തങ്ങളുടെ ജീവനക്കാരെ ഒഴിവാക്കുന്ന മറ്റ് മുന്‍നിര ടെക് കമ്പനികളുടെ പാത പിന്തുടര്ന്ന് മൈക്രോസോഫ്റ്റില്‍ നിന്ന് പുതിയൊരു വലിയ വെട്ടിച്ചുരുക്കല്‍ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. തങ്ങളുടെ ആഗോള തൊഴില്‍ സേനയുടെ നാലിലൊന്നിലധികം വരുന്ന ഏകദേശം 60,000 ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പാക്കേജ് നല്‍കാനാണ് മൈക്രോസോഫ്റ്റ് തീരുമാനം. ആഗോളതലത്തില്‍ മറ്റ് മള്‍ട്ടിനാഷനല്‍ കമ്പനികള്‍ നടപ്പാക്കി വരുന്ന തൊഴില്‍ വെട്ടിച്ചുരുക്കലുകളുടെ തുടര്‍ച്ചയായി തന്നെയാണ് ഈ നീക്കവും വിലയിരുത്തപ്പെടുന്നത്. നിര്‍മിത ബുദ്ധിയിലുള്ള കമ്പനിയുടെ ഭീമമായ നിക്ഷേപങ്ങള്‍ക്ക് പണം കണ്ടെത്താനും പ്രവര്‍ത്തനച്ചെലവുകള്‍ നിയന്ത്രിക്കാനുമായി ഇത്രയും ജീവനക്കാരെ ഒഴിവാക്കുന്നത് ആധുനിക കോര്‍പറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ പുനഃക്രമീകരണങ്ങളില്‍ ഒന്നാണ്.അമേരിക്ക, ബ്രിട്ടന്, കാനഡ എന്നിവക്കൊപ്പം ഇന്ത്യയിലുള്ള ജീവനക്കാര്‍ക്കും ഈ പാക്കേജ് ബാധകമാണ് എന്നത് ഇന്ത്യന്‍ ഐടി മേഖലയെ സംബന്ധിച്ച് കടുത്ത ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇന്ത്യയിലെ ഏകദേശം 23,000 ജീവനക്കാരാണ് ഇതിന്റെ ഭാഗമാകേണ്ടി വരിക. 2026 ജൂണ്‍ 30ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ 2,23,000 മുഴുവന്‍ സമയ ജീവനക്കാരാണ് മൈക്രോസോഫ്റ്റിനുള്ളത്. ഇതില്‍ “ലെവല്‍ 70’ഉം അതിനു താഴെയുമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ഈ സ്വയം വിരമിക്കല്‍ ഓഫര്‍ ലഭിക്കുക. വിൻഡോസ് ആൻഡ് ഡിവൈസസ്, എക്സ്ബോക്സ്, കോപൈലറ്റ്, എ ഐ എക്സ്പീരിയൻസസ്, ഫിനാൻസ്, എച്ച് ആർ തുടങ്ങിയ സുപ്രധാന വിഭാഗങ്ങളിലെ ജീവനക്കാർക്കെല്ലാം ഈ ഓഫർ ബാധകമാകും. അതേസമയം മാര്‍ക്കറ്റിംഗ്, കൊമേഴ്ഷ്യല്‍ ബിസിനസ്സ്, സെക്യൂരിറ്റി എന്നീ വിഭാഗങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. .മൈക്രോസോഫ്റ്റിന്റെ ഈ നീക്കം ഒറ്റപ്പെട്ട ഒന്നല്ല എന്നതാണ് യാഥാര്‍ഥ്യം. ഗൂഗിള്‍, മെറ്റ, ഒറാക്കിള്‍, ആമസോണ്‍ തുടങ്ങിയ വമ്പന്‍ മള്‍ട്ടിനാഷനല്‍ കമ്പനികളെല്ലാം കഴിഞ്ഞ കുറച്ചു കാലങ്ങളായി കൂട്ടപ്പിരിച്ചുവിടലിന്റെ പാതയിലാണ്. കൃത്യമായ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാകും. തൊഴില്‍ നഷ്ടങ്ങളെക്കുറിച്ച് പഠിക്കുന്ന ലേഓഫ്സ്. എഫ് വൈ ഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സമീപ വര്‍ഷങ്ങളില്‍ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്കാണ് ആഗോളതലത്തില്‍ ജോലി നഷ്ടപ്പെട്ടത്. മൈക്രോസോഫ്റ്റിന്റെ തന്നെ സ്വന്തം ചരിത്രമെടുത്താല്‍ ഇതിനു മുമ്പ് നടന്ന ഏറ്റവും വലിയ തൊഴില്‍ വെട്ടിച്ചുരുക്കലുകള്‍ 2014ല്‍ നോക്കിയയില്‍ നിന്ന് 18,000 പേരെയും, 2023ല്‍ 10,000 പേരെയും ഒഴിവാക്കിയതായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന 60,000 എന്ന സംഖ്യ മൈക്രോസോഫ്റ്റിന്റെ മുന്‍കാല റെക്കോര്‍ഡുകളെ മുഴുവന്‍ നിഷ്പ്രഭമാക്കുന്നതാണ്.ആഗോള കോര്‍പറേറ്റ് ലോകത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, പതിനായിരക്കണക്കിന് മനുഷ്യരെ ഒരൊറ്റ തീരുമാനത്തിലൂടെ ഒഴിവാക്കിയ സംഭവങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. 1991ല്‍ വാഹന നിര്‍മാണ രംഗത്തെ വമ്പന്മാരായ ജനറല്‍ മോട്ടോഴ്സ് തങ്ങളുടെ ഫാക്ടറികള്‍ അടച്ചുപൂട്ടുകയും 74,000 ജീവനക്കാരെ ഘട്ടംഘട്ടമായി വെട്ടിച്ചുരുക്കുകയും ചെയ്തു. 1993ല്‍ കമ്പ്യൂട്ടര്‍ ഭീമനായ ഐ ബി എം തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയെ നേരിട്ടപ്പോള്‍ ഒറ്റയടിക്ക് ഒഴിവാക്കിയത് 60,000 ജീവനക്കാരെയായിരുന്നു. 1993ല്‍ സിയേഴ്സ് 50,000 പേരെയും സാമ്പത്തിക മാന്ദ്യകാലത്ത് സിറ്റി ഗ്രൂപ്പ് 52,000 പേരെയും ഒഴിവാക്കിയിരുന്നു. എന്നാല്‍ മുന്‍കാലങ്ങളില്‍ കമ്പനികള്‍ കടുത്ത സാമ്പത്തിക നഷ്ടത്തിലായപ്പോഴാണ് ഇത്തരത്തില്‍ ആളുകളെ ഒഴിവാക്കിയതെങ്കില്‍, ഇന്ന് മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ റെക്കോര്‍ഡ് ലാഭത്തിലും ഓഹരി മൂല്യം ഉയര്‍ന്നു നില്‍ക്കുമ്പോഴുമാണ് ജീവനക്കാരെ പടിയിറക്കുന്നത് എന്നതാണ് കാതലായ വ്യത്യാസം.ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പോലും ജീവനക്കാരെ ഒഴിവാക്കുന്നതിന് പിന്നില്‍ പ്രധാനമായും അഞ്ച് കാരണങ്ങളാണുള്ളത്. ഒന്നാമതായി, നിര്‍മിത ബുദ്ധിയിലേക്കുള്ള ചുവടുമാറ്റവും അതിനായുള്ള ഭീമമായ ചെലവുമാണ്. എ ഐ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ചിപ്പുകള്‍ വാങ്ങുന്നതിനുമായി മൈക്രോസോഫ്റ്റ് ഈ വര്‍ഷം മാത്രം നീക്കിവെച്ചിരിക്കുന്നത് 175 ബില്യണ്‍ ഡോളറാണ് (ഏകദേശം 14.5 ലക്ഷം കോടി രൂപ). ഈ ഭീമമായ നിക്ഷേപത്തിനുള്ള പണം കണ്ടെത്താന്‍ പരമ്പരാഗത തസ്തികകളിലെ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നു. രണ്ടാമതായി, കൊവിഡ് മഹാമാരി കാലത്ത് ഡിജിറ്റല്‍ ആവശ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഉണ്ടായ അമിത നിയമനങ്ങള്‍ വരുത്തിവെച്ച ബാധ്യതകളാണ്. മൂന്നാമതായി, മിഡില്‍ മാനേജ്മെന്റ് തട്ടുകള്‍ വെട്ടിനിരത്തി കമ്പനിയുടെ വലിപ്പം കുറച്ച് ഉത്പാദനക്ഷമത എന്ന പുതിയ കോര്‍പറേറ്റ് തന്ത്രമാണ്.നാലാമതായി, കോഡിംഗും ഡാറ്റാ അനാലിസിസും ഉള്‍പ്പെടെയുള്ള വൈറ്റ് കോളര്‍ ജോലികളിലേക്ക് അതിവേഗം പടരുന്ന ഓട്ടോമേഷനാണ്. മൈക്രോസോഫ്റ്റിന്റെ സ്വന്തം എ ഐ വിഭാഗങ്ങളില്‍പ്പോലും ആളുകളെ കുറയ്ക്കുന്നത് സാങ്കേതികവിദ്യ മനുഷ്യശേഷിയെ മറികടക്കുന്നതിന്റെ തെളിവാണ്. അഞ്ചാമതായി, ഉയര്‍ന്ന വരുമാനം നല്‍കാത്ത പ്രൊജക്റ്റുകള്‍ ഉപേക്ഷിച്ച് ഭാവി സുരക്ഷിതമാക്കാന്‍ കമ്പനികള്‍ നടപ്പാക്കുന്ന മുന്‍കൂര്‍ സാമ്പത്തിക അച്ചടക്കമാണ്. ചുരുക്കത്തില്‍, മൈക്രോസോഫ്റ്റിലെ ഈ വന്‍ കൊഴിഞ്ഞുപോക്ക് കേവലം ഒരു കമ്പനിയുടെ ആഭ്യന്തര തീരുമാനമല്ല, മറിച്ച് ആഗോള തൊഴില്‍ സംസ്കാരത്തിന്റെ തന്നെ പൊളിച്ചെഴുത്താണ്. കോടിക്കണക്കിന് ഡോളര്‍ എ ഐയിലേക്ക് ഒഴുക്കി കമ്പനികള്‍ കൂടുതല്‍ കരുത്താര്‍ജിക്കുമ്പോഴാണ് മനുഷ്യശേഷി പുറന്തള്ളപ്പെടുന്നത്. സുരക്ഷിതമായ ഐ ടി ജോലികള്‍ എന്ന പരമ്പരാഗത സങ്കല്‍പ്പം പഴങ്കഥയാകുന്നുവെന്നും നിര്‍മിത ബുദ്ധിയുടെ കാലത്ത് നിരന്തരം സ്വയം നവീകരിക്കുന്നവര്‍ക്ക് മാത്രം നിലനില്‍പ്പുള്ള ഒരു പുതിയ തൊഴില്‍ യുഗത്തിലേക്കാണ് നാം നീങ്ങുന്നതെന്നും ഈ മാറ്റങ്ങള്‍ വ്യക്തമാക്കുന്നു.