11 വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല സ്വകാര്യ കമ്പനികള്‍ക്ക് കൈമാറും; പദ്ധതിയുമായി കേന്ദ്രം

Wait 5 sec.

ന്യൂഡല്‍ഹി | പതിനൊന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയില്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. വാരാണസി, തിരുപ്പതി എന്നിവയുള്‍പ്പെടെയുള്ള വിമാനത്താവളങ്ങളാണ് അഞ്ച് പാക്കേജുകളായി തിരിച്ച് സ്വകാര്യ പങ്കാളികളെ ഏല്‍പ്പിക്കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ഓരോ പാക്കേജും ഒരു പ്രത്യേക കമ്പനിക്കായിരിക്കും (concessionaire) നല്‍കുക.അഞ്ച് പ്രധാന വിമാനത്താവളങ്ങളെ ആറ് ചെറിയ വിമാനത്താവളങ്ങളുമായി ചേര്‍ത്താണ് പാക്കേജുകള്‍ തയ്യാറാക്കുന്നത്. ആഗസ്റ്റ് നാലിന് ചേര്‍ന്ന പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് അപ്രൈസല്‍ കമ്മിറ്റി (PPPAC) സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം, അമൃത്സര്‍, കാംഗ്ര-ഗഗ്ഗല്‍ വിമാനത്താവളങ്ങള്‍ ഒരു കൂട്ടമായും (bundle), വാരണാസി, ഗയ, കുശിനഗര്‍ എന്നിവ മറ്റൊരു കൂട്ടമായും തിരിക്കും. ഭുവനേശ്വര്‍, ഹുബ്ബള്ളി വിമാനത്താവളങ്ങള്‍ ഒരു ഗ്രൂപ്പിലും, റായ്പുര്‍, ഔറംഗബാദ് വിമാനത്താവളങ്ങള്‍ മറ്റൊരു കൂട്ടത്തിലുമായിരിക്കും ഉള്‍പ്പെടുത്തുക. കൂടാതെ, തിരുച്ചിറപ്പള്ളി, തിരുപ്പതി വിമാനത്താവളങ്ങള്‍ക്കായി പ്രത്യേക ഗ്രൂപ്പ് രൂപവത്കരിക്കും.സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി അനുരാധ താക്കൂര്‍ അധ്യക്ഷയായ പി പി പി എ സി, കേന്ദ്ര മേഖലയിലെ പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് (PPP) പദ്ധതികളെ വിലയിരുത്തുന്ന സമിതിയാണ്. പി പി പി മാതൃകയില്‍ 50 വര്‍ഷത്തെ കാലാവധിയിലേക്കാണ് വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുന്നത്.വിപണിയിലെ കുത്തകാവസ്ഥയും അമിതമായ കടബാധ്യതയും (over-leveraging) മൂലമുണ്ടാകുന്ന അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനായി, ഒരു ബിഡ്ഡര്‍ക്ക് അനുവദിക്കാവുന്ന വിമാനത്താവള ഗ്രൂപ്പുകളുടെ എണ്ണത്തില്‍ പരിധി നിശ്ചയിക്കുമെന്ന് രേഖയില്‍ പറയുന്നു. ഒന്നിലധികം പദ്ധതികളെ ബാധിച്ചേക്കാവുന്ന ആഘാതങ്ങള്‍ (cascading impact) കൂടി കണക്കിലെടുത്താണ് തീരുമാനം.ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കുന്ന കമ്പനികള്‍ (concessionaires) മൊത്തം 8,622 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. സ്വകാര്യ കമ്പനികള്‍ക്ക് വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൈമാറിയ ശേഷം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ നിലവിലുള്ള ജീവനക്കാരെയും ഉള്‍പ്പെടുത്തി ഒരു വര്‍ഷത്തെ സംയുക്ത നടത്തിപ്പ് കാലയളവ് ഏര്‍പ്പെടുത്താനും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, കരാര്‍ ഏറ്റെടുക്കുന്ന കമ്പനി എ എ ഐയിലെ 60 ശതമാനം ജീവനക്കാരെയും മൂന്ന് വര്‍ഷത്തേക്ക് നിലനിര്‍ത്തേണ്ടതുണ്ട്. മുന്‍ഘട്ടത്തിലെ നടപടികളില്‍ ഒരു വര്‍ഷത്തെ സംയുക്ത നടത്തിപ്പ് കാലയളവും രണ്ട് വര്‍ഷത്തെ ‘ഡീംഡ് ഡെപ്യൂട്ടേഷന്‍’ (deemed deputation) കാലയളവും ഉള്‍പ്പെടുത്തിയിരുന്നു.കരാര്‍ ഏറ്റെടുക്കുന്ന കമ്പനിയുമായുള്ള ഇത്തരം ക്രമീകരണങ്ങള്‍ എ എ ഐ ജീവനക്കാര്‍ക്ക് സ്വീകാര്യമാണെന്ന് മുന്‍കാല അനുഭവങ്ങള്‍ സൂചിപ്പിക്കുന്നതായി രേഖയില്‍ പറയുന്നു.യോഗത്തിന്റെ മിനുട്‌സ് പ്രകാരം, നിലവിലെ ഘട്ടത്തിലേക്കുള്ള 11 വിമാനത്താവളങ്ങളെ എ എ ഐ ഘട്ടംഘട്ടമായും വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ (data-driven) സമീപനത്തിലൂടെയാണ് തിരഞ്ഞെടുത്തത്. തുടക്കത്തില്‍, യാത്രക്കാരുടെ എണ്ണം, ഭൂമിയുടെ ലഭ്യത, വാണിജ്യ സാധ്യതകള്‍, സാമ്പത്തിക പ്രകടനം, ഓരോ വിമാനത്താവളത്തിന്റെയും പ്രത്യേക ഗുണങ്ങളും പരിമിതികളും എന്നിവയുടെ അടിസ്ഥാനത്തില്‍ 12 പ്രധാന വിമാനത്താവളങ്ങളെ വിലയിരുത്തുകയും, അവയില്‍ ആറെണ്ണം പാട്ടത്തിന് നല്‍കാന്‍ ശിപാര്‍ശ ചെയ്യുകയും ചെയ്തു. തുടര്‍ന്ന്, പ്രധാന വിമാനത്താവളങ്ങളുമായി കൂട്ടിച്ചേര്‍ക്കാന്‍ (bundling) സാധിക്കുന്ന 136 ചെറിയ വിമാനത്താവളങ്ങളെയും വിലയിരുത്തി. യാത്രാ സാധ്യത, മൂലധന ചെലവ് ആവശ്യകതകള്‍, ഭൂമിശാസ്ത്രപരമായ സാമീപ്യം, നഗര-അനുബന്ധ വികസന സാധ്യതകള്‍, സാമ്പത്തിക ലാഭക്ഷമത തുടങ്ങിയ മാനദണ്ഡങ്ങള്‍ ഇതിനായി പരിഗണിച്ചു.Content Highlights: The Central Government has approved the plan to hand over the management, operation, and development of 11 airports to private companies under the Public-Private Partnership model. These airports will be awarded in five distinct bundles to private entities for a concession period of 50 years. The move aims to cross-subsidize smaller regional hubs using revenue generated from major high-traffic airports.