ചെന്നൈ | ഇന്‍സ്റ്റാഗ്രാമില്‍ 13 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഫിനാന്‍സ് ഇന്‍ഫ്ളുവന്‍സറെ ചെന്നൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും ‘ഫിനാന്‍സ് വിത്ത് ഹരീഷ്’ (Finance With Harish) എന്ന ജനപ്രിയ സാമൂഹിക മാധ്യമ ബ്രാന്‍ഡ് നടത്തിയിരുന്ന 27-കാരനായ വി ഹരീഷിനെയാണ് ചെന്നൈയിലെ വാടക വില്ലയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.വെഞ്ച്വര്‍ സ്റ്റുഡിയോ ആയ ‘സെമുരിയ ഇന്ക്’ (Zemuria Inc.)ന്റെ സി ഇ ഒ. ജേസണ്‍ സാമുവല്‍, ഹരീഷിനെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം നടത്തിയെന്ന് പിതാവ് ആരോപിക്കുന്നു. സാമുവലിന്റെ ആരോപണങ്ങളെ തുടര്‍ന്ന് ‘മെറ്റ’ (Meta) ഹരീഷിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം മറ്റൊരു അക്കൗണ്ട് വഴി വീഡിയോകള്‍ പുറത്തിറക്കി വരികയായിരുന്നു. ഇക്കാരണത്താല്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായ ഹരീഷ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പിതാവ് ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഹരീഷിന്റെ മരണത്തില്‍ താന്‍ ഞെട്ടിപ്പോയെന്ന് ഇന്നലെ വൈകിട്ട് ‘എക്സ്’ ല്‍ പങ്കുവെച്ച കുറിപ്പില്‍ ജേസണ്‍ സാമുവല്‍ പ്രതികരിച്ചു. എന്നാല്‍, ഹരീഷ് വസ്തുതകള്‍ തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നത് ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു., ഹരീഷ് ‘സെബി’ (SEBI) രജിസ്റ്റേര്‍ഡ് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസര്‍ (RIA) അല്ലെന്നും, ‘അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ’ (AMFI)യില്‍ നിന്നുള്ള രജിസ്ട്രേഷന് നമ്പര്‍ (ARN) അദ്ദേഹം അടുത്തിടെയാണ് നേടിയതെന്നും സാമുവല്‍ അവകാശപ്പെട്ടു.‘സംഭവിച്ച കാര്യത്തില്‍ ഞാന്‍ അഗാധമായ ദുഃഖത്തിലും തീരാവേദനയിലുമാണ്. ഞെട്ടിത്തരിച്ചുപോയ അവസ്ഥയിലായ ഞാന്‍, ഒരു ജീവന് നഷ്ടപ്പെട്ടതില്‍ അതിയായി ഖേദിക്കുന്നു. ഞാന്‍ അദ്ദേഹത്തെ സൈബര്‍ ആക്രമണത്തിന് വിധേയനാക്കിയിട്ടില്ല. അദ്ദേഹത്തിന് ലൈസന്‍സോ അധികാരമോ ഇല്ലെന്ന വസ്തുതയും, ലൈസന്‍സിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്കിയതും, സെബി, എ എം എഫ് ഐ എന്നിവയെ കബളിപ്പിച്ചതും ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. അതായത്, സെബിയുടെ ആര് ഐ എ (Registered Investment Adviser) അംഗീകാരമില്ലാതെ അദ്ദേഹം പ്രവര്‍ത്തിക്കുകയും, അടുത്തിടെ മാത്രം എ ആര് എന്‍ (AMFI Registration Number ) ലഭിച്ചിട്ടും തനിക്ക് എ എം എഫ് ഐ ലൈസന്‍സ് ഉണ്ടെന്ന് തെറ്റായി അവകാശപ്പെടുകയും ചെയ്തു. ചുരുക്കത്തില്‍, ഇതൊരു നിയമവിരുദ്ധ പ്രവര്‍ത്തനമാണ്.’ സാമുവല്‍ വിശദീകരിച്ചു.‘ശരിയായ സെബി ലൈസന്‍സ് നേടി തിരികെ വരാനും, നിയമപരമായി കാര്യങ്ങള്‍ ചെയ്യാനും ഞാന്‍ ആ വീഡിയോയില്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇത്രയും കടുത്തൊരു നടപടിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല, ആഗ്രഹിച്ചിരുന്നുമില്ല.’- സാമുവല്‍ പറഞ്ഞു.Content Highlights: A popular Instagram influencer with over 1.3 million followers was found dead in an apparent suicide. The grieving father publicly alleged that severe online cyberbullying and harassment drove the young star to take this extreme step. Police have launched a thorough investigation into the matter.