നേപ്പാളിലെ മിന്നൽ പ്രളയം: കാണാമറയത്ത് 320 ഇന്ത്യക്കാർ

Wait 5 sec.

ന്യൂഡല്‍ഹി | നേപ്പാള്‍- തിബറ്റ് അതിര്‍ത്തിയിലുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് 320 ഇന്ത്യന്‍ പൗരന്മാരെ ഇനിയും കണ്ടെത്താനോ ബന്ധപ്പെടാനോ സാധിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഇതിന് പുറമെ മറ്റു രാജ്യങ്ങളുടെ പൗരത്വമുള്ള നൂറിലധികം ഇന്ത്യന്‍ വംശജരുമായും ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യക്കാരെ സഹായിക്കുന്നതിനും നേപ്പാളിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമുള്ള നടപടികള്‍ ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്.അതിനിടെ, നേപ്പാളിലെ പ്രളയ പ്രദേശത്തു നിന്ന് രക്ഷപ്പെടുത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള 21 പേരെ ഇന്നലെ ഡല്‍ഹിയിലെത്തിച്ചു. കാഠ്മണ്ഡു വഴിയാണ് ഡല്‍ഹിയിലെത്തിച്ചത്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ വിമാനത്താവളത്തിലെത്തി ഇവരെ സന്ദര്‍ശിച്ചു. ചൈനീസ് അതിര്‍ത്തിയായ തിബറ്റില്‍ കുടുങ്ങിയ 96 ഇന്ത്യക്കാര്‍ നേപ്പാളിലേക്ക് കടന്നിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.400 ഇന്ത്യക്കാര്‍ സുരക്ഷിതര്‍നേപ്പാളിലെ ത്രിശൂലി വണ്‍ ജലവൈദ്യുത പദ്ധതിയിലെ 63 ഇന്ത്യന്‍ തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേപ്പാളിന്റെ ചൈനീസ് അതിര്‍ത്തിയിലുള്ള മറ്റ് 400 ഇന്ത്യന്‍ പൗരന്മാര്‍ സുരക്ഷിതരാണ്. ചൈനീസ് അതിര്‍ത്തിയില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും രക്ഷപ്പെടുത്തിയ ആളുകളെ നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ നടത്തിവരികയാണെന്നും മന്ത്രാലയം അറിയിച്ചു.അതേസമയം, നേപ്പാളിലേക്ക് സഹായങ്ങള്‍ അയക്കുന്നത് ഇന്ത്യ തുടരുകയാണ്. ദുരിതാശ്വാസ സാമഗ്രികളുമായി ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ടണല്‍ റെസ്‌ക്യൂ ടീമിന്റെ സഹായം നേപ്പാള്‍ തേടിയിട്ടുണ്ട്. ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി പ്രാഥമിക നിരീക്ഷണ സംഘത്തെ ഉടന്‍ അയക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതോടൊപ്പം മെഡിക്കല്‍ സംഘത്തെയും നിയോഗിക്കുന്നുണ്ട്.പ്രളയത്തില്‍ റോഡ് ഗതാഗതം വിച്ഛേദിക്കപ്പെട്ട പ്രദേശങ്ങളില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ബെയ്ലി പാലങ്ങളും സാങ്കേതിക സംഘങ്ങളെയും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു ബെയ്ലി പാലം ഇതിനകം തന്നെ നേപ്പാളിലുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയെയും ഉപകരണങ്ങളും വിട്ടുനല്‍കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നേപ്പാള്‍ സര്‍ക്കാറിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അയല്‍രാജ്യത്തിന് ആവശ്യമായ മറ്റെല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ സജ്ജമാണെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.മരണം 552മിന്നല്‍ പ്രളയത്തില്‍ മരണം 552 ആയി. നേപ്പാളില്‍ 547 പേരും തിബറ്റില്‍ അഞ്ച് പേരുമാണ് മരിച്ചത്. വിദേശികള്‍ ഉള്‍പ്പെടെ ദുരന്തത്തില്‍ മരിച്ചതായി നേപ്പാള്‍ അധികൃതര്‍ അറിയിച്ചു. ഇരു രാജ്യങ്ങളിലുമായി 1,300 ഓളം പേര്‍ ഇപ്പോഴും കാണാമറയത്താണ്. വീണ്ടും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. തിബറ്റന്‍ അതിര്‍ത്തിയിലെ തടാകം തകര്‍ന്നതിനെ തുടര്‍ന്നുള്ള അപകടസാധ്യത മുന്‍നിര്‍ത്തി സുരക്ഷാസേനാംഗങ്ങളോടും രക്ഷാപ്രവര്‍ത്തകരോടും ജാഗ്രത പാലിക്കാനും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനും നേപ്പാള്‍ പോലീസ് നിര്‍ദേശിച്ചിരുന്നു.ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച റാസുവ, നുവകോട്ട്, ഗോര്‍ഖ, ചിത്വാന്‍, ധാടിംഗ് എന്നീ ജില്ലകളില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഡസന്‍കണക്കിനു ചെറുപട്ടണങ്ങളെയും ഗ്രാമങ്ങളെയും തകര്‍ത്തെറിഞ്ഞ പ്രളയജലം ത്രിശൂലി, നാരായണി നദികളിലേക്കാണ് ഒഴുകിയെത്തിയത്. ഒട്ടേറെ പാലങ്ങളും ജലവൈദ്യുത പദ്ധതികളും തകര്‍ന്നു.തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും വിദേശ സഹായം ആവശ്യമില്ലെന്ന നിലപാട് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം തിരുത്തി. തങ്ങളുടെ സുരക്ഷാ ഏജന്‍സികള്‍ക്ക് ഈ ദൗത്യം കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ടെന്നാണ് നേപ്പാള്‍ നേരത്തേ വ്യക്തമാക്കിയിരുന്നത്. സാമ്പത്തിക സഹായമാണ് ആവശ്യമെന്നും പുനരധിവാസ, പുനര്‍നിര്‍മാണ ഘട്ടങ്ങളില്‍ അന്താരാഷ്ട്ര പിന്തുണ തേടുമെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്.എട്ട് മലയാളികള്‍ക്കായി തിരച്ചില്‍; 60 പേര്‍ സുരക്ഷിതര്‍തിരുവനന്തപുരം | നേപ്പാളിലെ മിന്നല്‍പ്രളയത്തില്‍ കാണാതായ എട്ട് മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയതായി നോര്‍ക്ക അധികൃതര്‍ അറിയിച്ചു.നേപ്പാളില്‍ കുടുങ്ങിയതായി സംശയിക്കുന്ന 82 പേരുടെ വിവരങ്ങള്‍ തേടിയാണ് കഴിഞ്ഞ ദിവസം നോര്‍ക്കയിലേക്ക് അന്വേഷണമെത്തിയത്. ഇവരില്‍ മലയാളികളായ 60 പേരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചതായി നോര്‍ക്ക അറിയിച്ചു. 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരായിരുന്നു. അവരുടെ വിവരങ്ങള്‍ അതത് സംസ്ഥാനങ്ങളിലേക്ക് കൈമാറി.ആസ്ത്രേലിയന്‍ പൗരത്വമുള്ള നാല് പേരടക്കം എട്ട് മലയാളികളെയാണ് കണ്ടെത്താനുള്ളതെന്നും നോര്‍ക്ക വ്യക്തമാക്കി. മൂന്ന് പേര്‍ എറണാകുളം, കൊല്ലം, കണ്ണൂര്‍ സ്വദേശികളും ഒരാള്‍ യു എസ് വിസയുള്ള കേരളത്തില്‍ നിന്നുള്ള വ്യക്തിയുമാണ്. ആസ്ത്രേലിയന്‍ പൗരത്വമുള്ള തൃക്കാവ് സ്വദേശി ശ്രീധരന്‍ അയ്യര്‍ (54), ഭാര്യ ലക്ഷ്മി, മക്കളായ ഋഷഭ് (24), രുദ്ര (22) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ 21നാണ് ആസ്ത്രേലിയയില്‍ നിന്ന് കാഠ്മണ്ഡുവിലെത്തിയത്. മിന്നല്‍ പ്രളയമുണ്ടാകുന്നതിന് ഏകദേശം മൂന്ന് മണിക്കൂര്‍ മുമ്പ് ഇവര്‍ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.Content Highlights:Severe flash floods in Nepal have left over 320 Indian nationals missing across affected regions. Local authorities along with rescue teams are conducting extensive search operations. The Indian embassy is closely monitoring the situation to assist affected citizens and coordinate relief efforts.