ദുബൈ|യു എ ഇയിലെ സർക്കാർ സ്‌കൂളുകളിൽ കിന്റർഗാർട്ടൻ (കെ ജി) മുതൽ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പരമ്പരാഗത ഹോംവർക്കുകൾ പൂർണമായി ഒഴിവാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. 2026-2027 പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി നടപ്പാക്കുന്ന വിപുലമായ പാഠ്യപദ്ധതി പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം. ചെറിയ കുട്ടികൾക്ക് വിശ്രമത്തിനും കളികൾക്കും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വായനക്കും കൂടുതൽ അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.പ്രധാന പഠന പ്രവർത്തനങ്ങൾ ക്ലാസ് മുറികളിലെ ചിട്ടയായ അന്തരീക്ഷത്തിൽ തന്നെ പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സാറ അൽ അമീരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സൈദ്ധാന്തിക പഠന രീതികളിൽ നിന്ന് മാറി നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസത്തിലേക്ക് ചുവടുമാറുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ.പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം കുട്ടികളുടെ ദൈനംദിന ജീവിതത്തിൽ മികച്ച സന്തുലിതാവസ്ഥ ഉറപ്പാക്കാൻ ഹോംവർക്ക് ഒഴിവാക്കുന്നതിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ ചാർട്ടറിന്റെ ഭാഗമായി ആറ് പഠനപാതകളിലൂടെയാണ് പരിഷ്‌കാരങ്ങൾ സ്‌കൂളുകളിൽ നടപ്പാക്കുന്നത്.ഇതിനുപുറമെ, വിദ്യാർഥികളുടെ വാർഷിക മൂല്യനിർണയത്തിനായി 50 ശതമാനം കേന്ദ്രീകൃത പരീക്ഷകളും 50 ശതമാനം സ്‌കൂൾ തല പരീക്ഷകളും ഉൾപ്പെടുന്ന പുതിയ 50-50 മൂല്യനിർണയ സംവിധാനം ഏർപ്പെടുത്തുമെന്നും ചില വിഷയങ്ങളുടെ പഠനത്തിന് ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.Content Highlights:The UAE Ministry of Education announced a total ban on traditional homework for KG to Grade 2 students in government schools starting the 2026-2027 academic year. Education Minister Sarah Al Amiri stated that learning activities will be completed within classrooms. A new 50-50 assessment scheme will also be introduced.