ദുബായ്| വെള്ളപ്പാണ്ട് (വിറ്റിലിഗോ) ചികിത്സാരംഗത്ത് നിർണായക നീക്കവുമായി യു എ ഇ. നോൺ- സെഗ്‌മെന്റൽ വിറ്റിലിഗോ ചികിത്സയ്‌ക്കുള്ള ‘റിൻവോക്’ മരുന്നിന് യുഎഇ അംഗീകാരം നൽകി. ഈ വിഭാഗത്തിലുള്ള ചികിത്സയ്ക്ക് അനുമതി നൽകുന്ന ആദ്യ രാജ്യമാണ് യുഎഇയെന്ന് അധികൃതർ അറിയിച്ചു.എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റാണ് മരുന്നിന് അംഗീകാരം നൽകിയത്. 12 വയസോ അതിൽ കൂടുതലോ പ്രായമുള്ള, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിറ്റിലിഗോ ബാധിച്ചവരും സിസ്റ്റമിക് ചികിത്സ ആവശ്യമായവരുമായ രോഗികൾക്ക് മരുന്ന് ഉപയോഗിക്കാം. ദിവസത്തിൽ ഒരിക്കൽ കഴിക്കേണ്ട ഗുളികയായാണ് റിൻവോക് നൽകുന്നത്.ശരീരത്തിന്റെ ഇരുവശങ്ങളിലും സമാനമായി ചർമത്തിന്റെ നിറം നഷ്ടപ്പെടുന്ന രീതിയിലാണ് നോൺ-സെഗ്‌മെന്റൽ വിറ്റിലിഗോ സാധാരണയായി കാണപ്പെടുന്നത്. വെള്ളപ്പാണ്ടിന്റെ ഏറ്റവും വ്യാപകമായ രൂപവും ഇതുതന്നെയാണ്. ഇതിൽനിന്ന് വ്യത്യസ്തമായി, സെഗ്‌മെന്റൽ വിറ്റിലിഗോ ശരീരത്തിന്റെ ഒരു ഭാഗത്തോ പ്രത്യേക പ്രദേശത്തോ മാത്രമായി പരിമിതപ്പെടാറുണ്ട്.ചർമത്തിന്റെ നിറത്തിൽ അസാധാരണമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിദഗ്ധ ഡോക്ടറുടെ പരിശോധന തേടണമെന്ന് അധികൃതർ നിർദേശിച്ചു. രോഗം തുടക്കത്തിൽ തന്നെ തിരിച്ചറിയുകയും കൃത്യമായി വിലയിരുത്തുകയും ചെയ്യുന്നത് ഓരോ രോഗിക്കും അനുയോജ്യമായ ചികിത്സ തീരുമാനിക്കുന്നതിൽ പ്രധാനമാണെന്നും എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് വ്യക്തമാക്കി.Content Highlights: The UAE has become the first country in the world to approve Rinvoq as an oral treatment for non-segmental vitiligo. The approval was granted by the Emirates Drug Establishment for adults and adolescents aged 12 and older. Taken once daily, the drug provides a vital systemic treatment option for patients experiencing skin pigmentation loss.