വിജയ് സർക്കാരിനെ താഴെയിറക്കാൻ ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ചേർന്ന് ടിവികെ എംഎൽഎമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നതായി തമിഴ്നാട് വൈദ്യുതി മന്ത്രി നിർമൽ കുമാർ. ഓരോ എംഎൽഎയ്ക്കും 60 മുതൽ 70 കോടി രൂപ വരെ വാഗ്ദാനം ചെയ്തെന്നാണ് മന്ത്രിയുടെ ആരോപണം. എന്നാൽ ടിവികെയിലെ ഒരംഗവും പണം സ്വീകരിക്കുകയോ പാർട്ടി വിടുകയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ടിവികെ എംഎൽഎമാരെ ബന്ധപ്പെടാനും പണം നൽകി പാർട്ടിയിൽനിന്ന് അടർത്തിയെടുക്കാനും ശ്രമം തുടങ്ങിയെന്നാണ് നിർമൽ കുമാറിന്റെ ആരോപണം. ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണയോടെ ഡിഎംകെയും എഐഎഡിഎംകെയും ചേർന്ന് പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമാനമായ രാഷ്ട്രീയ നീക്കങ്ങൾ ഇനിയും ആസൂത്രണം ചെയ്യുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.ബിജെപിയുടെ പിന്തുണയോടെ ഡിഎംകെ–എഐഎഡിഎംകെ സഖ്യം രൂപീകരിച്ച് എടപ്പാടി കെ. പളനിസാമിയെ മുഖ്യമന്ത്രിയാക്കി പുതിയ സർക്കാർ അധികാരത്തിലെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും നിർമൽ കുമാർ ആരോപിച്ചു.അതേസമയം, മന്ത്രിയുടെ ആരോപണങ്ങൾ ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നീ പാർട്ടികൾ നിഷേധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എഐഎഡിഎംകെയുടെ ആറ് എംഎൽഎമാർ രാജിവച്ച് ടിവികെയിൽ ചേർന്നത് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെയുടെ തിരിച്ചടി. കുതിരക്കച്ചവടത്തിലൂടെയാണ് ഭരണകക്ഷി അധികാരം നിലനിർത്തുന്നതെന്നായിരുന്നു ഡിഎംകെയുടെ ആരോപണം.The post വിജയ് സർക്കാരിനെ താഴെയിറക്കാൻ 70 കോടി വരെ വാഗ്ദാനം ചെയ്തെന്ന് ആരോപണം; സ്റ്റാലിനും ഉദയനിധിക്കുമെതിരെ മന്ത്രി appeared first on ഇവാർത്ത | Evartha.