ദുബൈ|ശൈഖ് സായിദ് റോഡിലെ ചരിത്രപ്രസിദ്ധമായ ടൊയോട്ട കെട്ടിടം 2027-ൽ പൊളിച്ചുനീക്കുന്നതിന് പ്രധാന കാരണം അനധികൃത മുറി വിഭജനങ്ങളും പരിധിവിട്ട താമസവുമാണെന്ന് റിപ്പോർട്ട്. കെട്ടിടത്തിലെ 70 ശതമാനത്തോളം താമസക്കാരും ഇതിനകം ഒഴിഞ്ഞുപോയിട്ടുണ്ട്. ശേഷിക്കുന്നവർക്ക് ഈ വർഷം ഡിസംബർ വരെയാണ് മാറിപ്പോകാൻ സമയം അനുവദിച്ചിട്ടുള്ളത്.കെട്ടിടത്തിനുള്ളിലെ ഒരു ഫ്ലാറ്റിൽ തന്നെ നിരവധി പാർട്ടീഷനുകൾ നിർമിച്ച് വലിയ തോതിൽ ആളുകൾ ഒരുമിച്ച് താമസിച്ചിരുന്നതായാണ് കണ്ടെത്തൽ. സുരക്ഷാ മാനദണ്ഡങ്ങൾ, ജീവിതനിലവാരം, നഗരസഭയുടെ പുതിയ കെട്ടിട ചട്ടങ്ങൾ എന്നിവക്ക് വിരുദ്ധമായ ഇത്തരം അനധികൃത സംവിധാനങ്ങൾക്കെതിരെ ദുബൈ അധികൃതർ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കിയത്.പഴയ കെട്ടിടങ്ങൾ പുനർവികസിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് കെട്ടിടത്തിന്റെ മാറ്റം. എന്നാൽ കെട്ടിടത്തിന്റെ പഴക്കത്തേക്കാൾ ഉപരി, ഫ്ലാറ്റുകളിലെ അനധികൃത വിഭജനം മൂലമുണ്ടാകുന്ന തീപ്പിടിത്ത സാധ്യതകൾ, അടിയന്തര രക്ഷാപ്രവർത്തന തടസ്സങ്ങൾ, ശുചിത്വ-ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയാണ് ഒഴിപ്പിക്കലിലേക്ക് നയിച്ചത്. 2027-ഓടെ കെട്ടിടം പൂർണമായി പൊളിച്ചുമാറ്റുന്നതോടെ ദുബൈയുടെ ശൈഖ് സായിദ് റോഡിലെ നഗരദൃശ്യങ്ങളിൽ ദീർഘകാലം നിലകൊണ്ട മറ്റൊരു പഴയകാല അടയാളം കൂടി ചരിത്രത്തിന്റെ ഭാഗമാകും.Content Highlights:Dubai will demolish the historic Toyota Building on Sheikh Zayed Road by 2027. The action follows severe safety violations including illegal room partitions and overcrowding. About 70 percent of tenants have evacuated, while remaining residents must move out by December this year.