കൊച്ചി | ലക്ഷദ്വീപില്‍ എന്തുകൊണ്ട് ഒരു മുഴുവന്‍ സമയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നില്ലെന്ന് ഹൈക്കോടതി. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ ഭരണ പ്രതിസന്ധികളും ദുര്‍ഭരണവും ചൂണ്ടിക്കാട്ടി മുഴുവന്‍ സമയ അഡ്മനിസ്‌ട്രേറ്ററെ നിയമിക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹരജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് കേന്ദ്ര സര്‍ക്കാരിനോടും അഡ്മിനിസ്‌ട്രേഷനോടും ചോദ്യമുന്നയിച്ചത്.നിലവിലെ അഡ്മിനിസ്‌ട്രേറ്ററുടെയും ഉപദേശകരുടെയും ഭാഗത്തുനിന്ന് ഏകപക്ഷീയവും അനിയന്ത്രിതവുമായ നടപടികള്‍ ഉണ്ടാകുന്നതായി ഹരജിയില്‍ ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും തദ്ദേശീയ അവകാശങ്ങളെയും ബാധിക്കുന്ന തീരുമാനങ്ങള്‍ കൂടിയാലോചനകളില്ലാതെ നടപ്പിലാക്കുകയാണ്. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളുടെ അധികച്ചുമതല കൂടിയുള്ളതിനാല്‍ ലക്ഷദ്വീപിന്റെ ഭരണകാര്യങ്ങളില്‍ പൂര്‍ണശ്രദ്ധ നല്‍കാന്‍ സാധിക്കുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ ചുമതല വഹിക്കുന്ന പ്രഫുല്‍ ഖോഡ പട്ടേലാണ് നിലവില്‍ ലക്ഷദ്വീപിന്റെയും അഡ്മിനിസ്‌ട്രേറ്ററായി തുടരുന്നത്. സമീപകാലത്ത് ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കിയ വിവിധ പരിഷ്‌കാരങ്ങള്‍ക്കെതിരെ ദ്വീപ് നിവാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു പൂര്‍ണസമയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.Content Highlights:Kerala High Court has questioned why a full-time administrator has not been appointed for Lakshadweep. The court sought a response regarding governance concerns in the island territory. Further developments are awaited on this judicial inquiry.