കൊച്ചി സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം; നിർദേശങ്ങൾ നൽകിയത് ഉത്തരേന്ത്യൻ സ്വദേശിയെന്ന് പ്രതിയുടെ മൊഴി

Wait 5 sec.

കൊച്ചി| എറണാകുളം കടവുഭാഗത്തെ സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആക്രമണങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത് ഉത്തരേന്ത്യന്‍ സ്വദേശിയായ വിക്രം എന്നയാളാണെന്ന് കസ്റ്റഡിയിലുള്ള പ്രതി എബിന്‍ പോള്‍ മൊഴി നല്‍കിയതായി പോലീസ് വ്യക്തമാക്കി. എന്നാല്‍ വിക്രം തന്നെയാണോ സംഭവത്തിന് പിന്നിലെ ‘ബോസ്’ എന്ന കാര്യം അന്വേഷണ സംഘം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.എബിന്‍ പോള്‍ അംഗമായ ലോറന്‍സ് ബിഷ്ണോയിയുടെ പേരിലുള്ള ടെലഗ്രാം ഗ്രൂപ്പില്‍ വിക്രം എന്നയാളും അംഗമാണെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.സിനഗോഗ് ഉള്‍പ്പെടെ മൂന്ന് ഇടങ്ങളില്‍ പ്രതി ആക്രമണം നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മൂവാറ്റുപുഴ മേക്കപ്പാടത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ വാതിലിന് തീയിട്ടുകൊണ്ടാണ് പ്രതി ആദ്യ ആക്രമണത്തിന് ശ്രമിച്ചതെന്നാണ് വിവരം. കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ‘ബോസ്’ എന്നയാളുടെ നിര്‍ദേശപ്രകാരമാണ് തീയിട്ടതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ തെളിവെടുപ്പിനായി പ്രതിയെ കെട്ടിടത്തിലെത്തിക്കുകയും ചെയ്തു. ആക്രമണം പരിശീലനത്തിന്റെ ഭാഗമായിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ ഷോറൂമിന് തീയിട്ട സംഭവത്തിലും പ്രതിക്ക് പണം ലഭിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കോലഞ്ചേരി സ്വദേശിയായ എബിന്‍ പോളിന് ആക്രമണത്തിന് അഡ്വാന്‍സായി ഏകദേശം 5,000 രൂപ ക്രിപ്റ്റോകറന്‍സിയായി ലഭിച്ചെന്നാണ് കണ്ടെത്തല്‍. ടെലഗ്രാം ഐഡി വഴിയായിരുന്നുആശയവിനിമയം. സിനഗോഗ് ആക്രമണത്തിനും പ്രതിക്ക് പണം ലഭിച്ചതായാണ് പോലീസിന്റെ കണ്ടെത്തല്‍.സംഭവങ്ങളുടെ പിന്നിലെ ഗൂഢാലോചനയും സാമ്പത്തിക ഇടപാടുകളും വിശദമായി അന്വേഷിച്ചുവരികയാണ്. കേസില്‍ യുഎപിഎ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.Content Highlights:Police uncovered new details in the Ernakulam synagogue arson case after accused Ebin Paul confessed to following instructions from a North Indian handler named Vikram. Investigation revealed that the accused received cryptocurrency payments via Telegram for executing multiple arson attempts.