മനാമ: പദ്മവിഭൂഷൺ ബഹുമതി നൽകി രാജ്യം ആദരിച്ച തെലുങ്ക് സിനിമാ ലോകത്തെ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ 71-ാം ജന്മദിനത്തോട് അനുബന്ധിച്ച് ‘ടീം ജനസേന ബഹ്‌റൈൻ’ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം ആളുകളാണ് ജീവകാരുണ്യ മാതൃക ഉയർത്തിപ്പിടിച്ച് ക്യാമ്പിൽ രക്തം ദാനം ചെയ്തത്.ചിരഞ്ജീവി ഫാൻസ്, ജനസേന പ്രവർത്തകർ, വീര മഹിളകൾ, വിവിധ ഇന്ത്യൻ സാമൂഹിക സാംസ്കാരിക സംഘടനകളിലെ അംഗങ്ങൾ എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു. ചിരഞ്ജീവിയുടെ സാമൂഹിക പ്രതിബദ്ധതയിൽ നിന്നും പ്രചോദന ഉൾക്കൊണ്ടാണ് രക്തദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി.ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് പദ്മഭൂഷൺ, പദ്മവിഭൂഷൺ ബഹുമതികളും ആന്ധ്ര യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റും നൽകി രാജ്യം ആദരിച്ച വ്യക്തിത്വമാണ് ചിരഞ്ജീവി.ടീം ജനസേന ബഹ്‌റൈൻ ഭാരവാഹികളായ ഡി. ശ്രീനിവാസ് റാവു, ഹേമന്ത്, നാഗേഷ് ജി., എം. സതീഷ് കുമാർ, ഭാസ്കർ രായുഡു എന്നിവർ ക്യാമ്പിന്റെ ഏകോപനം നിർവ്വഹിച്ചു. രക്തദാനത്തിന് ശേഷം കേക്ക് മുറിച്ച് അംഗങ്ങളും സന്നദ്ധ പ്രവർത്തകരും ചേർന്ന് ജന്മദിനാഘോഷം കൂടുതൽ അവിസ്മരണീയമാക്കി. ക്യാമ്പ് വിജയകരമാക്കാൻ മുന്നോട്ടുവന്ന എല്ലാ രക്തദാതാക്കൾക്കും വളണ്ടിയർമാർക്കും സൽമാനിയ ആശുപത്രി അധികൃതർക്കും സംഘാടകർ നന്ദി അറിയിച്ചു.The post മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ജന്മദിനാഘോഷം: രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ടീം ജനസേന ബഹ്‌റൈൻ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.