മനാമ: ഓൺലൈൻ വഴി വ്യാജ വാഗ്ദാനങ്ങൾ നൽകി ആളുകളിൽ നിന്നും കമ്പനികളിൽ നിന്നും 4,000 ബഹ്‌റൈൻ ദിനാറിലധികം തട്ടിയെടുത്ത കേസിൽ രണ്ട് ഏഷ്യൻ പൗരന്മാർ പിടിയിലായി. 24-ഉം 25-ഉം വയസ്സുള്ള യുവാക്കളെ മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്.മുൻപ് റദ്ദാക്കിയ ഒരു സി.ആറിന്റെ പേരിൽ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ഇന്റീരിയർ ഡിസൈൻ, കാർപെന്ററി ജോലികൾ ചെയ്തുനൽകാമെന്ന് പരസ്യം നൽകിയാണ് ഇവർ ആളുകളെ ആകർഷിച്ചിരുന്നത്. വാഗ്ദാനം വിശ്വസിച്ച് എത്തിയ ആളുകളിൽ നിന്ന് മുൻകൂറായി പണം വാങ്ങി പണികൾ ചെയ്തുനൽകാതെയും, ഒരു പ്രമുഖ കമ്പനിയിൽ നിന്ന് റോ മെറ്റീരിയലുകൾ വാങ്ങി പണം നൽകുന്നതിൽ വീഴ്ച വരുത്തിയുമാണ് ഇവർ തട്ടിപ്പ് നടത്തിയത്.പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് തുടരന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.The post അലങ്കാരപ്പണികളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്: രണ്ട് പ്രവാസികൾ ബഹ്‌റൈനിൽ അറസ്റ്റിൽ; 4,000 ദിനാറോളം കവർന്നു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.