ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ യു പി ഐ സേവനങ്ങള്‍ ഇനി പൂര്‍ണമായും സൗജന്യമായിരിക്കില്ലേ എന്ന ആശങ്കകള്‍ രാജ്യത്തുടനീളം വീണ്ടും സജീവമായിരിക്കുകയാണ്. വ്യാപാരികളില്‍ നിന്ന് യു പി ഐ ഇടപാടുകള്‍ക്ക് “എം ഡി ആര്‍’ (മര്‍ച്ചെന്റ് ഡിസ്‌കൗണ്ട് റേറ്റ്) ഈടാക്കാന്‍ അനുമതി നല്‍കുന്ന നിയമനിര്‍മാണ നിര്‍ദേശങ്ങളും, 2,000ന് മുകളിലുള്ള വന്‍കിട ഇടപാടുകള്‍ക്ക് നിശ്ചിത ശതമാനം നിരക്ക് ചുമത്താനുള്ള നീക്കങ്ങളുമാണ് ഈ ചര്‍ച്ചക്ക് വഴിവെച്ചത്. യു പി ഐ വഴിയുള്ള പണമിടപാടുകള്‍ക്ക് എം ഡി ആര്‍ ഏര്‍പ്പെടുത്തുന്നതിന് അനുമതി നല്‍കുന്ന ബില്ല് പാര്‍ലിമെന്റ്പാസ്സാക്കിക്കഴിഞ്ഞു. യു പി ഐ സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്നാണ് നിരക്കുകള്‍ തീരുമാനിക്കുക എന്നതും എത്ര ശതമാനമാണ് എം ഡി ആര്‍ ഈടാക്കുക എന്നതും കൃത്യമായി വ്യക്തമാക്കാത്തത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ നെഞ്ചിടിപ്പാണ് ഉണ്ടാക്കുന്നത്.ഡിജിറ്റല്‍ ഇടപാടുകളും ആഗോള കണക്കുകളുംആഗോളതലത്തില്‍ നടക്കുന്ന ആകെ ഡിജിറ്റല്‍ പണമിടപാടുകളില്‍ പകുതിയിലധികവും ഇന്ത്യയിലാണ് നടക്കുന്നത്. എ സി ഐ വേൾഡ് വൈഡിന്റെ റിപോര്‍ട്ട് പ്രകാരം, ലോകത്തിലെ ആകെ തത്സമയ പണമിടപാടുകളില്‍ 40 ശതമാനത്തിലധികം വിഹിതവും ഇന്ത്യയുടെ സംഭാവനയാണ്. റിസര്‍വ് ബേങ്കിന്റെ ഏറ്റവും പുതിയ പേയ്മെന്റ്സിസ്റ്റംസ് റിപോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ നടക്കുന്ന ആകെ ഡിജിറ്റല്‍ ചില്ലറ പണമിടപാടുകളില്‍ 85.5 ശതമാനവും നടക്കുന്നത് യു പി ഐ വഴിയാണ്. 2026 ജൂലൈയില്‍ മാത്രം 2,366 കോടി യു പി ഐ ഇടപാടുകളിലൂടെ 29.9 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് ഇന്ത്യയില്‍ നടന്നത്. ഇവിടെ ശ്രദ്ധേയമായ വസ്തുത, യു പി ഐ ഇടപാടുകളില്‍ 96 ശതമാനവും 2,000ന് താഴെയുള്ളവയാണ് എന്നതാണ്. അതിനാല്‍ തന്നെ ഈ മേഖലയില്‍ ഏത് രീതിയിലുള്ള ഫീസ് ഏര്‍പ്പെടുത്തിയാലും അത് വലിയൊരു വിഭാഗം ജനങ്ങളെ നേരിട്ട് ബാധിക്കും.എന്തിനാണ് പുതിയ പരിഷ്‌കാരം?ശതകോടിക്കണക്കിന് ഇടപാടുകള്‍ പ്രതിദിനം നടക്കുമ്പോള്‍ സൈബര്‍ സുരക്ഷ ഉറപ്പാക്കാനും സെര്‍വര്‍ തകരാറുകള്‍ ഒഴിവാക്കാനും സാങ്കേതിക തട്ടിപ്പുകള്‍ തടയാനും ബേങ്കുകള്‍ക്കും സാങ്കേതിക കമ്പനികള്‍ക്കും ഭീമമായ സാമ്പത്തിക ചെലവ് വരുന്നുണ്ട്. പൂര്‍ണമായും സര്‍ക്കാറിന്റെ സബ്സിഡിയെ മാത്രം ആശ്രയിച്ച് ഈ ഡിജിറ്റല്‍ ശൃംഖല മുന്നോട്ട് കൊണ്ടുപോകുന്നത് പ്രായോഗികമല്ല. അതിനാല്‍ വ്യാപാരികളില്‍ നിന്ന് മിതമായ നിരക്ക് ഈടാക്കി യു പി ഐ സംവിധാനത്തെ സ്വയംപര്യാപ്തമാക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം.എന്നാല്‍, പേയ്മെന്റ്സംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന മാസ്റ്റര്‍കാര്‍ഡ്, വിസ, ഫോണ്‍പേ, ഗൂഗിള്‍ പേ തുടങ്ങിയ അമേരിക്കന്‍ കമ്പനികള്‍ക്ക് വന്‍ ലാഭമുണ്ടാക്കുന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാറിന്റേത് എന്ന ആക്ഷേപം ശക്തമാണ്. ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചതോടെ കറന്‍സി അച്ചടിക്കുന്നതിലും വിതരണം ചെയ്യുന്നതിലുമായി പ്രതിവര്‍ഷം ഏകദേശം 25,000 കോടിയുടെ ലാഭം സര്‍ക്കാറിനുണ്ടാകുന്നുണ്ട്. അതില്‍ നിന്ന് ഒരു വിഹിതം ഉപയോഗിച്ച് യു പി ഐ സംവിധാനത്തെ പൂര്‍ണമായും സൗജന്യമായി നിലനിര്‍ത്തണമെന്നാണ് സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.ആഗോള മാതൃകകളും സാങ്കേതിക മുന്നേറ്റവുംബേങ്ക് അക്കൗണ്ടുകള്‍, ആപ്പുകള്‍, വാലറ്റുകള്‍, ക്രെഡിറ്റ് ലൈനുകള്‍ എന്നിവ ഒരൊറ്റ ക്യൂ ആര്‍ കോഡിലേക്ക് സമഗ്രമായി കൊണ്ടുവരാന്‍ യു പി ഐക്ക് സാധിച്ചിട്ടുണ്ട്. ഫ്രാന്‍സ്, സിംഗപ്പൂര്‍, യു എ ഇ, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങി പത്തിലധികം രാജ്യങ്ങളിലെ പ്രാദേശിക സംവിധാനങ്ങളുമായി യു പി ഐ ഇതിനകം ബന്ധം സ്ഥാപിച്ചുകഴിഞ്ഞു. 2016ല്‍ തുടങ്ങിയ യു പി ഐ സേവനം നിലവില്‍ പൂര്‍ണമായും സൗജന്യമാണ്. ലോകത്ത് സമാനമായി നിലവിലുള്ള പല സംവിധാനങ്ങളും പൊതുജനങ്ങള്‍ക്ക് സൗജന്യമായാണ് സേവനം നല്‍കുന്നത്. 2020ല്‍ ബ്രസീലില്‍ ആരംഭിച്ച “പി ഐ എക്‌സ്’ സംവിധാനത്തിന് ജനസംഖ്യയുടെ 80 ശതമാനത്തിലധികം ഉപഭോക്താക്കളെ നേടാനായത് അത് സൗജന്യമായി നല്‍കിയതുകൊണ്ടാണ്. യൂറോപ്യന്‍ യൂനിയനില്‍ നാമമാത്രമായ നിരക്ക് ഈടാക്കുന്നുണ്ട്.എന്താണ് എം ഡി ആര്‍?ഒരു വ്യക്തി ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി കടകളില്‍ പണം നല്‍കുമ്പോള്‍, ആ പണമിടപാട് സുരക്ഷിതമായി പൂര്‍ത്തിയാക്കാന്‍ ബേങ്കുകളും പേയ്മെന്റ്ആപ്പുകളും നല്‍കുന്ന സേവനത്തിന് വ്യാപാരികളില്‍ നിന്ന് ഈടാക്കുന്ന ഫീസാണ് എം ഡി ആര്‍. 2020 മുതല്‍ സാധാരണ യു പി ഐ ഇടപാടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ “സീറോ-എം ഡി ആര്‍’ നയമാണ് നടപ്പാക്കിയിരുന്നത്. അതിലാണ് ഇപ്പോള്‍ മാറ്റങ്ങള്‍ വരുത്താന്‍ ആലോചിക്കുന്നത്.എങ്ങനെ ബാധിക്കും?വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകള്‍ക്കോ 2,000ല്‍ താഴെയുള്ള സാധാരണ കടകളിലെ ഇടപാടുകള്‍ക്കോ യാതൊരുവിധ ഫീസും ഈടാക്കില്ലെന്നും ഉപഭോക്താക്കള്‍ക്ക് സേവനം സൗജന്യമായി തുടരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. 2,000ന് മുകളിലുള്ള വലിയ ബിസിനസ്സ് ഇടപാടുകള്‍ക്ക് മാത്രമായിരിക്കും ഭാവിയില്‍ എം ഡി ആര്‍ പരിഗണിക്കുകയെന്നും വ്യക്തിഗത ഇടപാടുകള്‍ പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, നിര്‍ദിഷ്ട ഉത്തരവുകള്‍ യു പി ഐ സ്റ്റിയറിംഗ് കമ്മിറ്റിയുടെ പഠനത്തിന് ശേഷമേ പുറത്തിറങ്ങൂ. തെരുവോരങ്ങളിലെ കച്ചവടക്കാര്‍, പച്ചക്കറി കടകള്‍, പെട്ടിക്കടകള്‍ തുടങ്ങിയ ചെറുകിട വ്യാപാരികളെ എം ഡി ആര്‍ ബാധ്യതയില്‍ നിന്ന് ഒഴിവാക്കുമെന്നും വലിയ ടേണ്‍ഓവറുള്ള സ്ഥാപനങ്ങളിലെ വന്‍കിട ഇടപാടുകള്‍ക്ക് മാത്രമായിരിക്കും തുച്ഛമായ ശതമാനം (0.3 മുതല്‍ 0.9 വരെ) എം ഡി ആര്‍ ഏര്‍പ്പെടുത്തുക എന്നും സര്‍ക്കാര്‍ വാദിക്കുന്നു. എന്നാല്‍, ഏതെങ്കിലും രീതിയിലുള്ള ഫീസ് യു പി ഐയില്‍ ഏര്‍പ്പെടുത്തിയാല്‍ അത് സാധാരണക്കാരെയും ചെറുകിട കച്ചവടക്കാരെയും ഡിജിറ്റല്‍ വിപ്ലവത്തില്‍ നിന്ന് അകറ്റാനേ ഉപകരിക്കൂ. വ്യാപാര സ്ഥാപനങ്ങളില്‍ യു പി ഐ വഴി പണം നല്‍കുമ്പോള്‍ അധിക നിരക്ക് ഈടാക്കില്ല എന്ന് പറയുന്നുണ്ടെങ്കിലും, കച്ചവടക്കാര്‍ ഫീസ് നല്‍കേണ്ട അവസ്ഥ വരികയാണെങ്കില്‍ ആ ഭാരം ഒടുവില്‍ ഉപഭോക്താക്കളിലേക്ക് തന്നെ കൈമാറ്റം ചെയ്യപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.എന്തുകൊണ്ട് യു പി ഐ ഇടപാടുകള്‍ വര്‍ധിച്ചു?ബേങ്ക് അക്കൗണ്ട് നമ്പറോ ഐ എഫ് എസ് സി കോഡോ ടൈപ്പ് ചെയ്യാതെ ഒരൊറ്റ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ഫോണ്‍ നമ്പര്‍ വഴിയോ അതിവേഗത്തില്‍ പണമയക്കാം എന്നതാണ് യു പി ഐയുടെ പ്രധാന സവിശേഷത. ഉപഭോക്താക്കള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും അധിക സര്‍വീസ് ചാര്‍ജുകളോ ഒളിഞ്ഞിരിക്കുന്ന ഫീസുകളോ ഇല്ലാതെ പണമയക്കാന്‍ സാധിച്ച ഈ ജനപ്രിയ സംവിധാനത്തിന് മുകളിലാണ് ഇപ്പോള്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നത്. സ്മാര്‍ട്ട് ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്തവര്‍ക്കും ഫീച്ചര്‍ ഫോണുകളിലൂടെ പണമയക്കാം. മുമ്പ് ഏത് ബേങ്കിന്റെ ആപ്പ് ആണോ അത് മാത്രം ഉപയോഗിക്കേണ്ടിയിരുന്ന സ്ഥാനത്ത്, യു പി ഐ വന്നതോടെ ഏത് ബേങ്ക് അക്കൗണ്ടും ഒരൊറ്റ ശൃംഖല വഴി ലളിതമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞു.തെരുവോരക്കടകള്‍ മുതല്‍ വലിയ മാളുകളില്‍ വരെ ക്യൂ ആര്‍ കോഡുകള്‍ ലഭ്യമായതോടെ ഉപഭോക്താക്കള്‍ക്ക് കൈയില്‍ പണമോ ചില്ലറയോ കരുതേണ്ട ആവശ്യമില്ലാതെയായി. ലളിതമായ സാങ്കേതികവിദ്യ, സമയലാഭം, ചില്ലറക്ഷാമമില്ലായ്മ, സര്‍ക്കാറിന്റെ പിന്തുണ എന്നിവയാണ് ഡിജിറ്റല്‍ ഇടപാടില്‍ യു പി ഐയുടെ സ്വീകാര്യത ഇത്രയും വേഗത്തില്‍ വര്‍ധിപ്പിച്ചത്. അതിനെ പിന്നോട്ട് വലിക്കുന്ന തീരുമാനങ്ങളാണ് ഇപ്പോള്‍ ഉണ്ടാകാന്‍ പോകുന്നത്. ഓരോ ഇന്ത്യക്കാരനും അധിക നിരക്കുകളൊന്നും നല്‍കാതെ തത്ക്ഷണ ഡിജിറ്റല്‍ പേയ്മെന്റുകള്‍ യു പി ഐയിലൂടെ നടത്താന്‍ നിലവിലുള്ളതുപോലെ ഭാവിയിലും സാധിക്കണം.ഡിജിറ്റല്‍ വളര്‍ച്ചയില്‍ ലോകത്തിന് തന്നെ മാതൃകയായ ഇന്ത്യയിലെ യു പി ഐ സംവിധാനം കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാനും സൈബര്‍ സുരക്ഷ ഉറപ്പാക്കാനും നടപടികള്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍, ഇത് സാധാരണക്കാരുടെയും ചെറുകിട കച്ചവടക്കാരുടെയും സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മാത്രമേ നടപ്പാക്കാന്‍ പാടുള്ളൂ. യു പി ഐയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങള്‍ ഒരു തരത്തിലും ഫീസ് വര്‍ധിപ്പിച്ചുള്ളതാകരുത്. ചെറിയ രീതിയിലുള്ള പുതിയ നികുതി/ഫീസ് നിര്‍ദേശങ്ങള്‍ പോലും ഒടുവില്‍ സാധാരണക്കാരിലേക്ക് തന്നെയാണ് എത്തിച്ചേരുക എന്നത് അനുഭവമാണ്. ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ വ്യാപകമായതിലൂടെ സര്‍ക്കാറിന് ലഭിച്ച വന്‍ സാമ്പത്തിക ലാഭത്തിന്റെ ചെറിയൊരു അംശം ഉപയോഗിച്ച് യു പി ഐ സംവിധാനത്തെ പൂര്‍ണമായും സൗജന്യമായി നിലനിര്‍ത്തുന്ന മാതൃക ഇന്ത്യയും പിന്തുടരണം. Content Highlights:Parliament passed a bill allowing Merchant Discount Rate on UPI transactions to make digital payment systems self-sustainable. Potential fees on transactions exceeding 2000 rupees have raised concerns among small traders and consumers. Government assures that individual transactions below 2000 rupees remain completely free.