ന്യൂഡല്‍ഹി | അറസ്റ്റ് നടപടികളിലെ 24 മണിക്കൂര്‍ സമയപരിധിയില്‍ നിര്‍ണായക വ്യക്തതവരുത്തി സുപ്രീം കോടതി. ഒരാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ട 24 മണിക്കൂര്‍ കണക്കാക്കേണ്ടത് ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതലല്ല, മറിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത സമയം മുതലാണെന്ന് കോടതി വ്യക്തമാക്കി.അറസ്റ്റ് രേഖപ്പെടുത്തുന്നത് വൈകിപ്പിച്ച് ഭരണഘടന ഉറപ്പുനല്‍കുന്ന സമയപരിധി മറികടക്കാനാകില്ല. അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതല്‍ 24 മണിക്കൂര്‍ കണക്കാക്കണമെന്ന നിലപാട് ഭരണഘടനാവിരുദ്ധമാണ്. 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയില്ലെങ്കില്‍ അയാളെ ഉടന്‍ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കേണ്ടതാണ്. പ്രതിയെ ഹാജരാക്കുമ്പോള്‍, പോലീസ് യഥാര്‍ഥത്തില്‍ എപ്പോഴാണ് അയാളെ കസ്റ്റഡിയില്‍ എടുത്തതെന്ന് മജിസ്ട്രേറ്റ് രേഖപ്പെടുത്തണം. 24 മണിക്കൂര്‍ മാനദണ്ഡം പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ലംഘനം നടന്നിട്ടുണ്ടെങ്കില്‍ പ്രതിയെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവിടുകയും വേണമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു.ത്രിപുരയില്‍ എന്‍ ഡി പി എസ് നിയമപ്രകാരം കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 29ന് ഉച്ചക്ക് രണ്ടിന് കസ്റ്റഡിയില്‍ എടുക്കുകയും 30ന് രാവിലെ 11ന് മാത്രം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത നാല് പ്രതികളുടെ കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്. അറസ്റ്റ്, കസ്റ്റഡിയിലെടുക്കല്‍ എന്നിവ രണ്ടായി കാണാന്‍ കഴിയില്ലെന്നും ഭരണഘടനയുടെ 22(2) അനുച്ഛേദ പ്രകാരം, രണ്ടും ഒന്നുതന്നെയാണെന്നും കോടതി വ്യക്തമാക്കി. താത്കാലികമായി ഒരാളുടെ മൗലികാവകാശങ്ങള്‍ റദ്ദാക്കാന്‍ പോലീസിന് അധികാരമില്ല.കസ്റ്റഡിയിലെടുത്ത സ്ഥലം മുതല്‍ മജിസ്ട്രേറ്റ് കോടതിയിലേക്കുള്ള യാത്രാസമയം മാത്രമാണ് ഈ 24 മണിക്കൂറില്‍ നിന്ന് ഒഴിവാക്കാന്‍ ഭരണഘടന അനുശാസിക്കുന്നത്.അന്വേഷണത്തിനോ ചോദ്യം ചെയ്യലിനോ എടുത്ത സമയം ഇതില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.Content Highlights: The court emphasized that police custody of an accused person should not be unnecessarily extended. Authorities are legally bound to produce any arrested individual before a magistrate within 24 hours. This directive aims to protect fundamental constitutional rights and prevent illegal detention.