അബൂദബി|തിരുനബി മുഹമ്മദ് മുസ്തഫാ (സ) തങ്ങളുടെ ജന്മദിനമായ പവിത്ര നബിദിനത്തിൽ യു എ ഇയിലെയും ലോകമെമ്പാടുമുള്ള ഇസ്്ലാമിക സമൂഹത്തിനും ആശംസകൾ നേർന്ന് യു എ ഇ ഭരണനേതൃത്വം. കാരുണ്യം, സഹിഷ്ണുത, മാനവികത എന്നിവയിൽ അധിഷ്ഠിതമായ പ്രവാചക അധ്യാപനങ്ങൾ സമൂഹത്തിന് എന്നും വഴികാട്ടിയാണെന്ന് ഭരണാധികാരികൾ സന്ദേശങ്ങളിൽ വ്യക്തമാക്കി.നബിദിനത്തോടനുബന്ധിച്ച് യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ “എക്‌സി’ൽ പ്രത്യേക സന്ദേശം പങ്കുവെച്ചു. “നബി (സ) തങ്ങളുടെ ജന്മദിനത്തിന്റെ ഈ പുണ്യവേളയിൽ, അവിടുന്ന് പകർന്നു നൽകിയ മഹത്തായ പൈതൃകത്തെ നാം സ്മരിക്കുന്നു. കാരുണ്യത്തിലും ദയയിലും പരസ്പര സഹിഷ്ണുതയിലും പടുത്തുയർത്തിയ ആ പൈതൃകം നന്മയെ ഉദാത്തവും ശാശ്വതവുമായ ലക്ഷ്യമാക്കി മാറ്റി.നമ്മുടെ രാജ്യവും ജനങ്ങളും സദാ സംരക്ഷിക്കപ്പെടട്ടെ എന്നും, നമ്മുടെ മേഖലയിലും ലോകമെമ്പാടും ശാശ്വതമായ സമാധാനവും സുരക്ഷിതത്വവും പുലരട്ടെ എന്നും പ്രാർഥിക്കുന്നു.’ പ്രസിഡന്റ്കുറിച്ചു.യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമും നബിദിനാശംസകൾ നേർന്നു. “നമ്മുടെ പ്രവാചകനും പ്രിയങ്കരനും മധ്യസ്ഥനുമായ മുഹമ്മദ് നബി (സ) തങ്ങളുടെ ജന്മദിന വേളയിൽ ലോകമെമ്പാടുമുള്ള ഇസ്്ലാമിക സമൂഹത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. മാനവികതയുടെ ദൂതനും സൃഷ്ടികളിൽ ഉത്തമനും ലോകത്തിന് കാരുണ്യവുമാണ് അവിടുന്ന്.ഈ അനുഗ്രഹീത ദിനത്തിൽ ഇസ്്ലാമിക സമൂഹം നന്മയിലും സുരക്ഷിതത്വത്തിലും സമാധാനത്തിലും ഐശ്വര്യത്തിലും നിലനിൽക്കാൻ സർവശക്തനായ അല്ലാഹുവോട് പ്രാർഥിക്കുന്നു.’ ശൈഖ് മുഹമ്മദ് കുറിച്ചു.വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്്യാനും ആശംസകൾ പങ്കുവെക്കുകയും പ്രവാചക സന്ദേശങ്ങളുടെ മഹത്വം ഉയർത്തിക്കാട്ടുകയും ചെയ്തു.ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പ്രത്യേക ആശംസാ സന്ദേശം പങ്കുവെച്ചു. “സൃഷ്ടികളിൽ ഉത്തമനായ പ്രവാചകൻ മുഹമ്മദ് നബി (സ) തങ്ങളുടെ ജന്മദിന വാർഷികത്തിൽ, മാനവികതയുടെ പാതയെ പ്രകാശപൂരിതമാക്കിയ ആ പവിത്ര ജീവിതത്തെ നാം അനുസ്മരിക്കുന്നു.ഉദാത്തമായ സൽസ്വഭാവത്തെയും ഉന്നത മൂല്യങ്ങളെയും ഇഹലോകത്തും പരലോകത്തും അനുഗ്രഹങ്ങൾ നേടാനുള്ള മാർഗമാക്കി മാറ്റിയ ദർശനമാണ് അവിടുത്തേത്. ഈ പുണ്യവേളയിൽ ഇസ്്ലാമിക സമൂഹത്തിനും ഭരണനേതൃത്വത്തിനും ജനങ്ങൾക്കും ആശംസകൾ നേരുന്നു. നന്മയും ഐശ്വര്യവും അനുഗ്രഹങ്ങളും നിറഞ്ഞതായി ഈ പുണ്യദിനം നമ്മിലേക്ക് വീണ്ടും കടന്നുവരാൻ പ്രാർഥിക്കുന്നു’ – ശൈഖ് ഹംദാൻ കുറിച്ചു.Content Highlights:UAE leaders extended warm Milad un Nabi greetings to Muslims worldwide on Prophet Muhammad’s birth anniversary. President Sheikh Mohamed bin Zayed and Sheikh Mohammed bin Rashid highlighted the Prophet’s legacy of mercy and tolerance. Leaders prayed for global peace, unity, and prosperity.