പാലക്കാട് | കാസർകോട്- തിരുവനന്തപുരം ദേശീയപാത 66ൽ ഘട്ടംഘട്ടമായി വിപുലമായ ചാർജിംഗ് ശൃംഖല ഒരുക്കണമെന്ന് കെ എസ് ഇ ബിയുടെ സാധ്യതാ പഠനം. ഇത് യാഥാർഥ്യമായാൽ രാജ്യത്തെ ആദ്യ സമഗ്ര ഇലക്ട്രിക് ട്രക്ക് ഇടനാഴിയായി കേരളത്തിലെ എൻ എച്ച് 66 മാറും.2050 ആകുമ്പോഴേക്കും ഈ പാതയിൽ 204.5 മെഗാവാട്ട് ശേഷിയുള്ള 1,939 ചാർജിംഗ് കേന്ദ്രങ്ങൾ ആവശ്യമായി വരുമെന്നാണ് കെ എസ് ഇ ബിയുടെ പഠനത്തിൽ കണ്ടെത്തിയത്. ഇന്റർനാഷനൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്‌പോർട്ടേഷ (ഐ സി സി ടി)നുമായി ചേർന്ന് നടത്തിയ പഠനത്തിന്റെ റിപോർട്ട് ഡൽഹിയിൽ നടന്ന ഇന്ത്യ ക്ലീൻ ട്രാൻസ്‌പോർട്ട് സമ്മിറ്റിൽ പ്രകാശനം ചെയ്തു.ഇലക്ട്രിക് ട്രക്കുകൾക്ക് ആവശ്യമായ ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം, അവയുടെ ശേഷി, സ്ഥാപിക്കേണ്ട സ്ഥലങ്ങൾ തുടങ്ങിയവ വിശദമായി വിലയിരുത്തുന്ന പഠനമാണിത്. 2050ഓടെ ദേശീയപാത 66ൽ ആവശ്യമായ ചാർജിംഗ് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ ഏകദേശം 338 കോടി രൂപ നിക്ഷേപം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ആദ്യഘട്ടത്തിൽ 12.5 മെഗാവാട്ട് ശേഷിയുള്ള ചാർജിംഗ് സൗകര്യങ്ങൾ സ്ഥാപിക്കാനാണ് നിർദേശം. ഇതിനായി ഏകദേശം 19 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.ഇലക്ട്രിക് ട്രക്കുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ചാർജിംഗ് കേന്ദ്രങ്ങളുടെ എണ്ണവും വൈദ്യുതി വിതരണശേഷിയും വർധിപ്പിക്കേണ്ടിവരും. ദീർഘദൂര ചരക്കുഗതാഗതത്തിന് ആവശ്യമായ അതിവേഗ ചാർജറുകൾക്കൊപ്പം ട്രക്കുകൾ പാർക്ക് ചെയ്യാനുള്ള കേന്ദ്രങ്ങളിലും ചാർജിംഗ് സൗകര്യം ഒരുക്കണം.2030നു ശേഷം, വൈദ്യുത ട്രക്കുകളുടെ ഉപയോഗം വർധിക്കുന്നതോടെ ഇടനാഴിയിലെ വൈദ്യുതി ആവശ്യകത കുത്തനെ ഉയരും. 2030ൽ പ്രതിദിന ഗ്രിഡ് വൈദ്യുതി ആവശ്യം മണിക്കൂറിൽ 32 മെഗാവാട്ട് ആയിരിക്കുമെങ്കിൽ 2050ൽ 833 മെഗാവാട്ട് ആയി ഉയരും. ഈ അധിക വൈദ്യുതി ആവശ്യം കേരളത്തിന്റെ പ്രതീക്ഷിക്കുന്ന വാർഷിക വൈദ്യുതി ഉപഭോഗത്തിന്റെ 0.2 ശതമാനത്തിൽ താഴെ മാത്രമാണ്. കൃത്യമായ ആസൂത്രണവും ആവശ്യമായ നിക്ഷേപവും നടത്തിയാൽ നിലവിലുള്ള വൈദ്യുതി ശൃംഖലയിൽനിന്നുതന്നെ ഈ ആവശ്യം നിറവേറ്റാനാകുമെന്നാണ് പഠനത്തിലെ വിലയിരുത്തൽ.ചാർജിംഗ് ഹബ്ബുകൾകൊച്ചി, കോഴിക്കോട്, കൊല്ലം എന്നിവ പ്രധാന ചാർജിംഗ് ഹബ്ബുകളായി വികസിപ്പിക്കണമെന്നാണ് പഠനത്തിലെ നിർദേശം. തിരുവങ്ങാട്- കുമ്പളം മേഖലയിൽ 2050ഓടെ 76.4 മെഗാവാട്ട് ചാർജിംഗ് ശേഷി ആവശ്യമായി വരും. ട്രക്കുകളുടെ യാത്രാരീതി, ചരക്കുനീക്കത്തിന്റെ തോത്, പാർക്കിംഗ് മാതൃക, നിലവിലെ വൈദ്യുതി അടിസ്ഥാനസൗകര്യങ്ങൾ എന്നിവ വിശദമായി പരിശോധിച്ചാണ് ചാർജിംഗ് കേന്ദ്രങ്ങളുടെ ആവശ്യകതയും സ്ഥലവും നിർണയിച്ചത്. ഇതിനായി നാല് ടോൾ പ്ലാസകളിൽ നിന്നുള്ള ഫാസ്ടാഗ് വിവരങ്ങൾ, 13,355 ട്രക്കുകളുടെ ജി പി എസ് വിവരങ്ങൾ, 3,39,692 പാർക്കിംഗ് വിവരങ്ങൾ എന്നിവ പഠനവിധേയമാക്കി.കേന്ദ്രസഹായംകേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന്റെ പി എം ഇ- ഡ്രൈവ് പദ്ധതിയിൽ പൊതുചാർജിംഗ് സംവിധാനങ്ങൾക്കായി വകയിരുത്തിയ 2,000 കോടി രൂപയിൽ നിന്ന് ഇലക്ട്രിക് ട്രക്ക് ഇടനാഴിക്ക് ആവശ്യമായ ധനസഹായം കണ്ടെത്താനാകുമെന്നാണ് റിപോർട്ടിലെ വിലയിരുത്തൽ. കേരളത്തിലെ ചാർജിംഗ് ശൃംഖല വികസനത്തിനായി ഇതിനകം അനുവദിച്ച 63.12 കോടി രൂപയും പദ്ധതിക്കായി പ്രയോജനപ്പെടുത്താം. ഡീസൽ ട്രക്കുകൾക്ക് പകരം ഇലക്ട്രിക് ട്രക്കുകളുടെ ഉപയോഗം വർധിക്കുന്നതോടെ ഇന്ധനച്ചെലവ് കുറയും. ഇതുവഴി, ചരക്കുഗതാഗത മേഖലയിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ ഗണ്യമായി കുറക്കാനാകുമെന്നും കെ എസ് ഇ ബിയുടെ പഠനത്തിൽ പറയുന്നു. Content Highlights:A study by KSEB and ICCT proposes converting Kerala’s NH 66 into India’s first electric truck corridor. The project foresees 1,939 charging stations with a total capacity of 204.5 MW by 2050. Major hubs like Kochi, Kozhikode, and Kollam will spearhead the charging infrastructure rollout.