പൂപ്പാറയിലെ കാട്ടാന ആക്രമണം; മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

Wait 5 sec.

ഇടുക്കി|ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വനം വകുപ്പ്. മരിച്ച ഒച്ചു തേവറിന്റെ കുടുംബത്തിന് ആദ്യഘഡുവായ അഞ്ച് ലക്ഷം ഇന്ന് തന്നെ കൈമാറും. തലക്കുളം എസ്റ്റേറ്റില്‍ ജോലി ചെയ്യുകയായിരുന്ന തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശി ഒച്ചുതേവര്‍ ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശവുമുണ്ടായിരുന്നു. ഇന്ന് രാവിലെ എസ്റ്റേറ്റില്‍ കനത്ത മഞ്ഞായിരുന്നു. മഞ്ഞ് കാരണം കാട്ടാന അടുത്തെത്തിയത് ഒച്ചു തേവര്‍ കണ്ടില്ല. തുടര്‍ന്ന് ആനയുടെ മുന്നില്‍പ്പെട്ട ഇദ്ദേഹത്തെ ആന ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഒച്ചു തേവരെ കണ്ടെത്തിയത്.ഒച്ചു തേവരുടെ മകളുടെ പേരിലുള്ളതാണ് ഈ കൃഷിത്തോട്ടം. ഇവിടെ താമസിച്ച് തോട്ടത്തിലെ കാര്യങ്ങള്‍ നോക്കി നടത്തിവരികയായിരുന്നു അദ്ദേഹം. പൂപ്പാറ മേഖലയില്‍ കാട്ടാന ആക്രമണം നിരന്തരമായി തുടരുകയാണ്. ഇതിനുമുന്‍പും സമാനമായ രീതിയില്‍ ഇവിടെ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. ഇതിനിടെ, മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് പോലീസിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബന്ധുക്കളുടെ അനുമതിയില്ലാതെ ഒച്ചു തേവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തമിഴ്‌നാട്ടിലെ തേനി മെഡിക്കല്‍ കോളജിലേക്ക് പോലീസ് മാറ്റിയെന്നാണ് ഉയര്‍ന്ന പരാതി. പ്രതിഷേധക്കാര്‍ ഉടുമ്പന്‍ ചോല എംഎല്‍എ സേനാപതി വേണുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ദേശീയപാത ഉപരോധം അവസാനിപ്പിച്ചു.Content Highlights:The Forest Department announced Rs 10 lakh compensation for the family of Och Thevar, who was killed in a wild elephant attack at Pooppara, Idukki. An initial amount of Rs 5 lakh will be handed over today. Locals blocked the national highway in protest before calling off the demonstration.