തിരുവനന്തപുരം | സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പുള്ള ഓറഞ്ച് അലർട്ട് നിലനിൽക്കുന്നത്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.തെക്കുകിഴക്കൻ ബംഗാൾ കടലിന് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ 204 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയടിച്ചേക്കാം. പുലർച്ചെ കനത്ത മഴ പെയ്ത സാഹചര്യത്തിൽ മധ്യകേരളത്തിലെ ചില ജില്ലകളിൽ റെഡ് അലർട്ട് മുന്നറിയിപ്പും നൽകിയിരുന്നു.മഴ കടുക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻകൂട്ടി പരീക്ഷകൾക്ക് അവധി ബാധകമല്ല.മോശം കാലാവസ്ഥയും ശക്തമായ കാറ്റും നിലനിൽക്കുന്നതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ നിരോധനം ഏർപ്പെടുത്തി.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. ഉയർന്ന തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും മലയോര മേഖലയിലുള്ളവരും ദുരന്ത നിവാരണ അതോറിറ്റിയുടെയും കാലാവസ്ഥാ വകുപ്പിന്റെയും ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിപ്പുണ്ട്.Content Highlights:Heavy rain continues across Kerala with IMD issuing an orange alert for eight districts. Educational institutions in several districts were granted holidays. A cyclonic circulation over the Bay of Bengal drives the downpour with fishing banned along Kerala coast.