പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം; അടിയന്തര റിപ്പോര്‍ട്ട് തേടി റെയില്‍വേ മന്ത്രി

Wait 5 sec.

ന്യൂഡല്‍ഹി |  സംസ്ഥാനവുമായി യാതൊരു ചര്‍ച്ചയും നടത്താതെ പാലക്കാട് റെയില്‍വേ ഡിവിഷനില്‍ നിന്ന് മംഗളൂരു സെന്‍ട്രല്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ ഏകപക്ഷീയ തീരുമാനത്തിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. റെയില്‍വേ മന്ത്രാലയത്തെ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.പാലക്കാട് ഡിവിഷന്‍ വിഭജനം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കെ.സി. വേണുഗോപാല്‍ എംപി റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഡിവിഷന്‍ വിഭജനത്തിനെതിരെ കേരളത്തിലെ എംപിമാര്‍ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങുമെന്നും അദ്ദേഹം റെയില്‍വേ മന്ത്രിയെ അറിയിച്ചു. ഓണക്കാലത്ത് കേരളത്തിന് ലഭിച്ച ഇരുട്ടടിയാണ് ഈ തീരുമാനമെന്നും പാലക്കാട് ഡിവിഷന്‍ വിഭജിക്കാനുള്ള നീക്കത്തില്‍ നിന്ന് റെയില്‍വേ അടിയന്തരമായി പിന്മാറണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.പ്രത്യേക റെയില്‍വേ സോണ്‍ വേണമെന്ന് ദീര്‍ഘകാലമായി കേരളം ആവശ്യപ്പെട്ടു കൊണ്ടിരിക്കെ അത് പരിഗണിക്കാതെ പാലക്കാട് ഡിവിഷന്‍ വിഭജിക്കുന്നത് നീതികേടാണെന്നും കെസി വേണുഗോപാല്‍ റെയില്‍വേ മന്ത്രി അറിയിച്ചു.ഒരുതരത്തിലുള്ള ചര്‍ച്ചകളും നടത്താതെയാണ് മംഗളൂരു സെക്ഷന്‍ പാലക്കാട് ഡിവിഷനില്‍ നിന്ന് മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. റെയില്‍വേയുടെ ഈ നടപടി പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. തീരുമാനം മംഗളൂരു മേഖലയിലെ യാത്രക്കാരിലും പൊതുജനങ്ങളിലും വ്യാപകമായ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.മംഗളൂരുവിനെ പാലക്കാട് ഡിവിഷനില്‍ നിന്ന് മാറ്റുന്നത് ഡിവിഷന്റെ പ്രവര്‍ത്തനത്തെയും സാമ്പത്തിക സ്ഥിരതയെയും ഗുരുതരമായി ബാധിക്കും. പനമ്പൂര്‍ തുറമുഖ ശൃംഖല ഉള്‍പ്പെടെയുള്ള മംഗളൂരു മേഖലയാണ് പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്ന്. ഈ നിര്‍ണായക ചരക്ക്-യാത്രാ കേന്ദ്രം നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷന് വലിയ വരുമാന നഷ്ടമുണ്ടാകുകയും വികസനം, അറ്റകുറ്റപ്പണികള്‍, യാത്രാസൗകര്യങ്ങളുടെ നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത് ബുദ്ധിമുട്ടാകുകയും ചെയ്യും.കേരളവുമായി ബന്ധിപ്പിക്കുന്ന ദീര്‍ഘദൂര യാത്രാ ട്രെയിന്‍ സര്‍വീസുകളുടെ പ്രധാന വടക്കന്‍ ടെര്‍മിനലാണ് മംഗളൂരു സെന്‍ട്രല്‍. ഭരണപരമായ നിയന്ത്രണം മറ്റൊരു ഡിവിഷനിലേക്ക് മാറ്റുന്നത് ട്രെയിന്‍ പാത അനുവദിക്കല്‍, അറ്റകുറ്റപ്പണികള്‍, പ്ലാറ്റ്ഫോം അനുവദിക്കല്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനപരമായ വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കും. ഇതുമൂലം മലബാര്‍ മേഖലയ്ക്ക് ആവശ്യമായ പുതിയ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുന്നതിനും തടസ്സങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.സേലം ഡിവിഷന്‍ രൂപീകരിച്ച സമയത്ത് തന്നെ പാലക്കാട് ഡിവിഷന്റെ റെയില്‍വേ ശൃംഖലയില്‍ വലിയ കുറവ് നേരിട്ടിട്ടുണ്ട്. വീണ്ടും ഇത്തരമൊരു വിഭജനം നടപ്പാക്കിയാല്‍ പാലക്കാട് ഡിവിഷന്‍ കൂടുതല്‍ ദുര്‍ബലമാകുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.ദൈനംദിന യാത്രക്കാരുടെ താല്‍പ്പര്യങ്ങളും പാലക്കാട് ഡിവിഷന്റെ സാമ്പത്തിക-പ്രവര്‍ത്തനപരമായ പ്രാധാന്യവും പരിഗണിച്ച് റെയില്‍വേ മന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഈ വിഷയത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ ഉത്തരവ് അനുകൂലമായി പുനഃപരിശോധിച്ച് മംഗളൂരുവിനെ സതേണ്‍ റെയില്‍വേയുടെ കീഴിലുള്ള പാലക്കാട് ഡിവിഷന്റെ അവിഭാജ്യ ഘടകമായി തന്നെ നിലനിര്‍ത്തണമെന്ന് കെ.സി. വേണുഗോപാല്‍ റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടു.Content Highlights: AICC General Secretary KC Venugopal MP strongly opposed the Railway Board’s unilateral decision to transfer Mangaluru Central from the Palakkad Division to the Mysuru Division. Following his protest, Railway Minister Ashwini Vaishnaw called for an urgent report. Venugopal urged the ministry to revoke the decision to prevent severe revenue loss.