തിരുനബി സ്‌നേഹം ഹൃദയത്തില്‍ രൂഢമായി നിലനില്‍ക്കുന്ന വിശ്വാസികളെ ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും കാണാം. വിശ്വാസത്തിന്റെ പ്രാഥമിക കര്‍ത്തവ്യങ്ങളിലൊന്ന് അതാണല്ലോ. പ്രിയപ്പെട്ട എല്ലാത്തിനേക്കാളും അവിടുത്തെ സ്‌നേഹിക്കുമ്പോഴാണ് വിശ്വാസത്തിന് സമ്പൂര്‍ണ തികവ് കൈവരുന്നത് എന്നാണല്ലോ ഇസ്‌ലാമിക വിശ്വാസം.കുട്ടിക്കാലം മുതലേ നാമോരോരുത്തരും അനുഭവിക്കുന്നതും അറിയുന്നതുമാണ് ആ സ്‌നേഹത്തിന്റെ നനവും മധുരവും. റബീഉല്‍ അവ്വല്‍ അത്രമേല്‍ പ്രിയമാണ് വിശ്വാസികള്‍ക്ക്. ഓരോ ദേശത്തും ഉണ്ടാകും ജാഥയും കുട്ടികളുടെ കലാപരിപാടികളും മൗലിദും എല്ലാം. എന്തൊരു ആവേശമാണ് അതിന്. വിവിധ രൂപത്തിലാകുമെന്ന വ്യത്യാസമേ അവക്കിടയില്‍ ഉണ്ടാകുകയുള്ളൂ. കേരളത്തിലെ മുസ്‌ലിംകള്‍ ഇത്രമേല്‍ സര്‍ഗാത്മകമാകാന്‍ നിശ്ചയമായും റബീഉല്‍ അവ്വല്‍ വസന്തം നിമിത്തമായിട്ടുണ്ട് എന്നാണ് കരുതുന്നത്. റബീഉല്‍ അവ്വല്‍ കേന്ദ്രീകരിച്ച് വിപുലപ്പെട്ട പ്രസംഗങ്ങളും എഴുത്തുകളും പാട്ടുകളും ദഫ് മുട്ടുകളുമൊക്കെയാണല്ലോ നമ്മുടെ പ്രതിഭകളെ രൂപപ്പെടുത്തിയത്. നമ്മുടെ ആഘോഷങ്ങളുടെ അഴകും ഇസ്‌ലാം അനുവദിച്ച ഈ ആവിഷ്‌കാരങ്ങളാണ്.സ്‌നേഹിക്കപ്പെടുന്ന വ്യക്തിയെ കുറിച്ച് കൂടുതല്‍ പറയാന്‍ നൂറ് നാവായിരിക്കും, അവരുടെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ ഏറെ കൊതിയായിരിക്കും. ആത്മാര്‍ഥ സ്‌നേഹത്തിന്റെ അടയാളങ്ങളാണിവ. സത്യവിശ്വാസികള്‍ക്ക് തിരുനബി(സ)യോട് ഇഷ്ടമുണ്ടാകുമ്പോള്‍ പലതരത്തില്‍ അവര്‍ അത് പ്രകടിപ്പിക്കും. കുട്ടികള്‍ പാടും, സന്ദേശം പറയും, ഭാഷയില്‍ കഴിവുള്ളവര്‍ കീര്‍ത്തന കാവ്യങ്ങള്‍ രചിക്കും, ഈണമുള്ളവര്‍ ഖസ്വീദകളും നഅ്തുകളും നശീദകളും പാടും. പണ്ഡിതര്‍ നബിജീവിതത്തിന്റെ വ്യത്യസ്ത തലങ്ങള്‍ സംബന്ധിച്ച് ഗ്രന്ഥങ്ങള്‍ എഴുതും, സമ്പന്നര്‍ സമ്പത്ത് വിനിയോഗിച്ച് മൗലിദുകള്‍ സംഘടിപ്പിക്കും, വഖ്ഫുകള്‍ നല്‍കും, ഉമ്മമാര്‍ മധുരപലഹാരങ്ങള്‍ തയ്യാറാക്കും… ഇങ്ങനെ വിശ്വാസികള്‍ സ്‌നേഹത്തെ ആവിഷ്‌കരിക്കുന്ന രീതികള്‍ എണ്ണിത്തിട്ടപ്പെടുത്താനാകില്ല. മൂല്യമേറിയ വിഭവങ്ങളും പാതിരാവുകളും പ്രഭാതങ്ങളും അവരീ സ്‌നേഹത്തിനായി വിനിയോഗിച്ചു.കാലത്തിന്റെ ദൈര്‍ഘ്യം കൊണ്ട് പലരും വിസ്മരിക്കപ്പെടുമ്പോള്‍ വീണ്ടും ശക്തിപ്രാപിക്കുന്ന ഓര്‍മകളാണ് തിരുദൂതരുടേത്. റബീഉല്‍ അവ്വല്‍ പിറക്കുമ്പോള്‍ അത് കൂടുതല്‍ സജീവമാകുന്നു. വര്‍ഷത്തിലൊരിക്കല്‍ മാത്രം ഓര്‍ക്കുകയും പിന്നെ മറക്കുകയും ചെയ്യുന്നതല്ല ആ സ്മരണകള്‍. വിശ്വാസികളുടെ ഹൃദയത്തിലും നാവിലും ചലന- നിശ്ചലനങ്ങളിലും സദാ സമയം ഉദിച്ചുപൊങ്ങിക്കൊണ്ടിരിക്കുന്ന ദര്‍ശനങ്ങളും അധ്യാപനങ്ങളും മൊഴികളുമാണ് തിരുനബി(സ)യുടേത്. വിശ്വാസി ഒരു പ്രവര്‍ത്തനം ചെയ്യാനൊരുങ്ങുമ്പോള്‍ അത് നല്ലതാണോ ചീത്തതാണോ എന്നന്വേഷിക്കുന്നത് തിരുനബി(സ)യുടെ ജീവിതത്തിലേക്ക് കണ്ണോടിച്ചാണ്.അങ്ങനെ അവന്റെ ജീവിതത്തെയാകെ സ്വാധീനിക്കുന്ന തിരുനബി(സ)യുടെ ജന്മനാളെത്തുമ്പോള്‍ അവന് സന്തോഷിക്കാതിരിക്കാനാകില്ല. മുസ്‌ലിമിന്റെ മതപരമായ ആഘോഷങ്ങളെല്ലാം ആരാധനയാണ് എന്നതിനാല്‍ തന്നെ അത്യധികം പവിത്രതയോടെയും ഭക്ത്യാദരവോടെയുമാണ് നബിദിന അനുബന്ധ ആഘോഷങ്ങളെ വിശ്വാസി സമൂഹം കാണുന്നത്. മധുരം വിതരണം ചെയ്യലും പാട്ടു പാടലും ഘോഷ യാത്ര നടത്തലും ദഫ് മുട്ടലും മാത്രമല്ല ഇവിടെ നടക്കുന്നത്. അതെല്ലാം ബാഹ്യ ആവിഷ്‌കാരങ്ങളാണ്. അതേസമയം തിരുനബി(സ)യുടെ അധ്യാപനങ്ങള്‍ അനുധാവനം ചെയ്യാനും അവിടുത്തെ സന്ദേശങ്ങള്‍ വിളംബരം ചെയ്യാനും ജീവിതവും ദര്‍ശനവും പ്രചരിപ്പിക്കാനും നബിദിനം അവസരമൊരുക്കുന്നുണ്ട്. കൂടുതല്‍ സ്വലാത്തുകള്‍ ചൊല്ലാനും ഹദീസുകള്‍ അടുത്തറിയാനും വേദിയൊരുക്കുന്നുമുണ്ട്. അതെല്ലാം സമൂഹത്തില്‍ സൃഷ്ടിക്കുന്ന സ്വാധീനം ചെറുതല്ലല്ലോ.നമ്മുടെ തലമുറക്ക് തിരുനബി(സ)യുടെ ജന്മദിനാഘോഷത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിലും സ്‌നേഹാവിഷ്‌കാരങ്ങളുടെ വൈവിധ്യം പരിചയപ്പെടുത്തുന്നതിലും സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദ് നിര്‍വഹിച്ച പങ്ക് ചെറുതൊന്നുമല്ല. വിദേശ യാത്രകള്‍ കഴിഞ്ഞുവരുമ്പോള്‍ ആ യാത്രകളില്‍ കണ്ട നല്ല മാതൃകകള്‍, ദീനിനും സമൂഹത്തിനും ഉപകരിക്കുന്ന കാര്യങ്ങള്‍ പങ്കുവെക്കുന്നത് ഉസ്താദിന്റെ പതിവാണ്. പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്നിടത്തോളം നടപ്പാക്കുകയും ചെയ്യും. നമ്മുടെ നാടുകളിലെ മസ്ജിദുകളുടെ ആധുനിക നിര്‍മാണ രീതിയിലും മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഘടനയിലുമെല്ലാം ഉസ്താദിന്റെ ഇത്തരം നിര്‍ദേശങ്ങള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.അന്താരാഷ്ട്ര മീലാദ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നതിനും വഴിയൊരുക്കിയത് ഉസ്താദിന്റെ യാത്രകളാണ്. യു എ ഇയിലും ഈജിപ്തിലെ കൈറോയിലും അമേരിക്കയിലെ ലോസ് ആഞ്ചലസിലും സുഡാനിലും വിവിധ അറബ് പ്രവിശ്യകളിലുമൊക്കെ പങ്കെടുത്ത മൗലിദ് സദസ്സുകളുടെ വൈപുല്യവും ഗാംഭീര്യതയും ചുറ്റുമുള്ളവരോട് പങ്കുവെക്കുന്നത് ഉസ്താദിന്റെ പതിവാണ്. ആ അനുഭവങ്ങളില്‍ നിന്നാണ് നമ്മുടെ നാട്ടിലും വിവിധ രാജ്യങ്ങളിലെ പണ്ഡിതരെയും സാദാത്തുക്കളെയും പ്രകീര്‍ത്തന സംഘങ്ങളെയും അണിനിരത്തി മീലാദ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കണമെന്ന ആശയം മുളപൊട്ടുന്നത്. അങ്ങനെയാണ് പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ 2004ല്‍ വലിയ മദ്ഹുര്‍റസൂല്‍ പ്രഭാഷണവും മീലാദ് സമ്മേളനവും സംഘടിപ്പിക്കുന്നത്. പ്രസ്തുത പരിപാടിയുടെ വൈപുല്യമെന്നോണമാണ് പിന്നീട് ഒന്നിടവിട്ട വര്‍ഷങ്ങളില്‍ കോഴിക്കോട് വെച്ച് 2008 മുതല്‍ ഇന്റര്‍നാഷനല്‍ മീലാദ് കോണ്‍ഫന്‍സുകള്‍ സംഘടിപ്പിച്ചു തുടങ്ങിയത്. മര്‍കസും എസ് വൈ എസും പിന്നീട് മുസ്‌ലിം ജമാഅത്തുമെല്ലാം ഒരുമിച്ചാണ് ഈ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കിയത്. കേരളത്തില്‍ നഅ്ത് സംഘങ്ങളും സദസ്സുകളും വ്യാപകമാകുന്നത് ഈ ആദ്യ സമ്മേളനത്തോടെയാണ്.കേരളത്തില്‍ മാത്രമല്ല മീലാദ് ആഘോഷമുള്ളതെന്നും ലോകത്തെ വിവിധ വന്‍കരകളിലും മീലാദ് അലയൊലികള്‍ ഉണ്ടെന്നും ജനം മനസ്സിലാക്കിത്തുടങ്ങിയത് ഈ സമ്മേളനങ്ങളിലൂടെയാണ്. ഇതോടെ മലബാറില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരാചാരമാണ് മൗലിദ് എന്ന പുത്തനാശയക്കാരുടെ വാദം അപ്രസക്തമായി. മര്‍കസിന്റെ ആഗോള ബന്ധങ്ങളുടെ ചാലകമായി പ്രവര്‍ത്തിച്ചിരുന്ന മര്‍ഹൂം ഡോ. ഉമര്‍ അബ്ദുല്ല കാമില്‍ ആയിരുന്നു പല അന്തര്‍ദേശീയ അതിഥികളെയും നമുക്ക് പരിചയപ്പെടുത്തി തന്നിരുന്നത്. വിശ്വാസികളില്‍ വലിയ ഹുബ്ബും ആവേശവും നിറക്കാന്‍ കോഴിക്കോട് കടപ്പുറത്തും സ്വപ്‌ന നഗരിയിലുമെല്ലാം നടത്തിയിരുന്ന മീലാദ് കോണ്‍ഫറന്‍സുകളിലൂടെ സാധിച്ചിട്ടുണ്ട്.നിരന്തരമുള്ള മദ്ഹുര്‍റസൂല്‍ പ്രഭാഷണങ്ങള്‍, തിരുനബി(സ)യുടെ ചര്യകള്‍ അനുധാവനം ചെയ്യാനുള്ള ആഹ്വാനങ്ങള്‍, സ്വലാത്തുകളുടെ വ്യാപനത്തിന് വേണ്ടിയുള്ള ഇടപെടലുകള്‍, ഗ്രന്ഥ രചനകള്‍ തുടങ്ങി നബിസ്നേഹ സംബന്ധമായി സുല്‍ത്വാനുല്‍ ഉലമ നിര്‍വഹിച്ച, ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ അനേകമുണ്ട്. മര്‍കസിലെ വിദ്യാര്‍ഥികള്‍ക്ക് ബുഖാരി ഹദീസ് ദര്‍സെടുക്കുന്ന സമയമാണ് ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷം ലഭിക്കുന്ന വേളകളിലൊന്നായി ഉസ്താദ് കാണുന്നത്. തിരുനബി(സ)യുടെ ജീവിതം ആവിഷ്‌കരിക്കുന്ന, ധാരാളം സ്വലാത്തുകള്‍ ചൊല്ലുന്ന വേദിയെന്നതുതന്നെ അതിന് കാരണം.കഴിഞ്ഞ 60 വര്‍ഷത്തിലധികമായി ഏത് തിരക്കുകള്‍ക്കിടയിലും ഈ പതിവ് ഉസ്താദ് മുടക്കാറില്ല. സ്വഹീഹുല്‍ ബുഖാരിക്ക് തന്നാലാവുന്ന സേവനം എന്ന നിലയില്‍ രചിച്ച “തദ്കീറുല്‍ ഖാരി’ എന്ന വ്യാഖ്യാന ഗ്രന്ഥം, റിയാദിലെ ജയില്‍ വാസകാലത്ത് മോചനമാഗ്രഹിച്ച് റസൂല്‍(സ)യുടെ ജന്മത്തില്‍ സന്തോഷിക്കേണ്ടതിന്റെ പ്രാധാന്യം വിവരിച്ചെഴുതിയ “ഇള്ഹാറുല്‍ ഫര്‍ഹി വ-സുറൂര്‍’, “അര്‍റൗളുല്‍ മൗറൂദ് ഫീ മൗലിദി സയ്യിദില്‍ വുജൂദ്’ എന്ന മൗലിദ് കിതാബ് തുടങ്ങിയ സുല്‍ത്വാനുല്‍ ഉലമയുടെ രചനകളും അതിവിശിഷ്ടം തന്നെ. ജീവിതത്തിന്റെ മുഴുസമയവും തിരുനബി(സ)യെ ഓര്‍ത്തുള്ള ചിന്തകളില്‍ മുഴുകണമെന്ന ഈ അനുഭവ പരിസരത്ത് നിന്നാണ് മീലാദ് സമ്മേളനമെന്ന ചിന്തയും രൂപപ്പെടുന്നത്.റബീഉല്‍ അവ്വല്‍ 12ന് നമ്മുടെ നാട്ടില്‍ പ്രഭാത മൗലിദുകള്‍ ഇത്ര സജീവമാകാത്ത കാലത്ത് മദീനയിലെ മസ്ജിദുന്നബവിയില്‍ അന്നേദിവസം പുലര്‍ച്ചെ നടക്കുന്ന മൗലിദില്‍ തുടര്‍ച്ചയായി പങ്കെടുത്ത അനുഭവത്തില്‍ അത്തരം സദസ്സുകള്‍ നാട്ടില്‍ ആരംഭിക്കാന്‍ ഉസ്താദ് ശ്രമിച്ചിരുന്നു. മര്‍കസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നേരത്തേ തന്നെ അതാരംഭിക്കുകയും ഉണ്ടായി. ലോകത്തെ വിവിധ പ്രദേശങ്ങളിലുള്ള പോലെ നബികീര്‍ത്തനത്തിന് മാത്രമായി വലിയൊരു അന്താരാഷ്ട്ര വേദിയൊരുക്കണമെന്ന ആശയത്തിലേക്ക് സുല്‍ത്വാനുല്‍ ഉലമ എത്തിച്ചേരുന്നത് ഇങ്ങനെയൊക്കെയാണ്. ഉസ്താദിന്റെ ആഗോള ബന്ധങ്ങളും കാഴ്ചപ്പാടുകളും മികച്ച നബികീര്‍ത്തന അനുഭവങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിക്കുന്നതില്‍ മുന്നില്‍ നിന്നു.നബിസ്‌നേഹത്തിന്റെ കാര്യത്തില്‍ യാതൊരു സന്ദേഹവുമില്ലാത്ത വിശ്വാസികള്‍ റബീഉല്‍ അവ്വലിന്റെ ആഗമനം മുതല്‍ അത്യധികം സന്തോഷത്തിലാണ്. നാടുകളിലും മഹല്ലുകളിലും മദ്‌റസകളിലും അവര്‍ക്ക് സാധിക്കും വിധം ആ സ്‌നേഹം ആവിഷ്‌കരിക്കാന്‍ അവര്‍ ഉത്സാഹിച്ചു. ഇപ്പോഴിതാ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള മൗലിദുകളും പ്രകീര്‍ത്തന കാവ്യങ്ങളും പരിചയപ്പെടുത്തി, തിരുനബി(സ)യുടെ ജീവിതവും ദര്‍ശനവും വിളംബരം ചെയ്ത് വീണ്ടുമൊരു അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് വേദിയാകുകയാണ് കോഴിക്കോട്.സുല്‍ത്വാനുല്‍ ഉലമയുടെ മദ്ഹുര്‍റസൂല്‍ പ്രഭാഷണവും അറബ് മൗലിദ് സംഘങ്ങളുടെ അവതരണങ്ങളും വിദേശ വ്യക്തിത്വങ്ങളുടെ സാന്നിധ്യവും നമ്മുടെ ഉലമാക്കളുടെയും സാദാത്തുക്കളുടെയെല്ലാം സംഗമവേദിയുമായ മീലാദ് സമ്മേളനം നല്ലൊരനുഭവമാകാന്‍ തിരുനബി സ്‌നേഹികള്‍ ഒരുമിക്കേണ്ടതുണ്ട്. തിരുനബി(സ)യെ സ്‌നേഹിച്ചു വിജയിക്കുന്ന വിശ്വാസികളുടെ കൂട്ടത്തിലാകട്ടെ നമ്മുടെയും ഇടം. Content Highlights:An International Milad Conference will be held in Kozhikode to mark Rabiul Awwal and celebrate the life of Prophet Muhammad. Spearheaded by Kanthapuram AP Aboobacker Musliyar, the event brings together international scholars and traditional praise groups to foster love and Islamic teachings.