സിനിമകളിൽ വൾഗർ രംഗങ്ങളിൽ അഭിനയിക്കുന്നതിനോടും ഡയലോഗുകൾ പറയുന്നതിനോടും തനിക്ക് താത്പര്യമില്ലെന്ന് നടൻ നിവിൻ പോളി. കരിയറിന്റെ തുടക്കത്തിൽ ഒരു ഗാനരംഗത്തിൽ അത്തരമൊരു കാരണത്താൽ താൻ അഭിനയിക്കാൻ വിസമ്മതിച്ചു. തൂടർന്ന് എല്ലാ ഭാഗത്ത് നിന്നും തനിക്ക് വലിയ സമ്മർദ്ദമുണ്ടായി. അങ്ങനെ അതിന്റെ ലൈറ്റായ വേര്‍ഷനില്‍ ആ പാട്ട് അവസാനിക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ എടുത്ത അത്തരം തീരുമാനങ്ങളാകാം തന്റെ സിനിമകള്‍ക്ക് റിപ്പീറ്റ് വാല്യൂ ലഭിക്കാനുള്ള പ്രധാന കാരണം എന്നും നിവിൻ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിവിൻ പോളി. നിവിൻ പോളിയുടെ വാക്കുകൾ: ഞാന്‍ അഭിനയിച്ച സിനിമകളില്‍ ചില രംഗങ്ങള്‍ വരുമ്പോള്‍ തന്നെ ഇങ്ങനെ സംസാരിക്കാന്‍ പറ്റില്ലെന്ന് ഞാന്‍ പറയാറുണ്ട്. അനാവശ്യമായ രംഗങ്ങളാണെങ്കിലും ഡയലോഗാണെങ്കിലും നോ പറയും. അത് കുറച്ച് ക്ലീന്‍ ആയി ചെയ്യാമെന്നാണ് ഞാന്‍ പറയാറുള്ളത്. ഒരിക്കല്‍ ഞാന്‍ ചെയ്ത സിനിമയില്‍ ഇതുപോലെ ഒരു പാട്ടിന്റെ സീനുണ്ടായിരുന്നു. അതില്‍ പല രീതിയില്‍ അഭിനയിക്കാന്‍ എന്നെ സംവിധായകന്‍ നിര്‍ബന്ധിച്ചു. ഞാന്‍ ചെയ്യില്ലെന്നും നിങ്ങളെന്നെ സിനിമയില്‍ നിന്നും പുറത്താക്കിയാലും കുഴപ്പമില്ലെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ ഷൂട്ട് ചെയ്യാതെ ഒരുപാട് നേരം ഇരിക്കേണ്ടി വന്നിട്ടുണ്ട്.കരിയറിന്റെ തുടക്കത്തിലായിരുന്നു അത്. അതിനാല്‍ തന്നെ എല്ലാം ഭാഗത്ത് നിന്നും വലിയ സമ്മര്‍ദമായിരുന്നു. നമ്മള്‍ ന്യൂകമ്മര്‍ ആണല്ലോ. സിനിമയില്‍ പല ഭാഗത്തുള്ളവര്‍ വന്ന് നമ്മളോട് കാര്യങ്ങള്‍ പറയുമ്പോള്‍ നമുക്ക് പേടിയാകും. കൂടെയുള്ള ആക്ടേഴ്‌സ് എല്ലാം നമുക്ക് മുന്നറിയിപ്പ് തരും. പിന്നീട് നമ്മുടെ കടുംപിടിത്തമായിട്ടായിരിക്കും അതിനെ കാണുക. ഞാന്‍ പണമൊന്നുമല്ലല്ലോ ചോദിക്കുന്നത്. ഒരു വള്‍ഗര്‍ സീനില്‍ അഭിനയിക്കാന്‍ പറ്റില്ല എന്നല്ലേ പറയുന്നുള്ളൂ. അത് ചെയ്യില്ല എന്ന് പറയുന്നത് എന്റെ തീരുമാനമാണ്. അങ്ങനെ അതിന്റെ ലൈറ്റായ വേര്‍ഷനില്‍ ആ പാട്ട് അവസാനിക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഞാന്‍ അത്തരം തീരുമാനങ്ങള്‍ എടുത്തതായിരിക്കാം എന്റെ സിനിമകള്‍ക്ക് റിപ്പീറ്റ് വാല്യൂ ലഭിക്കാനുള്ള പ്രധാന കാരണം.