പന്തളം | ശബരിമലയില്‍ തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സമഗ്രമായ ആരോഗ്യപരിരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് ആവിഷ്കരിച്ച ‘സ്വാസ്ഥ്യം ശരണം’. ആരോഗ്യത്തോടെ ശരണയാത്ര’ ബോധവത്ക്കരണ ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം മന്ത്രി കെ മുരളീധരന് നിര്‍വഹിച്ചു. മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയിലേക്കെത്തുന്ന ഓരോ ഭക്തന്റെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടന പാതയിലും വിവിധ ഇടത്താവളങ്ങളിലും വിപുലമായ ആരോഗ്യസംവിധാനങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളത്.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍, അടിയന്തര ചികിത്സാ സൗകര്യങ്ങള്‍, വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം, ഹൃദയസംബന്ധമായ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള പ്രത്യേക സംവിധാനങ്ങള്‍ എന്നിവ തീര്‍ഥാടകര്‍ക്ക് പ്രയോജനപ്പെടും. പ്രായമായ തീര്‍ഥാടകരും വിവിധ ജീവിതശൈലീ രോഗങ്ങളുള്ളവരും മലകയറ്റത്തിനിടെ ആരോഗ്യപ്രശ്നങ്ങള്‍ നേരിടാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകളും ആരോഗ്യ ബോധവത്ക്കരണവും ക്യാമ്പയിനിന്റെ ഭാഗമായി ശക്തിപ്പെടുത്തും. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ സുരക്ഷിതമായ ചികിത്സാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കും. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെയും വിവിധ വിഭാഗങ്ങളുടെയും ഏകോപനത്തിലൂടെ തീര്‍ഥാടനകാലം സുരക്ഷിതവും ആരോഗ്യകരവുമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ‘ സ്വാസ്ഥ്യം ശരണം’ ആരോഗ്യത്തോടെ ശരണയാത്ര, ബോധവത്ക്കരണ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.ചടങ്ങില്‍ ആന്റോ ആന്റണി എം പി, സി വി ശാന്തകുമാര്‍ എം എല്‍ എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, ശബരിമല ആരോഗ്യവകുപ്പ് സംസ്ഥാന നോഡല്‍ ഓഫീസറുമായ ഡോ. ജെ മണികണ്ഠന്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി തോമസ് സംബന്ധിച്ചു.Content Highlights: The official launch of the Swasthyam Sharanam awareness campaign aims to provide comprehensive health protection and emergency medical assistance for Sabarimala pilgrims. Health authorities have deployed specialized medical teams and awareness drives along pilgrimage routes to ensure quick medical relief.