കഴകം ജോലിക്കാരിയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പൊട്ടിക്കാന്‍ ശ്രമം; പൂജാരി അറസ്റ്റില്‍

Wait 5 sec.

പത്തനംതിട്ട |  ക്ഷേത്രത്തിനുള്ളില്‍ സഹപ്രവര്‍ത്തകയുടെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം സ്വര്‍ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച ഉള്ളന്നൂര്‍ പുലിക്കൂട്ടിനാല്‍ ക്ഷേത്രത്തിലെ പൂജാരി അറസ്റ്റില്‍. പത്തനംതിട്ട ഇലന്തൂര്‍ പൂക്കോട് ഗുരുമന്ദിരത്തിന് സമീപം മെട്ടയില്‍ വീട്ടില്‍ ബിജുമോന്‍ എം പി(52)/െയാണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.ക്ഷേത്രത്തില്‍ ഇയാളോടൊപ്പം കഴകം ജോലി ചെയ്തുവന്നിരുന്ന വിജയമ്മ (63) എന്ന സ്ത്രീയുടെ മാലയാണ് ഇയാള്‍ പൊട്ടിച്ചെടുക്കാക്കാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കഴകം ജോലി ചെയ്തിരുന്ന വിജയമ്മയാണ് എല്ലാ ദിവസവും രാവിലെ ക്ഷേത്രം തുറന്ന് വൃത്തിയാക്കുന്നത്. പതിവുപോലെ ക്ഷേത്രത്തിന് ഉള്‍വശം തൂത്ത് വൃത്തിയാക്കി കൊണ്ടിരിക്കുന്ന സമയത്താണ് ക്ഷേത്ര പൂജാരിയായ ബിജുമോന്‍ ബൈക്കിലെത്തിയത്. ക്ഷേത്രത്തിന് കുറെ ദൂരെയായി ബൈക്ക് ഒതുക്കി പാര്‍ക്ക് ചെയ്ത ശേഷം സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലൂടെ ക്ഷേത്രത്തിനുള്ളില്‍ എത്തുകയും ക്ഷേത്രത്തില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു പട്ട് ഉടയാടയില്‍ മുളകുപൊടി തട്ടിഇട്ട് അത് കഴകം ജോലി ചെയ്തുകൊണ്ടിരുന്ന വിജയമ്മയുടെ മുഖത്ത് അമര്‍ത്തി പിടിക്കുകയും ശ്വാസംമുട്ടിക്കുകയും ചെയ്തു. ഇതേസമയം ഇവരുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തത്. കുതറി മാറി ഉച്ചത്തില്‍ നിലവിളിച്ചതോടെ വിജയമ്മയെ വിട്ട് പൂജാരി പുറത്തേക്ക് ഓടിപ്പോയി.നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റും ചേര്‍ന്ന് സമീപ പ്രദേശങ്ങള്‍ പരിശോധിക്കുകയും രക്ഷപ്പെടാന്‍ ശ്രമിച്ച പൂജാരിയെ തടഞ്ഞു വച്ച് പോലിസിന് കൈമാറുകയുമായിരുന്നു. ഇലവുംതിട്ട എസ് എച്ച് ഒ രാജേഷ് കുമാര്‍ കെ ആര്‍, എ എസ് ഐ പ്രകാശ്, എസ് സി പി ഒമാരായ രാകേഷ്, റിജു, സി പി ഒമാരായ അഖില്‍, മനീഷ് അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഉള്ളന്നൂര്‍ ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്തുവന്നിരുന്ന ഇയാള്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ കൊലപാതക കേസിലും കോയിപ്പുറം സ്റ്റേഷനിലെ മറ്റൊരു ക്രിമിനല്‍ കേസിലും പ്രതിയാണെന്ന് ഇലവുംതിട്ട എസ് എച്ച് ഒ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.Content Highlights: A temple priest in Pathanamthitta was arrested after attempting to snatch a coworker’s gold chain by throwing chilli powder in her eyes. The victim escaped by screaming for help, prompting locals to catch the accused. Police revealed the priest is also accused in previous criminal cases.