ദുബൈ|യു എ ഇയിലെ നാഫിസ് (നാഫിസ്) പദ്ധതിക്ക് കീഴിലുള്ള സ്വദേശി ജീവനക്കാരുടെ ശമ്പള വിതരണ വ്യവസ്ഥകളിൽ സെപ്തംബർ മുതൽ നിർണായക മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നു. സ്വകാര്യ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ഇമാറാത്തി ജീവനക്കാരുടെ ശമ്പള പേയ്മെന്റുകൾ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനും തൊഴിലുടമകൾ കൃത്യസമയത്ത് വേതനം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തുന്നത്.വേതന സംരക്ഷണ സംവിധാനം (ഡബ്ല്യു പി എസ് ) വഴിയുള്ള ശമ്പള വിതരണം കർശനമായി നിരീക്ഷിക്കുന്നതിലൂടെ ശമ്പളം വൈകുന്നത് മൂലമുണ്ടാകുന്ന തൊഴിൽ തർക്കങ്ങൾ പൂർണമായി ഒഴിവാക്കുകയാണ് അധികൃതരുടെ ലക്ഷ്യം. സ്വകാര്യ മേഖലയിൽ ഇമാറാത്തി പൗരന്മാരുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനും അവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും സമയബന്ധിതമായ വേതന വിതരണം അനിവാര്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.പുതിയ നിബന്ധനകൾ നിലവിൽ വരുന്നതോടെ സ്വകാര്യ കമ്പനികൾ തങ്ങളുടെ ശമ്പള വിതരണ സംവിധാനങ്ങൾ പുതിയ ചട്ടങ്ങൾക്ക് അനുസൃതമായി പരിഷ്‌കരിക്കേണ്ടിവരും. നിശ്ചിത സമയപരിധിക്കുള്ളിൽ ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നതിനാൽ, സെപ്തംബറിന് മുമ്പായി ശമ്പള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തൊഴിലുടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.പാർട്ട് ടൈം ജോലി ചെയ്യുന്ന സ്വദേശികൾക്കും പെൻഷൻ പരിരക്ഷസർക്കാർ, സ്വകാര്യ മേഖലകളിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന ഇമാറാത്തി ജീവനക്കാർക്കും പെൻഷൻ, സാമൂഹിക ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പുതിയ സംവിധാനം ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി നടപ്പിലാക്കി. ആഴ്ചയിൽ എട്ട് മുതൽ 32 മണിക്കൂർ വരെ (മുഴുവൻ സമയ ജോലിയുടെ 20 മുതൽ 80 ശതമാനം വരെ) അല്ലെങ്കിൽ ആഴ്ചയിൽ ഒന്ന് മുതൽ നാല് ദിവസം വരെ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.ജീവനക്കാരുടെ യഥാർഥ ജോലി സമയത്തിനും ഇൻഷ്വറൻസ് വിഹിതം കണക്കാക്കുന്ന അംഗീകൃത ശമ്പളത്തിനും അനുസൃതമായാണ് പെൻഷൻ സർവീസ് കാലാവധിയും റിട്ടയർമെന്റ്ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത്.Content Highlights:Starting September, the UAE will enforce strict salary rules under the Nafis scheme for private sector Emirati employees via the Wage Protection System. Additionally, GPSSA introduced pension and social insurance coverage for part-time Emirati workers based on their working hours and pay.