ഡോ. ശിഹാബുദ്ദീന്‍ പി(അസ്സിസ്റ്റന്റ്പ്രൊഫസര്‍, ഗവ. കോളജ് കൊണ്ടോട്ടി)എന്‍ ഇ പി 2020ന്റെ അടിസ്ഥാനത്തില്‍ ധൃതിപിടിച്ചും വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളാതെയുമാണ് 2024ല്‍ സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ (എഫ് വൈ യു ജി പി) ആരംഭിച്ചത്. സാധാരണഗതിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും കോളജുകളില്‍ നടപ്പാക്കി പ്രശ്നങ്ങളും പോരായ്മകളും മനസ്സിലാക്കി വിജയം ഉറപ്പിച്ചു വേണം വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍. വിമര്‍ശങ്ങളും മറ്റും ഉള്‍ക്കൊള്ളാതെ എടുത്ത തീരുമാനങ്ങളുടെ തിക്തഫലങ്ങള്‍ ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.എഫ് വൈ യു ജി പി നടപ്പാക്കിയതിലൂടെ ഉന്നത വിദ്യാഭ്യാസരംഗത്ത് ഉടലെടുത്ത പ്രശ്നങ്ങളും അതിന്റെ പരിഹാരങ്ങളും പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ ഒരു സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. അവര്‍ എല്ലാവിധ പ്രശ്‌നങ്ങളും പഠിച്ച് വിദ്യാര്‍ഥികള്‍ക്ക് അനുഗുണമായ രീതിയിലുള്ള റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന പ്രതീക്ഷയിലാണ് അക്കാദമിക സമൂഹം.ചില നിര്‍ദേശങ്ങള്‍സാധിക്കുമെങ്കില്‍ എഫ് വൈ യു ജി സമ്പ്രദായം തന്നെ നിര്‍ത്തല്‍ ചെയ്ത് ഇന്റേണ്‍ഷിപ് ഉള്‍പ്പെടുത്തി ആവശ്യമായ മാറ്റങ്ങളോടെ നേരത്തേയുണ്ടായിരുന്ന മൂന്ന് വര്‍ഷ ഡിഗ്രി പ്രോഗ്രാമുകള്‍ തന്നെ പുനരാരംഭിക്കുക. കാരണം, പുതിയ രീതിയില്‍ പ്രോഗ്രാമുകള്‍ ആരംഭിച്ചതോടെ ഓരോ വര്‍ഷവും അപേക്ഷകരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഡിഗ്രി പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷം വേണമെന്നും അതേസമയം ഡിഗ്രി പൂര്‍ത്തിയാക്കിയാല്‍ തന്നെ ജോലി ലഭിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രമുഖ സര്‍വകലാശാലകള്‍ വരെ നാല് വര്‍ഷ ഡിഗ്രിക്ക് പകരം മൂന്ന് വര്‍ഷ ഡിഗ്രി പ്രോഗ്രാമുകള്‍ നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തി കൊണ്ടിരിക്കുന്ന കാലത്താണ് ഇവിടെ നാല് വര്‍ഷ ഡിഗ്രി പ്രോഗ്രാമുകള്‍ ആരംഭിക്കുന്നത്.അഥവാ എഫ് വൈ യു ജി പി തുടരുകയാണെങ്കില്‍ തന്നെ പരീക്ഷകള്‍ക്ക് നിശ്ചയിച്ച സമയം, ചോദ്യങ്ങളുടെ എണ്ണം, മാര്‍ക്കുകളുടെ വിതരണം തുടങ്ങിയവ ശാസ്ത്രീയമായി പരിഷ്‌കരിക്കേണ്ടതുണ്ട്. ഓരോ സര്‍വകലാശാലയും ഓരോ രീതിയിലാണ് മേജര്‍, മൈനര്‍, എ ഇ സി എന്നീ കോഴ്‌സുകളുടെ ചോദ്യങ്ങളുടെ എണ്ണവും മാര്‍ക്കും നിശ്ചയിച്ചിട്ടുള്ളത് എന്നത് വലിയ പോരായ്മയാണ്. മാര്‍ക്കിന്റെ വിതരണത്തിലും ചോദ്യങ്ങളുടെ പാറ്റേണിലും ഏകീകൃത സ്വഭാവം കൊണ്ടുവരുന്നത് നന്നായിരിക്കും. ചോദ്യബേങ്ക് നിര്‍മാണത്തിലും ചോദ്യങ്ങളുടെ തിരഞ്ഞെടുപ്പിലുമുള്ള അശാസ്ത്രീയത പരിഹരിക്കണം. കാരണം, എഫ് വൈ യു ജി സമ്പ്രദായത്തില്‍ ചോദ്യബേങ്കിന് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ചോദ്യങ്ങളുടെ നിര്‍മാണവും അതിന്റെ ഗുണമേന്മയും ഉറപ്പുവരുത്തേണ്ടത് സര്‍വകലാശാലകളിലെ പഠന ബോര്‍ഡുകളുടെ ചുമതലയാണ്. ചോദ്യബേങ്കുകള്‍ തയ്യാറാക്കുന്നത് സിലബസിനകത്ത് നിന്നുള്ള ചോദ്യങ്ങള്‍ മാത്രമാണ് പരീക്ഷക്ക് വരുന്നത് എന്ന് ഉറപ്പ് വരുത്തുന്നതിനാണ്. എന്നാല്‍ ചോദ്യബേങ്കില്‍ നിന്ന് ചോദ്യങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തുന്നത് കമ്പ്യൂട്ടറുകളാണ് എന്ന് പറയുമ്പോള്‍ ആശങ്കകള്‍ വര്‍ധിക്കുന്നുണ്ട്.നിലവില്‍ സ്വയംഭരണ പദവി ഇല്ലാത്ത അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള വിദ്യാര്‍ഥി അഡ്മിഷന്‍ സര്‍വകലാശാലതലത്തില്‍ കേന്ദ്രീകൃത അലോട്ട്മെന്റ് വഴിയാണ് നടക്കുന്നത്. എന്നാല്‍ ഈ അലോട്ട്‌മെന്റ് പ്രക്രിയ തുടങ്ങി വ്യത്യസ്ത റിസര്‍വേഷന്‍ വിഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ ലഭ്യമല്ലാത്ത സീറ്റുകള്‍ പരിവര്‍ത്തനം ചെയ്ത് അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് രണ്ടോ മൂന്നോ മാസം സമയമെടുക്കുന്നുണ്ട്. ഇത് പരീക്ഷകളെയും ഉപരി പഠനത്തെയും ഒരുപോലെ ബാധിക്കുന്നു. അലോട്ട്‌മെന്റുകള്‍ വേഗത്തിലാക്കണം. തുടര്‍ന്ന് ഒഴിവുള്ള റിസര്‍വേഷന്‍ സീറ്റുകള്‍ സംബന്ധിച്ച് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ഒറ്റ പത്ര പരസ്യം നല്‍കണം.ശേഷം ഒഴിവുള്ള കോളജുകളില്‍ നേരിട്ട് ബന്ധപ്പെട്ട് അഡ്മിഷന്‍ നേടാന്‍ അവസരം നല്‍കിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. എഫ് വൈ യു ജി പി പ്രകാരം ഡിഗ്രി പൂര്‍ത്തിയാകുന്നവരെ നിലവിലുള്ള പി ജി പ്രോഗ്രാമിലേക്ക് എങ്ങനെ ഉൾച്ചേര്‍ക്കും എന്നതിനെ കുറിച്ചും മൂന്നാം വര്‍ഷം പുറത്തുപോയവര്‍ക്ക് പി ജി എങ്ങനെ വേണമെന്നും വ്യക്തത വരുത്തേണ്ടതുണ്ട്. നിലവില്‍ ബി എഡ് അഡ്മിഷന് വേണ്ട മാനദണ്ഡങ്ങളിലും സമൂലമാറ്റം അനിവാര്യമാണ്. അതോടൊപ്പം തന്നെ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാം നടപ്പാക്കണമെങ്കില്‍ അതിന് ആവശ്യമായ നിയമനിര്‍മാണം തന്നെ വേണ്ടി വരുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. Content Highlights:The implementation of four-year undergraduate programs (FYUGP) in Kerala under NEP 2020 has triggered a major crisis in the higher education sector. An opposition UDF committee has been formed to study issues, review student concerns, and propose necessary policy interventions. Experts suggest either reverting to three-year degree courses with internships or standardizing examination patterns, admission processes, and question banks.