അങ്കാറ | ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി തുര്‍ക്കി. ഗസ്സയിലേക്ക് മാനുഷിക സഹായങ്ങളുമായി നീങ്ങിയ ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടില കപ്പലുകള്‍ക്ക് നേരെ അന്താരാഷ്ട്ര സമുദ്രത്തില്‍ വെച്ചുണ്ടായ ആക്രമണത്തിന്റെ പേരിലാണ് നെതന്യാഹുവിനെയും മറ്റൊരു ഉദ്യോഗസ്ഥനായ അഫെക് മോസ്‌കോവിച്ചിനെയും കുറ്റവിചാരണ നടത്തണമെന്ന ആവശ്യം.നരഹത്യ, മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങള്‍, പീഡനം, ബലമായി തടഞ്ഞുവെക്കല്‍, ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിച്ചവര്‍ക്ക് നേരെ നടത്തിയ സായുധ ആക്രമണം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ തുര്‍ക്കി നീതിന്യായ വകുപ്പ് മന്ത്രി അകിന്‍ ഗുര്‍ലേക് ഉന്നയിക്കുന്നത്.ഗസ്സയിലെ വംശഹത്യയെ തുടര്‍ന്ന് നെതന്യാഹുവിനും മറ്റ് 37 ഇസ്‌റാഈല്‍ നേതാക്കള്‍ക്കും തുര്‍ക്കി നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വംശഹത്യാക്കുറ്റവുമായി ബന്ധപ്പെട്ട് 2026 ജൂലൈ 14-നാണ് ബെഞ്ചമിന്‍ നെതന്യാഹുവിനും അഫെക് മോസ്‌കോവിച്ചിനുമെതിരെ തുര്‍ക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇവരെ അന്താരാഷ്ട്ര തലത്തില്‍ പിടികൂടുന്നതിനായി റെഡ് നോട്ടീസ് തേടാന്‍ നീതിന്യായ മന്ത്രാലയം ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.അതുമായി ബന്ധപ്പെട്ട രേഖകള്‍ തുര്‍ക്കി വിദേശകാര്യമന്ത്രാലയത്തിനും കൈമാറിയിട്ടുണ്ടെന്ന് അകിന്‍ ഗുര്‍ലേക് എക്‌സില്‍ കുറിച്ചു. മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങള്‍, വംശഹത്യ, നിയമവിരുദ്ധമായ തടഞ്ഞുവെക്കല്‍, ബോധപൂര്‍വം പരിക്കേല്‍പ്പിക്കല്‍, കൊടിയ പീഡനം, സ്വത്തുക്കള്‍ നശിപ്പിക്കല്‍, കൊള്ളയടിക്കല്‍, ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഹൈജാക്ക് ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് നിലനില്‍ക്കുക. അന്താരാഷ്ട്ര സമുദ്രത്തില്‍ ഗസ്സയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണവും അവരെ കസ്റ്റഡിയിലെടുത്തതുമാണ് ഈ കുറ്റാരോപണങ്ങള്‍ക്ക് കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. Content Highlights:Turkey requested Interpol to issue a Red Notice against Benjamin Netanyahu over allegations of war crimes and an attack on the Gaza flotilla. Justice Minister Akin Gurlek accused him of genocide and illegal detention. Turkey previously issued arrest warrants for Netanyahu and Israeli leaders.