മലപ്പുറം| കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു തട്ടിക്കൊണ്ടുപോയി സ്വര്‍ണം പൊട്ടിക്കല്‍ സംഭവം കണ്ണൂര്‍ സ്വദേശിനി പ്രിയങ്ക ആസൂത്രണം ചെയ്ത നാടകമായിരുന്നുവെന്നു കണ്ടെത്തി. ദുബൈയില്‍ നിന്നു സ്വര്‍ണവുമായെത്തിയ പ്രിയങ്കയെ കാറിലെത്തി തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ച്ച ചെയ്തെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പ്രിയങ്കയുടേയും കൂട്ടു പ്രതികളുടെ ശ്രമം. ഭര്‍ത്താവറിയാതെയാണ് പ്രിയങ്ക സ്വര്‍ണം കടത്തിയതെന്നാണു വിവരം.ദുബൈയില്‍നിന്നു സ്വര്‍ണം കടത്തി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശിനി പ്രിയങ്കയെകഴിഞ്ഞദിവസം വിമാനത്താവളത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സംഭവം സ്വര്‍ണം പൊട്ടിക്കലാണെന്ന നിഗമനത്തില്‍ പോലീസ് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ കാര്‍ പിന്തുടര്ന്നു. പുളിക്കലില്വെച്ച് പോലീസ് കാര്‍ തടഞ്ഞ് പ്രതികളെ പിടികൂടി യുവതിയെ മോചിപ്പിച്ചു. പ്രതികളെയും പ്രിയങ്കയെയും ചോദ്യംചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകമാണെന്നു വ്യക്തമായത്.പ്രിയങ്കയും നാട്ടുകാരനും സുഹൃത്തുമായ ശ്രീലാലും ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോകലും സ്വര്‍ണകവര്‍ച്ചയും ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. പ്രിയങ്കയും ശ്രീലാലും ഇതുസംബന്ധിച്ച് ഗൂഢാലോചന നടത്തിയതിന്റെ വാട്സാപ്പ് തെളിവുകളും പോലീസിന് ലഭിച്ചു. വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്ക് പോകാന്‍ പ്രിയങ്ക തന്നെയാണ് നാട്ടില്‍നിന്ന് ഈ കാര്‍ ഏര്‍പ്പാടാക്കിയത്.പ്രിയങ്കയുടെ ഭര്‍ത്താവും ഇതേ കാറിലുണ്ടായിരുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് നിരപരാധിയാണെന്ന് പോലീസ് പറയുന്നു. ഇതോടെ ഭര്‍ത്താവിനെ കേസില്‍ പ്രതിചേര്‍ക്കാതെ വിട്ടയച്ചു. പ്രിയങ്കയും ഭര്‍ത്താവും ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് ആദ്യംനല്‍കിയ വിവരം. എന്നാല്‍, വിശദമായ അന്വേഷണത്തിലും ചോദ്യംചെയ്യലിലുമാണ് ഭര്‍ത്താവിന് പങ്കില്ലെന്ന് തെളിഞ്ഞത്. ഭര്‍ത്താവിനെ പ്രതിചേര്‍ക്കാതെ വിട്ടയച്ചെങ്കിലും കേസില്‍ പ്രിയങ്കയും ശ്രീലാലും അടക്കമുള്ള നാല് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.Content Highlights: Police revealed the alleged kidnapping of a Kannur native Priyanka from Karipur airport was a staged drama to execute a gold heist. Priyanka and her accomplice Sreelal planned the abduction without her husband’s knowledge. Police intercepted the vehicle at Pulikkal and remanded four accused.