100 ടൺ സവാള വിപണിയിലെത്തിക്കും; കിലോയ്ക്ക് 35 നിരക്കിൽ ഹോർട്ടികോർപ്പ് സപ്ലൈകോ വഴി വിതരണംസവാള വിലവർധനയിൽ ജനങ്ങൾക്ക് ആശ്വാസമൊരുക്കാൻ ശക്തമായ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ. വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും ക്രമാതീതമായ വിലവർധന നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തുമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.സി.സി.എഫ്.) വഴി 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കും. ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകിക്കഴിഞ്ഞു. സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്ലെറ്റുകൾ വഴി കിലോയ്ക്ക് 35 നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. സവാള വിലവർധനയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിച്ച് പി.ആർ. ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്തെ വിവിധ വിപണികളിൽ സവാള വില ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖിന്റെയും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് അടിയന്തര വിപണി ഇടപെടലിന് തീരുമാനമായത്. കൊല്ലങ്കോട്, കായംകുളം, ചാല, നോർത്ത് പറവൂർ തുടങ്ങിയ വിപണികളിൽ സവാളയുടെ മൊത്തവ്യാപാര വില കിലോയ്ക്ക് 58 മുതൽ 80 വരെ ഉയർന്ന സാഹചര്യത്തിൽ ഇത്തരം വിപണികൾക്ക് ആദ്യഘട്ടത്തിൽ മുൻഗണന നൽകും. തുടർന്ന് മറ്റ് പ്രദേശങ്ങളിലേക്കും ഇടപെടൽ വ്യാപിപ്പിക്കും.നാസിക്, കർണാടക ഉൾപ്പെടെയുള്ള പ്രധാന ഉൽപാദന കേന്ദ്രങ്ങളിലെ വിലവർധന, മൊത്തവ്യാപാരികളുടെ സംഭരണം, കർഷകരിൽ നിന്ന് ആവശ്യത്തിന് സവാള വിപണിയിലെത്താത്ത സാഹചര്യം എന്നിവ നിലവിലെ വിലവർധനയ്ക്ക് കാരണമായതായി മന്ത്രി പറഞ്ഞു. ആവശ്യാനുസരണം കൂടുതൽ സവാള വിപണിയിലെത്തിക്കുമെന്നും ഇതിനായി പണം തടസ്സമാകില്ലെന്നും മന്ത്രി വ്യക്തമാക്കി.ഹോർട്ടികോർപ്പും സപ്ലൈകോയും സംയുക്തമായാണ് വിതരണം ഏകോപിപ്പിക്കുക. ഹോർട്ടികോർപ്പിന്റെ മൊബൈൽ ഔട്ട്ലെറ്റുകളും വിൽപ്പനയ്ക്കായി പ്രയോജനപ്പെടുത്തും. സംഭരിക്കുന്ന സവാള നശിച്ചുപോകാതിരിക്കാൻ വാഴക്കുളത്തെ കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള സംഭരണ സൗകര്യങ്ങൾ സജ്ജമാക്കും. വിപണിയിലെ വിലയും ലഭ്യതയും നിരന്തരം നിരീക്ഷിച്ച് ആവശ്യമായ തുടർ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.കഴിഞ്ഞ ഓണക്കാലത്ത് പച്ചക്കറി വില നിയന്ത്രിക്കുന്നതിനായി കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ. എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ 2,000 പച്ചക്കറി ചന്തകൾ നടത്തിയിരുന്നു. വിപണി ഇടപെടലിലൂടെ പച്ചക്കറി വിലയിൽ 38 ശതമാനം വരെ കുറവ് വരുത്താൻ കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. സാധാരണയായി ഓണത്തിന് ശേഷം വില കുറയുന്ന സാഹചര്യമാണുള്ളതെങ്കിലും ഇത്തവണ പ്രധാന ഉൽപാദന കേന്ദ്രങ്ങളിൽ പോലും വില ഉയർന്നുനിൽക്കുന്നതിനാലാണ് സർക്കാർ അടിയന്തര ഇടപെടലിലേക്ക് കടന്നതെന്നും മന്ത്രി പറഞ്ഞു.പ്രളയബാധിത കർഷകർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ ഊർജിതമായി മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.പ്രളയബാധയുടെ സ്വഭാവവും വ്യാപ്തിയും സംബന്ധിച്ച KSDMA നോട്ടിഫിക്കേഷൻ പുറത്തുവന്നശേഷം തുടർ സാമ്പത്തിക സഹായ നടപടികളിലേക്ക് കടക്കും. വിളനാശത്തിന്റെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയതായും നിലവിൽ ഫിസിക്കൽ വെരിഫിക്കേഷനായി പ്രത്യേക ഡ്രൈവ് നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. പരിശോധനയിലൂടെ നഷ്ടത്തിന്റെ തോത് നിർണയിച്ചശേഷം അർഹരായ കർഷകർക്ക് വിള ഇൻഷുറൻസ്, പ്രകൃതിക്ഷോഭ വിളനാശത്തിനുള്ള സാമ്പത്തിക സഹായം തുടങ്ങിയ വിവിധ പദ്ധതികളിലൂടെ സഹായം ലഭ്യമാക്കും. കർഷകർക്കുണ്ടായ ആസ്തിനഷ്ടവും പരിശോധനയുടെ ഭാഗമായി വിലയിരുത്തിവരികയാണ്.കുട്ടനാട്ടിൽ പ്രളയത്തിൽ മോട്ടോറുകൾ, മോട്ടോർ ഷെഡുകൾ, അവയുടെ തറകൾ ഉൾപ്പെടെയുള്ള കാർഷിക അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നഷ്ടത്തിന് സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ KSDMAയുമായും ദുരന്തനിവാരണ വകുപ്പുമായും ഏകോപിപ്പിച്ച് സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കമ്മ്യൂണിറ്റി അസറ്റ് ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രയോജനപ്പെടുത്തി സഹായം ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്.പ്രളയബാധിത മേഖലകളിലെ മടവീഴ്ച പരിഹരിക്കുന്നതിനും ബണ്ടുകൾ ശക്തിപ്പെടുത്തുന്നതിനും വെള്ളം പമ്പ് ചെയ്ത് നീക്കം ചെയ്യുന്നതിനുമുള്ള നടപടികളും സ്വീകരിക്കും . പുനർകൃഷിക്കാവശ്യമായ വിത്തും നടീൽ വസ്തുക്കളും കർഷകർക്ക് സൗജന്യമായി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും .കഴിഞ്ഞ അഞ്ച് വർഷമായി പ്രകൃതിക്ഷോഭ വിളനാശവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള ഏകദേശം 120 കോടി കുടിശ്ശിക ഘട്ടംഘട്ടമായി നൽകുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ കടക്കുകയാണ്. ഇതുസംബന്ധിച്ച് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതായും മന്ത്രി അറിയിച്ചു. നിലവിലെ കൃഷിനാശത്തിന്റെ പശ്ചാത്തലത്തിൽ 110 കോടി അടിയന്തര സഹായം അനുവദിക്കണമെന്നും കേന്ദ്രസംഘത്തെ ഉടൻ കേരളത്തിലേക്ക് അയക്കണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിന്റെ നടപടികൾക്കായി കാത്തിരിക്കുന്നതിനൊപ്പം സംസ്ഥാന സർക്കാർ സ്വന്തം നിലയിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.കേരളത്തിലെ നാളികേര മേഖലയെ ശക്തിപ്പെടുത്തുന്നതിനായി 500 കോടിയുടെ പ്രത്യേക നാളികേര പുനരുജ്ജീവന പദ്ധതി രൂപവത്കരിക്കാൻ നിർദേശം നൽകിയതായും പദ്ധതി കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായും കേന്ദ്ര കൃഷി-കർഷകക്ഷേമ സഹമന്ത്രി രാം നാഥ് ഠാക്കൂറുമായും ഇതുസംബന്ധിച്ച് ചർച്ച നടത്തി കേന്ദ്രത്തിന്റെ പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്. ലോക നാളികേര ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയതല ദിനാഘോഷം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിയും ഇക്കാര്യം പ്രത്യേകമായി കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്. നാളികേര മേഖലയുടെ സമഗ്ര വികസനവും മൂല്യവർധനയും ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ നാളികേര വികസന പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.കഴിഞ്ഞ ഓണക്കാലത്ത് ഹോർട്ടികോർപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ 20,65,500 കിലോഗ്രാം കാർഷികോൽപ്പന്നങ്ങൾ, ഏകദേശം 14.25 കോടി മൂല്യമുള്ളത്, സംഭരിച്ച് വിപണിയിലെത്തിച്ചതായി മന്ത്രി അറിയിച്ചു. ഓണവിപണി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ ഏകോപിപ്പിച്ചതിനാൽ ഉൽപ്പന്നങ്ങൾ നൽകിയ കർഷകർക്ക് അന്നുതന്നെയോ പിറ്റേന്ന് രാവിലെയോ പണം നൽകാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള തുകയുടെ ഏറിയ പങ്കും വിതരണം ചെയ്തുകഴിഞ്ഞതായി മന്ത്രി അറിയിച്ചു. പി.ആർ.എസ്. ഉൾപ്പെടെയുള്ള നടപടികൾ മുന്നോട്ടുപോയിട്ടുണ്ടെന്നും അടുത്ത നെല്ല് സംഭരണത്തിനായുള്ള കൂടിയാലോചനകൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.