കാലടി സംസ്കൃത സർവകലാശാലയിലെ സസ്പെൻഷൻ നടപടി; പരീക്ഷ എഴുതാൻ അനുമതി തേടി വിദ്യാർഥികൾ സുപ്രീംകോടതിയിൽ

Wait 5 sec.

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷൻ നേരിട്ട വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചു. പരീക്ഷാ രജിസ്ട്രേഷൻ പൂർത്തിയാക്കി ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് വിദ്യാർഥികൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.അന്വേഷണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സസ്പെൻഷൻ ശിക്ഷാനടപടിയായി കണക്കാക്കാനാവില്ലെന്നാണ് വിദ്യാർഥികളുടെ വാദം. പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ സുപ്രീംകോടതിയുടെ തീരുമാനം നിർണായകമാകും. പി.ജി പരീക്ഷകൾ ഇന്ന് ആരംഭിക്കാനിരിക്കെ സമരത്തിൽ പങ്കെടുക്കുന്ന ഏഴ് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകും. നവംബർ ആറിന് ആരംഭിക്കുന്ന യു.ജി പരീക്ഷ എഴുതേണ്ട മൂന്ന് വിദ്യാർഥികളും സസ്പെൻഷൻ നടപടി നേരിടുന്നുണ്ട്.ഒക്ടോബർ 30നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വിദ്യാർഥികൾക്ക് അനുകൂലമായി ഉത്തരവിട്ടത്. ഒക്ടോബർ 31നകം പരീക്ഷാ രജിസ്ട്രേഷൻ പൂർത്തിയാക്കാനും ഫീസ് അടയ്ക്കാനുമുള്ള സൗകര്യം ഒരുക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ നിർദേശം. എന്നാൽ ഉത്തരവിനെതിരെ വൈസ് ചാൻസലർ സിസ തോമസ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.തുടർന്ന് സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച്, വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകാനാകില്ലെന്ന് വ്യക്തമാക്കി. ചട്ടങ്ങൾ പാലിക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായതെന്നും യു.ജി.സി മാനദണ്ഡങ്ങളും സർവകലാശാല നിയമവും പരിഗണിച്ചില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. വൈസ് ചാൻസലറുടെ അപ്പീൽ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.മതിയായ ഹാജരില്ലാത്തതിനാൽ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കാനാകില്ലെന്നാണ് വൈസ് ചാൻസലറുടെ നിലപാട്. അതേസമയം, സസ്പെൻഷൻ നേരിട്ട മറ്റ് വിദ്യാർഥികൾ പരീക്ഷ എഴുതണമെങ്കിൽ മാപ്പപേക്ഷ നൽകണമെന്നാണ് സർവകലാശാലയുടെ നിർദേശം. എന്നാൽ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ.The post കാലടി സംസ്കൃത സർവകലാശാലയിലെ സസ്പെൻഷൻ നടപടി; പരീക്ഷ എഴുതാൻ അനുമതി തേടി വിദ്യാർഥികൾ സുപ്രീംകോടതിയിൽ appeared first on ഇവാർത്ത | Evartha.