ്പുകള്‍ക്കും നിയമസഭാ കക്ഷിയുടെ ഭൂരിപക്ഷത്തേക്കാള്‍ പ്രാമുഖ്യം നല്‍കുന്ന രാഷ്ട്രീയ സംസ്‌കാരം വളര്‍ന്നു വരികയും വേണം. ജനപ്രതിനിധികളുടെ ഭൂരിപക്ഷത്തേക്കാള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഔദ്യോഗിക തീരുമാനത്തിനും നിര്‍ദേശങ്ങള്‍ക്കും പ്രാമുഖ്യം കല്‍പ്പിക്കുന്ന സ്ഥിതിവിശേഷം സംജാതമാകണം. കുതിരക്കച്ചവടക്കാര്‍ക്കും കൂറുമാറ്റക്കാര്‍ക്കും സംരക്ഷണം നല്‍കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ പഴുതുകള്‍ കൊട്ടിയടക്കേണ്ടതുമുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രത്യേകിച്ചും കേന്ദ്ര ഭരണകക്ഷി അതിന് സന്നദ്ധമാകുമോ എന്നാണ് കണ്ടറിയേണ്ടത്.