കോട്ടയം റബ്ബര്‍ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; റബ്ബര്‍ ക്ലോണുകളുടെ നോഡല്‍ പരിശോധനാ കേന്ദ്രമായി തിരഞ്ഞെടുത്തു

Wait 5 sec.

കോട്ടയം |  രാജ്യത്ത് വികസിപ്പിക്കുന്ന പുതിയ റബ്ബര്‍ ക്ലോണുകളുടെ വ്യതിരിക്തതയും ഗുണനിലവാരവും പരിശോധിക്കുന്നതിനുള്ള അംഗീകൃത നോഡല്‍ കേന്ദ്രമായി കോട്ടയത്തെ റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ആര്‍ആര്‍ഐഐ) തെരഞ്ഞെടുക്കപ്പെട്ടു. ദേശീയതലത്തില്‍ ലഭിച്ച ഈ അംഗീകാരത്തിന്റെ ഔപചാരിക പ്രഖ്യാപനവും സമര്‍പ്പണച്ചടങ്ങും ആഗസ്റ്റ് 24 തിങ്കളാഴ്ച റബ്ബര്‍ ഗവേഷണ കേന്ദ്രത്തില്‍ നടക്കുമെന്ന് റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ഹരി അറിയിച്ചു.ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ആര്‍ആര്‍ഐഐയിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.സസ്യ ഇനങ്ങളുടെയും കര്‍ഷകരുടെയും അവകാശ സംരക്ഷണ നിയമം, 2001 പ്രകാരം പുതിയ റബ്ബര്‍ ക്ലോണുകളുടെ രജിസ്‌ട്രേഷനു മുമ്പ് അവയുടെ വ്യതിരിക്തത, ഏകത, സ്ഥിരത എന്നിവ നിര്‍ണയിക്കുന്ന ഡിയുഎസ് (DUS) പരിശോധന നിര്‍ബന്ധമാണ്. ഇതിനായി ആര്‍ആര്‍ഐഐ തയ്യാറാക്കിയ പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് നിയമപരമായ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ ഇന്ത്യാ ഗസറ്റില്‍ പ്രസിദ്ധീകരിക്കും.ഡിയുഎസ് പരിശോധനയ്ക്കായി ആര്‍ആര്‍ഐഐയില്‍ ഇതിനകം 50-ലധികം തദ്ദേശീയവും വിദേശീയവുമായ റബ്ബര്‍ ക്ലോണുകള്‍ ഉള്‍പ്പെടുന്ന റഫറന്‍സ് ശേഖരം സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്ത് വികസിപ്പിക്കുന്ന പുതിയ ക്ലോണുകളുടെ രജിസ്‌ട്രേഷന്‍ നടപടികളില്‍ ഈ ശേഖരം പ്രധാന റഫറന്‍സായി ഉപയോഗിക്കും.സസ്യ ഇനങ്ങളുടെയും കര്‍ഷകരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പുതിയ സസ്യ ഇനങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനു ഉള്ള കേന്ദ്ര സര്‍ക്കാര്‍ നിയമം പ്രാബല്യമാക്കുന്നതിന്റെ ഭാഗമായി ലഭിച്ച ഈ അംഗീകാരം ഇന്ത്യയിലെ റബ്ബര്‍ ഗവേഷണ മേഖലയ്ക്കും ആര്‍ആര്‍ഐഐയ്ക്കും ചരിത്രനേട്ടമാണെന്ന് റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ഹരി അറിയിച്ചു.Content Highlights: The Rubber Research Institute of India in Kottayam has been selected as the national nodal center to conduct DUS testing for new rubber clones. Formal recognition under the Plant Varieties and Farmers Rights Act will be announced on August 24 by Rubber Board Chairman N Hari.