ജയില്‍ ചാടിയ പ്രതി ആധാര്‍ കാര്‍ഡ് വാങ്ങാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടും തിരിച്ചറിഞ്ഞില്ല; പെരുമ്പാവൂര്‍ പോലീസിനെതിരെ അന്വേഷണം

Wait 5 sec.

ആലുവ | ജയില്‍ ചാടിയ പ്രതി ആധാര്‍ കാര്‍ഡ് വാങ്ങിക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടും പോലീസുകാര്‍ തിരിച്ചറിഞ്ഞില്ല. പിന്നീട് ആലുവ പോലീസിന്റെ പ്രത്യേക സ്‌ക്വാഡ് പെരുമ്പാവൂര്‍ മേഖല കേന്ദ്രീകരിച്ച് ശക്തമായ തെരച്ചില്‍ നടത്തിയിട്ടും പ്രതിയെ കണ്ടെത്താനായില്ല.മോഷണക്കേസില്‍ അറസ്റ്റിലായ അസം സ്വദേശി മധുര്‍ജ്യ സോനവാള്‍ ആണ് ആലുവ സബ് ജയിലില്‍ നിന്ന് ചാടിപ്പോയത്. ജയില്‍ ചാടിയ ശേഷം ആധാര്‍ കാര്‍ഡ് വാങ്ങിക്കാന്‍ പ്രതി പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ ചെന്നിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഇയാളെ തിരിച്ചറിഞ്ഞില്ല. ഈ ഗുരുതരമായ വീഴ്ചയില്‍ പെരുമ്പാവൂര്‍ പോലീസിനെതിരെയും ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതി ജയില്‍ ചാടിയ സംഭവത്തില്‍ വീഴ്ച വരുത്തിയ സബ് ജയിലിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.പ്രതി സംസ്ഥാനം വിട്ടുപോകാനുള്ള സാധ്യത മുന്‍നിര്‍ത്തി പോലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പ്രതിയുടെ ചിത്രമടക്കം ഉള്‍പ്പെടുത്തി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. Content Highlights:An escaped thief named Madhurjya Sonawal visited Perumbavoor police station to collect his Aadhaar card without being identified. Aluva police launched a search in the area while initiating departmental action against three sub jail staff. A lookout notice has been issued to catch the culprit.