മീലാദുന്നബി ഇന്ന്

Wait 5 sec.

കോഴിക്കോട് | വിശ്വാസിയുടെ ഖൽബകങ്ങളിൽ അതിർവരമ്പില്ലാത്ത സന്തോഷവുമായി ഇന്ന് നബിദിനം. പ്രവാചകർ മുഹമ്മദ് നബി (സ)യുടെ 1501ാം ജന്മദിനത്തിൽ മണ്ണും വിണ്ണും പ്രവാചകാനുരാഗത്തിൽ അലിഞ്ഞുചേരുകയാണ്. മദ്ഹുകൾ പാടിയും പറഞ്ഞും വിശ്വാസിയുടെ അകതാരം മനംകുളിർക്കുന്ന റബീഉൽ അവ്വലിന്റെ 12ാം സുദിനം. പ്രഭാത നിസ്‌കാരത്തിന് തൊട്ടുമുമ്പാണ് പ്രവാചക പൂമേനിയുടെ ജന്മസമയം. പള്ളികളിലും ഭവനങ്ങളിലും മൗലിദിന്റെ ആരവം മുഴങ്ങിക്കേട്ടാണ് ഇന്നത്തെ ദിനം മിഴി തുറന്നത്.നബിദിനത്തോടനുബന്ധിച്ച് തെരുവീഥികൾ സന്തോഷപ്പൊലിമയിലാണ്. ദഫിന്റെയും അറബനയുടെയും ഇശ്ഖിൻ താളത്തിൽ ഉതിർന്നുവീഴുന്ന സ്‌നേഹഗീതങ്ങൾക്ക് ഒന്നര സഹസ്രാബ്ദത്തിന്റെ മാറ്റൊലിയുണ്ട്. 15 നൂറ്റാണ്ടുകൾക്കപ്പുറം പ്രവാചകൻ പറഞ്ഞുവെച്ച വാക്യങ്ങൾക്ക്, പ്രവർത്തനങ്ങൾക്ക് ആധുനിക എ ഐ യുഗം പോലും കൈയടിക്കുന്ന കാഴ്ചകൾ മനോഹരം.സംസ്ഥാനത്ത് വിവിധ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇത്തവണ വ്യത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മദ്‌റസാ വിദ്യാർഥികളുടെ ഘോഷയാത്രകളും കലാമത്സര പരിപാടികളും തന്നെയാണ് നമ്മുടെ നാട്ടിൽ ഇന്നത്തെ ദിനത്തിലെ പ്രധാന ഇനം. മൗലിദ് സദസ്സുകൾ, മത പ്രഭാഷണങ്ങൾ, സ്വലാത്ത് മജ്‌ലിസുകൾ, നബിചരിത്ര പഠനങ്ങൾ, അന്നദാനം തുടങ്ങിയ വ്യത്യസ്തമായ പരിപാടികളും നടക്കുന്നുണ്ട്. കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും ഇന്നും രാജ്യതലസ്ഥാനമായ ഡൽഹിയിൽ നാളെയുമാണ് നബിദിനം.