കുവൈത്ത് സിറ്റി | ഫ്രാന്‍സിന്റെ പരമോന്നത ദേശീയ ബഹുമതിയായ നാഷണല്‍ ഓര്‍ഡര്‍ ഓഫ് ദിലീജിയന് ഓഫ് ഓണര്‍ കുവൈത്ത് അമീര്‍ ശൈഖ് മിഷ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സമ്മാനിച്ചു. കുവൈത്ത് സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ഇമ്മാനുവല്‍ മാക്രോണ്‍. കുവൈത്തും ഫ്രാന്‍സും തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിലും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും അമീര്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി. ഫ്രഞ്ച് പ്രസിഡന്റിന് കുവൈത്തിന്റെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍ നല്കി അമീര്‍ ആദരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ മാക്രോണ്‍ വഹിച്ച പങ്ക് പരിഗണിച്ചാണിത്.ഇത് രണ്ടാം തവണയാണ് കുവൈത്തിന് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി ലഭിക്കുന്നത്. 2006ല്‍ അന്നത്തെ കുവൈത്ത് അമീര്‍ ആയിരുന്ന ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സ്വബാഹിനും ഫ്രാന്‍സിന്റെ നാഷണല്‍ ഓര്‍ഡര്‍ ഓഫ് ഓണര്‍ ബഹുമതി നല്കി ആദരിച്ചിരുന്നു. മുന്‍ യു എസ് പ്രസിഡന്റ് എഡ്വിറ്റ് ഡി ഐസണ്‍ ഹോവര്‍, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വളാദിമീര് പുടിന് എന്നീ ലോക നേതാക്കള്‍ക്കും നേരത്തെ ഈ ബഹുമതി ലഭിച്ചിരുന്നു.ഇമ്മാനുവല്‍ മാക്രോണിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് സാമ്പത്തികം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങി വിവിധങ്ങളായ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചര്‍ച്ചകളും നടന്നു. പ്രധാനപ്പെട്ട എട്ട് ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. ഇരു രാഷ്ട്രങ്ങളുടെയും നേതാക്കള്‍ തമ്മില്‍ കുവൈത്തിലെ ബയാന്‍ കൊട്ടാരത്തില്‍ ഔദ്യോഗിക ചര്‍ച്ച നടന്നു. കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അല്‍ അഹ്മദ് അല്‍ സബാഹ്, കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അല്‍ അഹ്മദ് അല്‍സബാഹ് തുടങ്ങിയവരും ഇരു രാജ്യങ്ങളിലെയും പ്രധാന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.Content Highlights:French President Emmanuel Macron awarded Kuwaiti Amir Sheikh Meshal Al-Ahmad Al-Jaber Al-Sabah France’s highest distinction. The honor was bestowed during an official visit to strengthen bilateral ties and cooperation. Both leaders discussed regional developments and strategic partnerships between the two nations.