പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം; നേതാക്കള്‍ തമ്മില്‍ വാക്‌പോര്

Wait 5 sec.

തിരുവനന്തപുരം | പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തിന് പിന്നാലെ സി പി എം-സി പി ഐ നേതാക്കള്‍ തമ്മില്‍ വാക്‌പോര്. പ്രതിപക്ഷ ഉപനേതൃസ്ഥാനം സി പി എമ്മിന് തന്നെയായിരിക്കും എന്ന പിണറായി വിജയന്റെ പ്രതികരണമാണ് വീണ്ടും തര്‍ക്കത്തിന് വഴിവെച്ചത്. ഇതിന് പിന്നാലെ പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി ഐ നേതാവ് സി ദിവാകരന്‍ രംഗത്തെത്തി. പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ മറുപടി പറയേണ്ടത് സി പി എമ്മാണെന്നും പിണറായി വിജയനോ എം വി ഗോവിന്ദനോ അല്ലെന്നും ദിവാകരന്‍ തുറന്നടിച്ചു. പിണറായി കാര്യങ്ങളെ നിസാരവത്കരിച്ചാണ് മറുപടി പറയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇടതുപക്ഷ പ്രസ്ഥാനത്തിന് പുതിയ മുഖങ്ങള്‍ വരണമെന്നും എന്നും ഒരേ മുഖങ്ങള്‍ കൊണ്ടുനടന്നിട്ട് കാര്യമില്ലെന്നും സി ദിവാകരന്‍ പ്രതികരിച്ചു.ഉപനേതാവ് സ്ഥാനത്തിന് സി പി ഐക്ക് അര്‍ഹതയുണ്ട്. സി പി ഐയുടെ പാര്‍ട്ടി ഘടകങ്ങള്‍ ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമാണത്. പത്തുകൊല്ലം പിണറായി വിജയനെതിരെ ഞങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. പറയാന്‍ ഇല്ലാത്തതു കൊണ്ടാണോ? വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞ നേതാവല്ലേ പിണറായി വിജയന്‍. ഉപനേതാവ് സ്ഥാനത്തെ കുറിച്ചുള്ള കാര്യത്തില്‍ സി പി എം മൗനത്തിലാണ്. കീഴ്‌വഴക്കങ്ങള്‍ മാറാന്‍ ഉള്ളതാണ്. അഭിപ്രായങ്ങള്‍ വരുമ്പോള്‍ എന്തിനാണ് ഇത്ര അസഹിഷ്ണുത. വിശാല കമ്മ്യൂണിസ്റ്റുകാരനായിരുന്നു വി എസ് അച്യുതാനന്ദന്‍. വി എസ് എല്‍ ഡി എഫ് കണ്‍വീനര്‍ ആയിരുന്നപ്പോള്‍ ഒരു തര്‍ക്കവും ഉണ്ടായിരുന്നില്ല. സി പി എം വലതുപക്ഷ വ്യതിയാനത്തിലേക്ക് പോകുന്നുവെന്ന് ജനങ്ങള്‍ക്ക് മനസിലായതിനാലാണ് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പരാജയപ്പെട്ടത്. ജനങ്ങള്‍ താത്ക്കാലിക ഷോക്ക് ട്രീറ്റ്‌മെന്റാണ് കൊടുത്തതെന്നും സി ദിവാകരന്‍ വിമര്‍ശിച്ചു.പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തര്‍ക്കങ്ങളില്‍ നേതാക്കള്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ രംഗത്തെത്തി. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്. ഇതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പിണറായിയുടെ പരാമര്‍ശം മുമ്പുണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിന്ന് വന്നതാണ്. ഇക്കാര്യത്തില്‍ സി പി എമ്മിന്റെ നിലപാട് പറയേണ്ടത് സംസ്ഥാന സെക്രട്ടറിയാണ്. മുന്നണിയിലെ പല കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നും ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു.പിന്നാലെ ടി പി രാമകൃഷ്ണന്റെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. ടി പി രാമകൃഷ്ണന്‍ പറഞ്ഞതാണ് എല്‍ ഡി എഫിന്റെ ഭാഷ എന്നും അതാണ് മുന്നണിയുടെ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. ടി പി രാമകൃഷ്ണന്‍ എടുത്ത സമീപനത്തോട് സി പി ഐക്ക് യോജിപ്പുണ്ട്. എല്ലാക്കാലത്തും ചര്‍ച്ചക്ക് വാതില്‍ തുറന്നു വെച്ച പാര്‍ട്ടിയാണ് സി പി ഐ എന്നും അത് ടി പി രാമകൃഷ്ണന് അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന് സി പി ഐ ആദ്യം പറഞ്ഞത് ടി പി രാമകൃഷ്ണനോടാണെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.Content Highlights:A sharp war of words erupted between CPM and CPI leaders following disputes over the Deputy Opposition Leader position. Both party leaders exchanged strong criticisms publicly. The internal rift within the coalition has sparked major political discussions across Kerala.