22 വർഷം ജയിലിൽ; ഒടുവിൽ കുറ്റവിമുക്തൻ

Wait 5 sec.

ന്യൂഡൽഹി | കൊലപാതകക്കേസിൽ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിയെ 22 വർഷത്തെ തടവിന് ശേഷം കുറ്റവിമുക്തനാക്കി സുപ്രീം കോടതി. ദുർബലമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചതെന്നും ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ പരാജയമാണിതെന്നും പ്രതിയുടെ ശിക്ഷ ശരിവെച്ച ഒറീസ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.വിചാരണക്കോടതി തെളിവുകൾ ശരിയായി വിലയിരുത്തുന്നതിൽ പരാജയപ്പെട്ടു. ഹൈക്കോടതി മൂകസാക്ഷിയായി തുടർന്നു. അതിന്റെ ഫലമായി ഒരു വ്യക്തിയുടെ ജീവിതത്തിൽ നിന്ന് 22 വർഷം മാഞ്ഞുപോയെന്നും കുറ്റസമ്മതം നടത്തുന്നതിനായി മൂന്നാംമുറ പീഡനത്തിന് വിധേയനാകുകയും ചെയ്തുവെന്നും ബഞ്ച് നിരീക്ഷിച്ചു.മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട അരുൺ ജാനി എന്ന വ്യക്തിയുടേതാണ് കേസ്. സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ സ്വീകാര്യമല്ലാത്ത മൂന്നാംമുറ രീതികൾ ഉപയോഗിച്ച് പോലീസ് കുറ്റസമ്മത മൊഴി വാങ്ങുകയായിരുന്നു. കേസിൽ ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ജയിലിൽ കഴിഞ്ഞിരുന്ന പ്രതി 3,157 ദിവസത്തിന് ശേഷം നൽകിയ അപ്പീൽ കാലതാമസം ചൂണ്ടിക്കാട്ടി ഒറീസ ഹൈക്കോടതി തള്ളി. ഇതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.ഹൈക്കോടതി അപ്പീൽ തള്ളുമ്പോൾ 12 വർഷത്തെ തടവ് അനുഭവിച്ചു. സുപ്രീം കോടതി കേസ് കേട്ട് തീർപ്പാക്കുന്നതിന് മുമ്പ് പത്ത് വർഷം കൂടി ജയിൽശിക്ഷ അനുഭവിച്ചു. തടവുകാർ വൈകിയ അപ്പീലുകൾ ഫയൽ ചെയ്യുമ്പോൾ ഭരണഘടനാ കോടതികൾ ഉദാരമായ സമീപനം സ്വീകരിക്കണമെന്ന് ബഞ്ച് പറഞ്ഞു. ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ആളുകൾക്ക് നീതി ലഭ്യമാകുന്നത് ബുദ്ധിമുട്ടാണെന്നും നടപടിക്രമങ്ങളിലെ കാലതാമസം കാരണം അവരുടെ ശിക്ഷാവിധികളെ ചോദ്യം ചെയ്യാനുള്ള അവസരം കോടതികൾ നിഷേധിക്കരുതെന്നും ബഞ്ച് പറഞ്ഞു. മോചിതനാകുന്ന പ്രതിയെജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ പുനരധിവസിപ്പിക്കാൻ ഒഡിഷയിലെകോരാപുട്ടിലെ ജില്ലാ നിയമ സേവന അതോറിറ്റിയോട് ബഞ്ച് നിർദേശിച്ചു.