നേപ്പാള്‍ മിന്നല്‍ പ്രളയം: രക്ഷാപ്രവര്‍ത്തനതിന് 2000 സൈനികരെ വിന്യസിപ്പിച്ചു, 123 പേരെ രക്ഷപ്പെടുത്തി

Wait 5 sec.

കാഠ്മണ്ഡു|നേപ്പാള്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഏകദേശം 2,000 സൈനികരെ വിന്യസിപ്പിച്ചു. രസുവ, നുവാകോട്ട് ജില്ലകളിലാണ് കൂടുതല്‍ സേനയെ വിന്യസിപ്പിച്ചത്. 123 പേരെ രക്ഷാപ്രവര്‍ത്തക സംഘം രക്ഷപെടുത്തിയതായാണ് റിപ്പോര്‍ട്ട്. രക്ഷപ്പെടുത്തിയതില്‍ 21 ഇന്ത്യക്കാരുമുണ്ട്.മിന്നല്‍ പ്രളയത്തില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം ഉയരുകയാണ്. ഇതുവരെ 165 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. നേപ്പാളിലെ ദേശീയ ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 826 പേരെ കാണാതായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ 529 പേര്‍ വിനോദസഞ്ചാരികളാണെന്നാണ് വിവരം.ഇന്ന് രാവിലെ 6.30 മുതല്‍ ഹെലികോപ്ടര്‍ വഴി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ അറിയിച്ചു. ദുരിത ബാധിത പ്രദേശത്ത് അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നത് പുരോഗമിക്കുകയാണെന്ന് പ്രധാന മന്ത്രി വ്യക്തമാക്കി. നേപ്പാള്‍ പ്രധാന മന്ത്രി ഇന്ന് ദുരിത ബാധിത മേഖല സന്ദര്‍ശിച്ചിട്ടുണ്ട്.പ്രളയദുരന്തം നേപ്പാളിലെ വൈദ്യുതിവിതരണത്തെ ബാധിച്ചു. വിവിധ ജലവൈദ്യുത പദ്ധതികളിലെ 430 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പവര്‍സ്റ്റേഷനുകള്‍ പ്രളയത്തില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതിവിതരണം തടസപ്പെട്ടു.മിന്നല്‍പ്രളയം വന്‍നാശം വിതച്ച നേപ്പാളിലേക്ക് ഇന്ത്യയുടെ അടിയന്തരസഹായമെത്തി. താത്കാലിക ടെന്റുകള്‍, കമ്പിളി, ശുചിത്വ കിറ്റുകള്‍, സോളാര്‍ വിളക്കുകള്‍, മരുന്നുകള്‍ എന്നിവയടക്കം പത്ത് ടണ്‍ സാമഗ്രികള്‍ നേപ്പാളിലേക്ക് അയച്ചു.ഇന്ത്യ നേപ്പാളിനൊപ്പമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനും സഹായങ്ങളുമായും നേപ്പാളിലേക്ക് ഇന്ത്യയില്‍നിന്ന് ഇനി രണ്ട് വിമാനങ്ങള്‍ കൂടി അയക്കുമെന്ന് വ്യോമസേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്റ്ററുകളും നേപ്പാളിലേക്ക് അയക്കും.പ്രളയദുരന്തത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്നതിനിടെ ഇന്ത്യയുടെ സഹായത്തിന് നേപ്പാള്‍ നന്ദി അറിയിച്ചു. നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷായും വിദേശകാര്യ മന്ത്രി ഷിസിര്‍ ഖനാലുമാണ് ഇന്ത്യയുടെ സഹായത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചത്.Content Highlights:Around 2,000 soldiers were deployed for rescue operations in flood-hit regions of Nepal. Over 165 bodies have been recovered, while 826 people remain missing. India dispatched 10 tonnes of emergency relief materials, including medical supplies and temporary shelters, to support rescue efforts.