ഗീതു മോഹൻദാസ്-യഷ് ടീമിന്റെ ചിത്രം ടോക്സിക് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മാസും ക്ലാസും ചേർന്ന ഒരു അനുഭവമാണ് സിനിമ തിയറ്ററുകളിൽ സമ്മാനിക്കുന്നത്. യഷിന്റെ പ്രകടനത്തിനും ചിത്രത്തിന്റെ വിഷ്വലുകൾക്കും ആക്ഷൻ സീനുകൾക്കും മികച്ച പ്രതികരണം ലഭിക്കുന്നത്. ചിത്രത്തിലെ യഷിൻ്റെ സ്ക്രീൻ പ്രസൻസാണ് ആരാധകർ പ്രധാനമായും എടുത്തുപറയുന്നത്. സ്റ്റൈലിഷ് അവതരണവും മാസ് രംഗങ്ങളിലെ പ്രകടനവും മികവ് പുലർത്തിയെന്നും അഭിപ്രായങ്ങളുണ്ട്.യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ആയിരുന്നു ചിത്രീകരിച്ചത്. അധികാരം കൈമാറി വരുന്ന അപകടകരമായ ഒരു ലോകത്തിലൂടെയാണ് കഥ മുന്നേറുന്നത്. ബന്ധങ്ങളും സംഘർഷങ്ങളും ചിത്രത്തിന്റെ പ്രധാന പ്രമേയങ്ങളാകുന്നു. ക്രൈം, ആഗ്രഹം, കുടുംബം, വിശ്വസ്തത, വഞ്ചന, അധികാരം എന്നിവയെല്ലാം ഇവിടെ പരസ്പരം ഇഴചേർന്നിരിക്കുന്നു. വ്യക്തിബന്ധങ്ങളും അധികാരത്തിനായുള്ള വലിയ പോരാട്ടങ്ങളും വേർതിരിക്കാനാകാത്ത ഒരു ലോകമാണ് ‘ടോക്സിക്’ അവതരിപ്പിക്കുന്നത്. മലയാള സിനിമയിൽ നിന്ന് ലോക സിനിമാ ക്യാൻവാസിലേക്കുള്ള ഗീതു മോഹൻദാസിന്റെ യാത്രയിലെ നിർണായക ചുവടുവെപ്പ് കൂടിയാണ് ‘ടോക്സിക്’.നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ). ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യഷും ചേർന്ന് KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ടോക്സിക്, പിആര്‍ഒ പ്രതീഷ് ശേഖർ ആണ്.